കണ്ണൂർ: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്‌ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയ യുവതിക്കുനേരെ ഭീഷണിയെന്ന് ആരോപണം. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി മരിച്ച വേലായുധന്റെ അയൽവാസി സീന പറഞ്ഞു. അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞതായും അവർ വ്യക്തമാക്കി. ഇതിന് നല്ലവാക്കു കൊണ്ടുള്ള ഭീഷണിയായാണ് സീന വിലയിരുത്തുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ വെളിപ്പെടുത്തലുകളെ സിപിഎം തള്ളിയിരുന്നു. കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണ് യുവതിയുടേതെന്നും നാലുവർഷമായി പ്രദേശത്ത് അവർ താമസിക്കാറില്ലെന്നുമാണ് എരഞ്ഞോളി പഞ്ചായത്തംഗം നിമിഷയുടെ വാദം. അതിനിടെ സീനയുടെ വീട്ടിന് സുരക്ഷ പൊലീസ് നൽകുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഭീഷണിയും എത്തിയത്. പ്രദേശത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരാണ് വീട്ടിലെത്തിയതെന്ന് സീന പറയുന്നു. സ്ത്രീകളാണ് വന്നത്. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സീന രംഗത്തെത്തിയിരുന്നു. തേങ്ങയെടുക്കുന്നതിനിടയിൽ കിട്ടിയ സ്റ്റീൽപാത്രം വീടിന്റെ തറയോട് അടിച്ചപ്പോഴുണ്ടായ സ്‌ഫോടനമാണ് വേലായുധന്റെ മരണത്തിലേക്ക് നയിച്ചത്.

"ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമ്മാണ കേന്ദ്രങ്ങളാക്കുകയാണ്. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. കൊന്നാലും വേണ്ടില്ല സത്യം വിളിച്ചുപറയും. തേങ്ങയെടുക്കാൻ പോയപ്പോഴാണ് വേലായുധേട്ടൻ ബോംബ് പൊട്ടി മരിച്ചത്. വയലിൽ പുല്ലുപറിക്കാൻ സ്ത്രീകൾ പോകാറുണ്ട്. അവിടെയും ബോംബ് സൂക്ഷിച്ചാൽ പൊട്ടിത്തെറിക്കില്ലേ. ഇങ്ങനെ പോയാൽ കുഴിബോബ് കണ്ടെത്താൻ യന്ത്രം വേണ്ടിവരും. 15 വർഷംമുൻപ് വീട് വാടകയ്ക്കു നൽകി. അന്ന് വീട്ടിൽ ബോംബുണ്ടെന്നു പറഞ്ഞ് വാടകക്കാർ പേടിച്ച് വീട്ടിൽനിന്നു പോയി. മതിൽ കെട്ടിയ കല്ലിനുള്ളിൽവരെ ബോംബ് വെക്കാറുണ്ടായിരുന്നു. എന്തുകൊണ്ട് പൊലീസ് ഇത്തരം കാര്യങ്ങൾ അറിയുന്നില്ല. ഭരണഘടന വാഗ്ദാനംനൽകുന്ന സമാധാനം ലഭിക്കേണ്ടേ" -സീന പറഞ്ഞു.

മകളെ നിലക്ക് നിർത്തണമെന്നും പറഞ്ഞു മനസിലാക്കിയാൽ നല്ലതെന്നുമായിരുന്നു താക്കീത്. ഒരു പാർട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിർമ്മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് തുറന്ന് പറഞ്ഞതെന്നും സീന പറഞ്ഞു. തലശേരി എരഞ്ഞോളിയിൽ വർഷങ്ങളായി സ്ഥിരം ബോംബ് നിർമ്മാണം നടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അയൽവാസിയായ യുവതിയുടെ വെളിപ്പെടുത്തൽ. വേലായുധന്റെ വീട് സന്ദർശിച്ച നിയുക്ത വടകര എംപി ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

'പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്. ആരെങ്കിലും തുറന്നുപറഞ്ഞാൽ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെയിവിടെ ജീവിക്കാൻ അനുവദിക്കില്ല. ഒഴിഞ്ഞുകിടക്കുന്ന വീടുകളൊക്കെ അവരുടെ, പാർട്ടിക്കാരുടെ, ഹബ്ബാണ്. ഞങ്ങൾ സാധാരണക്കാരാണ്. മരിച്ചതും സാധാരണക്കാരനാണ്. ഞാൻ ഇതൊക്കെ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. തുറന്നുപറയുന്നതിനാൽ ഞങ്ങളുടെ വീടിനും ബോംബെറിയും. ആരു പറഞ്ഞോ അവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. പിന്നെ ഞങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. നിങ്ങൾക്കു സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക"- കൈകൂപ്പിക്കൊണ്ട് അവർ പറഞ്ഞു.

"ഇവിടെ അടുത്താണ് മുമ്പ് ഒരു ബിജെപിക്കാരന്റെ കാലു വെട്ടിയത്. പലരും പേടിച്ചിട്ടാണ് പുറത്തുപറയാത്തത്. ഞങ്ങൾ സാധാരണക്കാർക്ക് ഇവിടെ ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കണം. അത് അവകാശമാണ്. ബോംബ് പൊട്ടി മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മക്കൾക്കു ഭയമില്ലാതെ പറമ്പിലൂടെ പുറത്തിറങ്ങി കളിക്കാൻ കഴിയണം. അവർ ബോംബ് വീണു മരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ?

15 കൊല്ലം മുമ്പ് ഞങ്ങൾ വാടകയ്ക്ക് നൽകിയിരുന്ന വീടിന്റെ പറമ്പിൽ നിന്ന് മൂന്നു ബോംബുകൾ ലഭിച്ചിരുന്നു. തുടർന്ന് താമസക്കാർ ഒഴിഞ്ഞുപോയി. പൊലീസ് അറിയാതെ സിപിഎം പ്രവർത്തകർ അവ എടുത്തുമാറ്റി. ഇപ്പോൾ ഒരാൾ കൊല്ലപ്പെട്ടതിനാലാണ് ഇക്കാര്യങ്ങളൊക്കെ പുറത്തേക്കു വരുന്നത് "- അടുത്തുനിന്ന സ്വന്തം അമ്മ വിലക്കിയിട്ടും യുവതി വെളിപ്പെടുത്തി. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോൾ പറയുമെന്നും, ഇനി എത്രനാൾ പിടിച്ചുനിൽക്കാൻ പറ്റുമെന്നും അവർ അമ്മയോടു തിരിച്ചു ചോദിച്ചു-ഈ വെളിപ്പെടുത്തലാണ് വിവാദമായി മാറിയത്.