- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ചു, കുറവൻകോണത്തെ വീട്ടുവളപ്പിൽ രണ്ടാം തവണ അതിക്രമിച്ചു കയറിയത് സംഭവം വാർത്തയായതിന് ശേഷവും; സംഭവ ദിവസവും സന്തോഷ് ഡ്യൂട്ടിക്കെത്തി; സിസി ടിവി ദൃശ്യം വന്നിട്ടും ഓഫിസിലുള്ളവർ സംശയിച്ചതുമില്ല; യാതൊരു പെരുമാറ്റദൂഷ്യവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ഓഫീസിൽ ഉള്ളവർ
തിരുവനന്തപുരം: മന്ത്രി ഓഫീസിലെ ജീവനക്കാരനാണ് മ്യൂസിയം റോഡിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കുകയും അർധരാത്രി കുറവൻകോണത്തെ വീട്ടുവളപ്പിൽ രണ്ടു തവണ അതിക്രമിച്ചു കയറുകയും ചെയ്തത് എന്ന വാർത്ത പുറത്തുവന്നതോടെ ഞെട്ടലിലാ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് ജീവനക്കാർ. ഒരിക്കൽ പോലും ഓഫീസിൽ അപമര്യാദയായി പെരുമാറാത്ത ആളായിരുന്നു സന്തോഷ് എന്നാണ് പൊതുവിൽ എല്ലാവരും പറയുന്നത്. അങ്ങനെയുള്ള ആളാണ് ഈ അതിക്രമങ്ങളെല്ലാം ചെയ്തതെന്ന വിശ്വസിക്കാൻ പലർക്കുമാകുന്നില്ല.
അതിൽ തന്നെ കുറവൻകോണത്തെ വീട്ടുവളത്തിൽ അതിക്രമിച്ചു കയറിയത് സംഭവം വിവാദമാകുകയും വാർത്ത പുറത്തുവരികയും ചെയ്തതോടെയാണ്. അർധരാത്രി കുറവൻകോണത്തെ വീട്ടുവളപ്പിൽ രണ്ടു തവണ അതിക്രമിച്ചു കയറി കതകു പൊളിക്കാൻ ശ്രമിക്കുകയും പുലർച്ചെയോടെ ഏതാണ്ട് 3 കിലോമീറ്റർ അകലെ മ്യൂസിയം റോഡിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കുകയും ചെയ്ത ശേഷം ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി സന്തോഷ് രാവിലെ മന്ത്രിയുടെ ഓഫിസിലെത്തി എന്നതു എല്ലാവരെയും നടുക്കുന്നതായി. പതിവു പോലെ ഇയാൾ ഡ്രെവറുടെ ജോലി ചെയ്യുകയും ചെയ്തു.
കഴിഞ്ഞ 26 മുതൽ പൊലീസിന്റെ കസ്റ്റഡിയിലാകുന്ന ചൊവ്വാഴ്ച വരെ സന്തോഷ് മുടങ്ങാതെ ജോലിക്കെത്തിയിരുന്നുവെന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ നായർ പറഞ്ഞു. കുറവൻകോണത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ മുഖം ഏറെക്കുറെ വ്യക്തമായി പതിഞ്ഞിരുന്നു. അന്നു രാവിലെ ഇക്കാര്യം ശ്രദ്ധയിൽ പെട്ട വീട്ടമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് ഈ ചിത്രങ്ങൾ സഹിതം എല്ലാ ചാനലുകളിലും പത്രങ്ങളിലും വിശദമായ വാർത്ത വന്നു. എന്നിട്ടും മന്ത്രിയുടെ ഓഫിസിലെ ആർക്കും സംശയം തോന്നിയില്ല.
അതിനിടെ അതിക്രമത്തിനെതിരെ വനിതാ ഡോക്ടറും പരാതി നൽകിയിരുന്നു. അവരുമായി സംസാരിച്ച് 29 ന് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. എന്നിട്ടും സന്തോഷിനെ ആരും സംശയിച്ചില്ല. അത്തരത്തിൽ സംശയിക്കേണ്ടതായ ഒരു പെരുമാറ്റദൂഷ്യവും സന്തോഷിൽ നിന്ന് ഉണ്ടായിട്ടില്ലെന്നാണു മന്ത്രിയുടെ ഓഫിസിലെ ജീവനക്കാർ പറയുന്നത്. ഒന്നര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. സ്ത്രീകളോടു മോശമായി പെരുമാറുന്നതായി രഹസ്യ പരാതി പോലും വന്നിട്ടില്ലെന്നു ഗോപകുമാർ നായർ പറഞ്ഞു.
