മലപ്പുറം: വായ്പാ തിരിച്ചടവ് മുടങ്ങി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഗർഭിണി അടക്കമുള്ള പട്ടികജാതി കുടുംബം വിറകുപുരയിൽ അഭയം പ്രാപിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ്ങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

സെപ്റ്റംബറിൽ തിരൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പൊന്നാനി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഗർഭിണി അടക്കമുള്ള ആറ് അംഗങ്ങളെ വഴിയാധാരമാക്കിയത്. ആലങ്കോട് ഏഴാം വാർഡിൽ തല ശിലാത്ത് വളപ്പിൽ ചന്ദ്രനും, കുടുംബവുമാണ് പ്രതിസന്ധിയിലായത്. 2014ലാണ് 3 ലക്ഷം രൂപ വായ്പയെടുത്തത്. വീട് വിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാലു ദിവസം മുമ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വിറകുപുരയായി ഇവർക്ക് അഭയം. ഇവരുടെ ദുരവസ്ഥ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. സംഭവം മാധ്യമങ്ങളിലൂടെയാണു അറിഞ്ഞതെന്നും ഇതിനെ തുടർന്നാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തതെന്നും കമ്മീഷൻ അറിയിച്ചു.

ആലംകോട് പഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന തലശ്ശിലാത്ത് വളപ്പിൽ ചന്ദ്രനും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ് ബാങ്കിന്റെ അപ്രതീക്ഷിത നടപടിയിൽ പെരുവഴിയിലായിരിക്കുന്നത്. ആറരവർഷം മുമ്പാണ് മകളുടെ വിവാഹാവശ്യത്തിനായി ചന്ദ്രൻ ചങ്ങരംകുളത്തെ സ്വകാര്യ ബാങ്കിൽ നിന്നു വായ്പയെടുത്തത്.

തുടർന്നു സാമ്പത്തിക പ്രതിസന്ധിയും കോവിഡും വില്ലനായി എത്തിയതോടെ തിരിച്ചടവ് മുടങ്ങി. വീട് വിറ്റ് കടം വീട്ടാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പല തവണ ബാങ്കുകാർ വീട്ടിൽ വന്ന് പണമടക്കാൻ ആവശ്യപ്പെട്ടെങ്കിലും കുടിശ്ശിക അടക്കം അഞ്ചര ലക്ഷം രൂപയോളം അടച്ച് ആധാരം തിരിച്ചെടുക്കാർ നിർദ്ധന കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടിയിലേക്ക് നീങ്ങിയത്.

ദിവസങ്ങൾക്കു മുമ്പാണ് അപ്രതീക്ഷിതമായി ബാങ്ക് ഉദ്യോഗസ്ഥർ എത്തി വീട്ടിലുണ്ടായിരുന്ന ചന്ദ്രനെയും ഭാര്യയും മക്കളെയും പുറത്താക്കി വീട് പൂട്ടി സീൽ വച്ചത്. എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്ന് നിൽക്കുകയാണ് ചന്ദ്രനും ഭാര്യയും ഗർഭിണിയായ മകളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം. ഭീതിയോടെയാണെങ്കിലും വീടിന് സമീപത്തെ വിറക് പുരയിൽ അന്തിയുറങ്ങുന്ന ചന്ദ്രനും കുടുംബവും ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുന്നതിനിടയിലാണു മനുഷ്യാവകാശ കമ്മീഷന്റെ നടപടി.