ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസിന്റെ കാറിൽ തട്ടിയ സ്‌കൂൾ ബസ് പൊലീസ് സ്‌റ്റേഷനിൽ അന്യായമായി പിടിച്ചിട്ടെന്നും, കുട്ടികൾ ബുദ്ധിമുട്ടിലായെന്നും ആരോപണം. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡീയം സ്‌കൂളിലെ ബസാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ടിവി വർഗീസിന്റെ ഇന്നോവ കാറിൽ ഇടിച്ചത്. ബസ് ഇല്ലാത്തതിനാൽ തിങ്കളാഴ്ച കുട്ടികളെ ടാക്‌സിയിലാണ് എത്തിച്ചത്.

സംഭവത്തിൽ കേസെടുത്തെന്നും നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് വാഹനം വിട്ടുനൽകുമെന്നും തങ്കമണി സി ഐ മറുനാടനെ അറിയിച്ചു.
സ്‌കൂൾ ബസ് പൊലീസ് അന്യായമായി പിടിച്ചെടുത്തെന്നും സംഭവത്തിൽ സി വി വർഗീസിന്റെ ഇടപെടൽ ഉണ്ടെന്നും മറ്റും പ്രചാരണം ശക്തമായിരുന്നു. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് സി ഐ സംഭവത്തിൽ പൊലീസ് നടത്തിയ ഇടപെൽ വിശദീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 തോടടുത്തായരുന്നു അപകടം. കാർ ഉദയഗിരി ഭാഗത്ത് പാതയോരത്ത് നിർത്തിയിട്ടിയിരിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവർ വാഹനത്തിന്റെ നാശ-നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാഹനം വിട്ടുനിൽകും. സി ഐ വ്യക്തമാക്കി.

പിന്നാമ്പുറം..

അപകടം നടന്നപ്പോൾ ബസ്സിൽ 20-ൽ താഴെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.ബസിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല.കാറിന്റെ പിൻഭാഗം ചളുങ്ങിയിരുന്നു.ഇരുകൂട്ടരും പ്രശനം ചർച്ചചെയ്തപ്പോൾ കാർ നന്നാക്കാൻ ഇൻഷ്വറൻസ് കമ്പനിയിൽ നിന്നും തുക ലഭ്യമാക്കാൻ ലക്ഷ്യമിട്ട് പേരിന് ഒരു പൊലീസിൽ കേസെടുപ്പിച്ചാൽ മതിയെന്നും തൽക്കാലം ബസ് സ്റ്റേഷനിൽ കൊണ്ടിടേണ്ടെന്നും ധാരണയായി.

ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്‌കൂൾ ബസ് ഓടി. ഞായറാഴ്ചയായപ്പോഴേയ്ക്കും അപകടം സംബന്ധിച്ച് ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തിൽപ്പെട്ട കാർ നന്നാക്കാൻ ഒരു ലക്ഷം രൂപ വേണമെന്നും കാർ നന്നാക്കി കിട്ടുന്നതുവരെ താൻ ഉപയോഗിക്കുന്ന ടാക്സി വാഹനത്തിന്റെ പണം നൽകണമെന്നും സി വി വർഗീസ് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടെന്നായിരുന്നു വ്യാപകമായി പ്രചരിച്ച വിവരം.

പണം നൽകാത്തതിനാൽ ബസ്സ് പിടിച്ചെടുക്കാൻ സി വി വർഗ്ഗീസ്, തങ്കമണി പൊലീസിൽ സമ്മർദ്ദം ചെലുത്തിയതായുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ഈ പ്രചാരണങ്ങളുടെ സത്യസ്ഥിതി ഇപ്പോഴും വ്യക്തമല്ല.ഏന്തായാലും ഞായറാഴ്ച സ്‌കൂൾ അധികൃതർ ബസ് സ്റ്റേഷനിൽ കൊണ്ടിട്ടു. ഇന്നലെ അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

സ്‌കൂൾ പിടിഎ പ്രസിഡന്റ് പറയുന്നത്..

അപകടം സംബന്ധിച്ച് പ്രചരിക്കുന്നതിൽ ഏറെയും വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്നും ഭാവിയിൽ ഈ അപകടത്തിന്റെ പേരിൽ സ്‌കൂളിന് ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവരുതെന്ന ലക്ഷ്യത്തിൽ പൊലീസ് നടപടികളോട് സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും പിടിഎ കമ്മറ്റി പ്രസിഡന്റും തങ്കമണി പഞ്ചായത്ത് അംഗവുമായ എൻ ആർ അജയൻ പറഞ്ഞു.

അപകടത്തിൽപ്പെട്ട കാർ സർവ്വീസ് സെന്ററിൽ കാണിച്ചപ്പോൾ കേടുപാടുകൾ തീർക്കാൻ 2 ലക്ഷത്തോളം രൂപ ചിലവുവരുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് കേസ് അതിന്റെ മുറയ്ക്കുതന്നെ നീങ്ങുന്നതാണ് ശരിയെന്ന് പിടിഎ കമ്മറ്റി ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.

പരീക്ഷക്കാലത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നുകരുതിയാണ് അപകടത്തിന് ശേഷം ബസ് പൊലീസ് സ്റ്റേഷനിൽ കയറ്റിയിടാതിരുന്നത്.കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞായറാഴ്ച ബസ് സ്റ്റേഷനിൽ എത്തിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൂടി കഴിഞ്ഞാൽ ബസ്് വിട്ടുനൽകുമെന്നാണ് പൊലീസ് അറയിച്ചിട്ടുള്ളത്.

സിവി വർഗീസിന്റെ അയൽക്കാരനാണ്.ഞങ്ങൾ മിക്കപ്പോഴും മുഖാമുഖം കാണുന്നവരാണ്.ഞങ്ങൾ തമ്മിൽ ഒരു പ്രശനവും ഇല്ല.അപകടത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയപ്പോൾ സി വി വർഗീസ് അപമാനിച്ച് അയച്ചതായുള്ള പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു അജയന്റെ പ്രതികരണം.