രേഖാചിത്രം പുറത്തു വന്നതിനു പിന്നാലെ 30ന് സന്തോഷ് തല മൊട്ടയടിച്ചു. തലനീരായതിനാൽ മൊട്ടയടിച്ചുവെന്നാണ് ഓഫിസിൽ പറഞ്ഞത്. ജനറൽ ആശുപത്രിയിൽ നിന്ന് ഇതു പറഞ്ഞ് ഒപി ടിക്കറ്റും വാങ്ങി. ഒന്നാം തീയതി രാവിലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വൈകിട്ടോടെയാണു മന്ത്രിയുടെ ഓഫിസിൽ അറിയുന്നത്. സന്തോഷ് ആണു പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചപ്പോൾ ശരിക്കും ഞെട്ടിയെന്നാണ് മന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം.
സ്വന്തം ഇഷ്ടപ്രകാരം കാർ എടുത്തു രാത്രിയിലും കറങ്ങുന്നതിനെ ആരും ചോദ്യം ചെയ്തില്ലേയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല. അധിക ദൂരം ഓടാതെ നഗരത്തിൽ മാത്രം ഓടുന്നതു കൊണ്ടാണു കാറിന്റെ ദുരുപയോഗം അറിയാതെ പോയതെന്നാണു വിശദീകരണം. അതേസമയം സന്തോഷ് ലൈംഗിക വൈകൃതമുള്ള ആളെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരത്തു തന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലും പ്രതിക്കെതിരെ അന്വേഷണം നടക്കുന്നുവെന്നും ഡിസിപി അജിത് കുമാർ പറഞ്ഞു.
അന്വേഷണത്തിലോ ശക്തമായ വകുപ്പുകൾ ചേർക്കുന്നതിലോ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. പരാതിക്കാരിയുടെ ശക്തമായ നിലപാടും സഹായവും കേസ് അന്വേഷണത്തിൽ നിർണായകമായെന്നും ഡിസിപി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്നാണ് ഇയാൾക്കെതിരെ വന്ന പുതിയ പരാതി. അന്ന് ഇയാളെ പിടികൂടാനായില്ല. സന്തോഷ് അറസ്റ്റിലായതോടെ പെൺകുട്ടി ഇയാളെ തിരിച്ചറിയുകയായിരുന്നു. തന്നെ ആക്രമിച്ച പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമുണ്ടെന്ന് മ്യൂസിയത്തിൽ ആക്രമിക്കപ്പെട്ട യുവതി പ്രതികരിച്ചു. മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ആദ്യഘട്ടത്തിൽ വീഴ്ച്ചയുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. ഒരു ദൃശ്യമാധമത്തോടാണ് പരാതിക്കാരിയുടെ പ്രതികരണം.
സംഭവം നടന്ന ദിവസം അഞ്ചേമുക്കാലോടെ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എല്ലാവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പോയെന്ന് മറുപടി കിട്ടി. തുടർന്ന് 8.30 ന് എത്താൻ ആവശ്യപ്പെട്ടു. 10 മണിയോട് അടുത്ത് മൊഴിയെടുത്തു. ആദ്യം നീതി കിട്ടില്ലെന്നാണ് വിചാരിച്ചത്. എന്നാൽ ഡിസിപി ഇടപെട്ടപ്പോളാണ് നീതി കിട്ടിയതെന്നും യുവതി പറഞ്ഞു. പ്രതിയുടെ പശ്ചാത്തലം തന്നെ ഞെട്ടിച്ചെന്നും യുവതി വിശദീകരിച്ചു.
മ്യൂസിയം പരിസരത്ത് പ്രഭാതനടത്തത്തിനിറങ്ങിയ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെയെന്ന് തെളിഞ്ഞിരുന്നു. കുറവൻകോണത്ത് സ്ത്രീയുടെ വീട്ടിൽ കയറിയതിന് അറസ്റ്റിലായ സന്തോഷിനെ മ്യൂസിയം കേസിലും അറസ്റ്റ് ചെയ്തു. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25 ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സിസിടിവിയിൽ വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു.
ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിൽ. ഇറിഗേഷൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരാണെന്ന് തിരിച്ചറിഞ്ഞു, പിന്നാലെ ഡ്രൈവർ സന്തോഷിലേക്കും അന്വേഷണം എത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