തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ ഒഴിവുള്ള റിസർച്ച് ഓഫീസർ (റിസർച്ച് & ഡോക്കുമെന്റേഷൻ)തസ്തികയിൽ അനധികൃതമായി ഇഷ്ടക്കാരെ നിയമിക്കുവാനുള്ള നീക്കം തകൃതിയെന്ന് ആരോപണം. ഇന്റർവ്യൂവിൽ അവസാന സ്ഥാനക്കാരിയും പ്രസ്തുത തസ്തികയ്ക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത ഇല്ലാത്തതുമായ ഈ വ്യക്തിയെ നിയമിക്കാനാണ് നീക്കം.

കണ്ണൂർ സർവ്വകലാശാലയിലെ അനധികൃത നിയമന മാതൃകയിലാണ് നീക്കം. ഈ നിയമനം കേസായി കിടക്കുകായണ്. ഇപ്പോഴും ഈ മാതൃകയിലെ രാഷ്ട്രീയ നിയമനങ്ങൾ കേരളത്തിൽ തുടരുകയാണ്. യോഗ്യരും അനുഭവസമ്പത്തുമുള്ള നിരവധി പ്രഗൽഭരായ അദ്ധ്യാപകരെ ഒഴിവാക്കി തലസ്ഥാനത്തെ ഭരണകക്ഷിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഭാര്യയുടെ സഹോദരിയെ നിയമിക്കുന്നതിനു വേണ്ടി ഇടപെടൽ ശക്തമാണെന്നാണ് ആരോപണം. സിപിഎമ്മിലെ ഉന്നതർ ഇതിന് വേണ്ടി ഇടപെടൽ നടത്തുന്നുണ്ട്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലും സംഭവം പെട്ടു. എന്നാൽ വേണ്ട ഇടപെടൽ മന്ത്രിയും നടത്തുന്നില്ല.

അതുകൊണ്ടു തന്നെ ചിലരുടെ സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാനാണ് നിയമന അട്ടിമറി നീക്കമെന്നാണ് സൂചന. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തക നിർമ്മാണം ഉൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ഇത്തരത്തിൽ അനധികൃതമായ നിയമനത്തിന് നീക്കം. പ്രസ്തുത തസ്തികയുടെ മാനദണ്ഡമായി പരാമർശിച്ചിട്ടുള്ള അദ്ധ്യാപക യോഗ്യതയോ ടീച്ചിങ് എക്‌സ്പീരിയൻസോ പിൻവാതിൽ നിയമനത്തിനായി ഇടപെടൽ നടത്തുന്ന ഈ വ്യക്തിക്ക് ഇല്ല എന്നുള്ളതാണ് വസ്തുതയെന്നാണ് ഇതിനെതിരെ നിലകൊള്ളുന്നവർ മറുനാടനോട് പ്രതികരിച്ചത്.

ഈ വ്യക്തി നിലവിൽ ജോലി ചെയ്യുന്ന കൽപിത സർവ്വകലാശാലയിലും പിൻവാതിലിലൂടെയാണ് നിയമനം ലഭ്യമാക്കിയതെന്ന ആക്ഷേപവും ഉദ്യോഗാർത്ഥികൾക്കിടയിൽ വ്യാപകമായി നിലനിൽക്കുന്നു. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നിർദ്ദേശത്തെ പോലും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഏകപക്ഷീയമായ നിലപാടുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുമ്പോട്ടു പോകുന്നുവെന്നാണ് ആരോപണം.