കോഴിക്കോട്: സിപിഐ വനിത നേതാവിന്റെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ ഒടുവിൽ പാർട്ടി നടപടി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗം കെ പി ബിജുവിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് നടപടി. ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു. പഞ്ചായത്ത് ഹാളിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു സിപി ഐ വനിതാ നേതാവിന്റെ പരാതി. തുടർന്ന് പീഡന കുറ്റം ചുമത്തി മേപ്പയ്യൂർ പൊലീസ് ബിജുവിനെതിരെ കേസെടുത്തിരുന്നു.

സിപിഐ നേതാവും പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകയുമായ വനിതയാണ് ബിജുവിനെതിരെ പരാതി നൽകിയത്. സെപ്റ്റംബർ ഒന്നിന് കുടുംബശ്രീ യോഗം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് സംഭവം. ബിജു തന്നെ പഞ്ചായത്ത് ഹാളിലേക്ക് വിളിച്ചെന്നും അവിടെ വെച്ച് തന്നെ കടന്നു പിടിച്ചെന്നുമാണ് ഇവരുടെ പരാതി. ഭയം കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് ബിജുവിനെതിരെ ബലാത്സംഗം കുറ്റം ചുമത്തി മേപ്പയ്യൂർ പൊലീസ് കേസെടുത്തത്.

തുടക്കത്തിൽ പരാതി വ്യാജമാണെന്ന നിലപാടിലായിരുന്നു സിപിഎം. ബിജുവിനെതിരായ നീക്കത്തിന് പിന്നിൽ സിപിഐയും കോൺഗ്രസും ആർഎംപിയുമാണെന്നായിരുന്നു ബിജുവിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രാദേശികമായി പ്രതിഷേധം ശക്തമാകുകയും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം നടപടി സ്വീകരിച്ചത്.

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചെറുവണ്ണൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ പി ബിജു പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുസ്ലം ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിന് മുമ്പ് യുഡിഎഫ്, മഹിളാ മോർച്ച നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടന്നു.  പഞ്ചായത്തിൽ സിപിഎം-സിപിഐ ഭിന്നത നേരത്തെ തന്നെ രൂക്ഷമായിരുന്നു.

എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കാണ് ലഭിച്ചത്. എന്നാൽ വനിതാ പ്രസിഡന്റിന് സിപിഎം പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നില്ലെന്നായിരുന്നു സിപിഐയുടെ ആരോപണം. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ചെറുവണ്ണൂരിൽ നടക്കുന്ന പൊതുപരിപാടിയിൽ നിന്നും മാറ്റി നിർത്തുകയും അർഹമായ പരിഗണന നൽകാതിരിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു സിപിഐ വ്യക്തമാക്കിയത്.

ഈ തർക്കം പിന്നീട് രൂക്ഷമാകുകയും സംഘർഷത്തിൽ ഉൾപ്പെടെ കലാശിക്കുകയും ചെയ്തിരുന്നു. പന്നിമുക്ക്-ആവള റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഠത്തിൽ മുക്കിൽ സി പിഐ നടത്തിയ റോഡ് ഉപരോധത്തിനിടെയായിരുന്നു സംഘർഷമുണ്ടായത്. ഇതിൽ സിപിഎം-സിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐയുടെ ചില പ്രമുഖ നേതാക്കൾ സി പി എമ്മിൽ ചേർന്നതും സിപിഐയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സിപി ഐ പ്രവർത്തക ബിജുവിനെതിരെ പരാതി നൽകിയത്.