- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കോൺഗ്രസ് സവർക്കറെ കുറിച്ച് മിണ്ടില്ല; ഈ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ; നടപടി ശിവസേന അടക്കമുള്ളവരുടെ കടുത്ത എതിർപ്പിനെ തുടർന്ന്; ഇനി രാഹുൽഗാന്ധിയും വിമർശിക്കാനിടയില്ല; മഹാരാഷ്ട്രയിൽ പ്രശ്നം പരിഹരിച്ചിട്ടും കേരളത്തിൽ ഷൂ നക്കി വിവാദം തീരുന്നില്ല!
മുംബൈ: മഹാരാഷ്ട്രയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏറെ ആരാധകരുള്ള വ്യക്തിയാണ് വിനായക് ദാമോദർ സവർക്കർ എന്ന വിഡി സവർക്കർ. അതുകൊണ്ടുതന്നെ സവർക്കറെ നിന്ദിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന കോൺഗ്രസ- ശിവസേന സഖ്യത്തിൽ തന്നെ വിള്ളൻ ഉണ്ടാക്കിയിരിക്കയാണ്. സവർക്കർ തങ്ങളുടെ ദൈവമാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞതോടെ, ഈ വിഷയത്തിൽ പോര് രൂക്ഷമായി. എന്നാൽ ഇപ്പോൾ കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിഞ്ഞ കോൺഗ്രസ് അടവുമാറ്റുകയാണ്. മഹാസഖ്യത്തിലെ പ്രധാന പാർട്ടികൾക്ക് വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ആയയിനാൽ സവർക്കർ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.
പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ, രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ തന്റെ പേര് ഗാന്ധിയെന്നാണെന്നും മാപ്പ് പറയാൻ താൻ സവർക്കർ അല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് മുന്നറിയിപ്പുമായി ഉദ്ധവ് രംഗത്തെത്തിയത്. മാത്രമല്ല മഹാരാഷ്ട്രയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയും, രാജ്യത്തിനുവേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മനുഷ്യനെ നിന്ദിക്കുന്നതിനെതിരെ വികാരം ഉയർന്നിരുന്നു.
മഹാവികാസ് അഘാടി സഖ്യകക്ഷികൾക്കിടയിൽ സവർക്കറിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് കോൺഗ്രസ് സമ്മതിച്ചുതായി വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് ചവാൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ സത്യാവസ്ഥ ജനങ്ങൾ തീരുമാനിക്കട്ടെ.അതിൽ ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർക്കർക്ക് എതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗവും ബിജെപിയും രംഗത്തുവന്നിരുന്നു. രാഹുലിന് എതിരെ ഏക്നാഥ് ഷിൻഡെ സവർക്കർ ഗൗരവ് യാത്ര നടത്തി. ഇതിന് വൻ പിന്തുണ കിട്ടിയതോടെയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. വീരസവർക്കറിന്റെ സന്ദേശം സമാജത്തിൽ പ്രചരിപ്പിക്കാൻ അവസരമൊരുക്കിയതിന് കോൺഗ്രസ് നേതാവ് രാഹുലിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വർക്കർ ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്തത്. ഇത്തരം പ്രകോപനങ്ങൾ അദ്ദേഹം തുടർന്നും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഗഡ്കരി പറഞ്ഞു.
സ്വാതന്ത്ര്യവീര സവർക്കറുടെ ജീവിതവും ത്യാഗവും സമരവീര്യവും ഇന്ന് രാജ്യത്തെ ഓരോ വീടുകളിലും ചർച്ചയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.''ജാതിയുടെ എല്ലാ മതിൽക്കെട്ടുകളെയും തകർത്ത് ഹിന്ദുത്വം ജീവിതരീതിയാണെന്ന് പ്രവർത്തനത്തിലൂടെ ഉദ്ഘോഷിച്ച സാമൂഹ്യവിപ്ലവകാരിയാണ് സവർക്കർ. രാഹുൽ സവർക്കറിനക്കുറിച്ച് പഠിക്കണമെന്ന് ഞാൻ പറയില്ല. കുറഞ്ഞത് അപ്പൂപ്പൻ ഫിറോസും അമ്മൂമ്മ ഇന്ദിരയും മുമ്പ് പറഞ്ഞിട്ടുള്ളതെങ്കിലും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും കാട്ടണം''- നിതിൻ ഗഡ്കരി പറഞ്ഞു. സവർക്കർക്കെതിരായ രാഹുലിന്റെ പരാമർശത്തിനെതിരെ വീട് വീടാന്തരം കയറി ഇറങ്ങിയാണ് ബിജെപി മഹാരാഷ്ട്രയിൽ പ്രചാരണം നടത്തിയത്. ഇതോടെയാണ് കാറ്റ് മാറിവീശുകയാണെന്ന് അറിഞ്ഞ കോൺഗ്രസ് നിലപാട് മാറ്റിയത്.
