മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞ തങ്ങളുടെ പ്രിയ കൂട്ടുകാരെ അനുസ്മരിച്ച് ബി ഇ എം ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കഴിഞ്ഞ വർഷം പ്ലസ് ടു കോമേഴ്‌സിന് പഠിച്ചിരുന്ന അസ്ന കെ, പ്ലസ് വൺ സയൻസ് വിഷയത്തിൽ പഠിച്ചിരുന്ന ഷംന കെ, എട്ടാം ക്ലാസിൽ പഠിച്ചിരുന്ന ഷഫ് ല .കെ തുടങ്ങി മൂന്ന് സഹോദരികളെയാണ് പി ടി എ അനുസ്മരിച്ചത്.

അവധിക്കാലം കഴിഞ്ഞതറിയാതെ അവർ ഇപ്പോഴും നിത്യനിദ്രയിലാണ്. വേനലവധിക്കു ശേഷം ഇന്നാണ് സ്‌കൂളുകൾ തുറന്നത്. രണ്ട് മാസത്തെ ഇടവേളക്കുശേഷം പഴയ കളി കൂട്ടുകാരെ വീണ്ടും തിരയുമ്പോൾ പരപ്പനങ്ങാടി നഗരസഭയിലെ വിവിധ സ്‌കൂളുകളിലെ 10 വിദ്യാർത്ഥികളാണ് ഇന്ന് ആറടി മണ്ണിൽ നിത്യനിദ്രയിലുള്ളത്.

അവധിക്കാലത്ത് സന്തോഷ നിമിഷങ്ങൾ ചിലവഴിക്കാൻ താനൂർ തൂവൽ തീരത്ത് നിന്നും ബോട്ടിൽ കയറിയ പത്തു മക്കളാണ് നാടിന് കണ്ണീരോർമയായത്. നാടിനെ നടുക്കിയ താനൂർ പൂരപ്പുഴയിലെ ബോട്ടു ദുരന്തത്തിൽ ഒരു കുടുംബത്തിലെ 9 പേരടക്കം 19 പരപ്പനങ്ങാടി സ്വദേശികളാണ് അന്ത്യയാത്രയായത്. പുത്തൻ യൂണിഫോമും ബാഗും കുടയുമായി കുട്ടികളെ സ്‌കൂളിലേക്ക് യാത്രയയക്കേണ്ടിയിരുന്ന പുത്തൻ കടപ്പുറത്തെ കുന്നുമ്മൽ സൈതലവിയുടെ കുടുംബവും ഇന്നലെ ശോകമൂകമാണ്.

ഇവരുടെ മക്കളായ അസ്ന (പ്ലസ്ടു - ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ, പരപ്പനങ്ങാടി ) ഷംന (പ്ലസ് വൺ - ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ, പരപ്പനങ്ങാടി) ഷഫ്‌ള ( ഏഴാം ക്ലാസ്- ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂൾ, പരപ്പനങ്ങാടി) ഫിദ ദിൽന (രണ്ടാം ക്ലാസ് - നെടുവ സൗത്ത് എ.എം.എൽ.പി സ്‌കൂൾ, ചിറമംഗലം) സൈതലവിയുടെ സഹോദരൻ സിറാജിന്റെ മക്കളായ സഹ്റ ( രണ്ടാം ക്ലാസ് - ജി.എം.എൽ.പി സ്‌കൂൾ പരപ്പനങ്ങാടി ടൗൺ) ഫാതിമ റുഷ്ദ ( ഒന്നാം ക്ലാസ് - നെടുവ സൗത്ത് എ.എം.എൽ.പി സ്‌കൂൾ, ചിറമംഗലം)
കുന്നുമ്മൽ ജാബിറിന്റെ മകൻ ജരീർ (ഏഴാം ക്ലാസ് - എ.എം.യു.പി സ്‌കൂൾ ചിറമംഗലം ഈ കുരുന്നുകളായിരുന്നു ഇന്ന് സ്‌കൂളുകളിലേക്ക് കൈ വീശി യാത്ര പറഞ്ഞു പോകേണ്ടിയിരുന്നത്.

ഇവരുടെ ഓർമകൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണിൽ നനവ് പടർത്തുകയാണ്. നാലു പേർ മരിച്ച ചെട്ടിപ്പടിയിലെ ആയിഷാബിയുടെ മക്കളിൽ ഇനി രണ്ടു മക്കൾ മാത്രമാണ് ബാക്കിയുള്ളത്. വെട്ടികുത്തി വീട്ടിൽ സൈനുൽ ആബിദിന്റെയും ആയിഷാബിയുടെയും മക്കളായ ആദില ഷെറിൻ പത്താം ക്ലാസ് - അരിയല്ലൂർ എം.വി ഹയർ സെക്കൻഡറി സ്‌കൂളിലെ മികച്ച വോളിബോൾ പ്ലെയറും കൂടി ആയിരുന്നു.ചെട്ടിപ്പടി ഗവ.എൽ.പി സ്‌കൂളിലെ മുഹമ്മദ് അദ്നാനും, ഇക്കൊല്ലം ആദ്യമായി സ്‌കൂളിൽ പോകേണ്ടിയിരുന്ന അദ്നാന്റെ അനിയൻ മുഹമ്മദ് അർഷാനുമില്ലാത്ത പ്രവേശനോൽസവം സഹപാഠികൾക്കും പ്രിയ അദ്ധ്യാപകർക്കും നൊമ്പര സ്മരണകളാണ് ഉണർത്തുന്നത്.