കേരളത്തിൽ വിവാദം തീരുന്നില്ല
രാഹുൽ ഗാന്ധിയുടെ പരാമർശത്തോടെയാണ് കേരളത്തിലും സവർക്കർ ഷൂ നക്കിയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ പ്രചാരണം നടന്നത്. ഇസ്ലാമോ- ലെഫ്റ്റ് എന്ന് വിളിക്കുന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളായിരുന്നു ഈ പ്രചാരണത്തിന് പിന്നിൽ. പക്ഷേ മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് മാറ്റിയത് അറിയാതെ അവർ ഇപ്പോഴും പ്രചാരണം തുടരുകയാണ്.
പക്ഷേ നിഷ്പക്ഷമായി ചരിത്രം പരിശോധിക്കുമ്പോൾ, കൃത്യമായ രണ്ടുഘട്ടങ്ങൾ വീർ സവർക്കറുടെ ജീവിതത്തിൽ കാണാം. ദേശീയ സ്വതന്ത്ര്യസമരത്തിൽ പ്രചോദിതമായ വിപ്ലവകാരിയായ കൗമാരം. ഇക്കാലത്ത് അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി വാദിച്ച നേതാവ് ആയിരുന്നു. എന്നാൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കഴിഞ്ഞശേഷം, അദ്ദേഹം തിരിച്ചുവരുന്നത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ശത്രുപക്ഷത്ത് നിർത്തുന്ന ഹിന്ദുത്വവാദിയായിട്ടാണ്. അതിനുശേഷം ഹിന്ദുമഹാസഭയിലുടെ സാംസ്കാരിക ദേശീയതയുടെയും ഹിന്ദുത്വയുടെയും വക്താവായി. ഒടുവിൽ ഗാന്ധി വധത്തിൽ ആരോപിതനായി. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യത്തിന്റെ പാപക്കറയിൽനിന്ന് അദ്ദേഹത്തിന് പുർണ്ണമായും മോചിതനാവൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് പട്ടിണി കിടന്നാണ് അദ്ദേഹം ഋഷിതുല്യമായി മരണത്തെ സ്വയംവരിച്ചത്.
ആദ്യകാലത്ത് കമ്യുണിസത്തിന്റെ ആരാധകനായിരുന്നു സവർക്കർ. ലണ്ടനിലെ ഇന്ത്യാഹൗസിൽവെച്ച് ലെനിനുമായി അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ട്. സാറിസ്റ്റ് റഷ്യയിൽ ലെനിൻ നടത്തിയ മാറ്റങ്ങളെ സവർക്കർ പകീർത്തിക്കുന്നുണ്ട്. ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ സവർക്കറിനുവേണ്ടി ഹാജരായത് കാൾ മാർക്സിന്റെ ചെറുമകനായ ലോഗെസ്റ്റ് ആയിരുന്നു. ഇതിൽ നിന്ന് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സവർക്കറിന് ഉണ്ടായിരുന്ന ബന്ധം വ്യക്തമാണ്.ഈ തിരിച്ചറിവ് മൂലമാണ് എം.എൻ. റോയിയെയും ഇഎം.എസ്സിനെയും പോലുള്ളവർ സവർക്കറിന്റെ സംഭാവനകളെ കുറിച്ച് എഴുതിയത്. ഇഎംഎസ് എഴുതിയ 'ഹിസ്റ്ററി ഓഫ് ഇന്ത്യൻ ഫ്രീഡം സ്ട്രഗിൾ' എന്ന പുസ്തകം സവർക്കറിന്റെ സേവനങ്ങൾ എടുത്തുപയറുന്നുണ്ട്. സവർക്കർ, ജയിൽ മോചിതനായപ്പോൾ സ്വീകരിക്കാൻ പോയത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് എംഎൻ റോയ് അടക്കം ഉള്ളവർ ആണ്.
സവർക്കറിനെ ആദ്യമായി 'ധീര ദേശാഭിമാനി ' എന്ന് വിളിച്ചത് ഗാന്ധിജിയാണ്. 1921 ൽ പുറത്തിറങ്ങിയ യങ്ങ് ഇന്ത്യ പത്രത്തിൽ, ഗാന്ധിജി എഴുതിയ ലേഖനത്തിൽ അദ്ദേഹം സവർക്കറിനെ ധീരനായ ദേശാഭിമാനി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കെയാണ്, 1970 ജൂൺ 28 ന് സവർക്കറെ ആദരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്. 2005 ൽ ആൻഡമാനിൽ ആദ്യമായി നിർമ്മിച്ച വിമാനത്താവളത്തിന് സവർക്കറിന്റെ പേരിട്ടതും സംഘ പരിവാറുകാർ അല്ലായിരുന്നു.
ഈ പശ്ചാത്തലമൊക്കെ മറന്നാണ്, ഇന്ന് പലരും സവർക്കറെ വെറുമൊരു ഷൂ നക്കിയെന്ന് വിശേഷിപ്പിക്കുന്നത്. വ്യക്തിപരമായ സവർക്കറോളം ത്യാഗം സഹിച്ചവരെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അധികമൊന്നും കാണാൻ കഴിയില്ല. പക്ഷേ കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വിവാദം തുടരുകയാണ്.
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