- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥലത്തില്ലാതിരുന്ന എബിവിപി നേതാക്കളെ വരെ അറസ്റ്റ് ചെയ്തു
പന്തളം: എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എബിവിപി സംഘർഷത്തെ തുടർന്നുണ്ടായ കേസുകളിൽ പൊലീസ് പക്ഷപാതിത്വം കാട്ടുന്നുവെന്ന് പരാതി. എസ്എഫ്ഐ നേതാക്കളെ മർദിച്ച കേസിൽ പങ്കില്ലാതിരുന്ന എബിവിപി നേതാക്കളെ വരെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്ത പൊലീസ്, എബിവിപി നേതാവിന്റെ വീട് അടിച്ചു തകർക്കുകയും മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ ഉരുണ്ടു കളിക്കുന്നുവെന്നാണ് ആക്ഷേപം. പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ പോയ അടൂർ പൊലീസിനെ ഉന്നതൻ ഇടപെട്ട് മടക്കി വിളിച്ചുവെന്നും ആക്ഷേപം ഉയരുന്നു. കേസിൽ പ്രതികളായി ഒളിവിൽപ്പോയ എബിവിപി നേതാക്കളെ സംഘപരിവാർ നേതൃത്വം സംരക്ഷിക്കുന്നില്ലെന്നും പറയുന്നു. എബിവിപി ജില്ലാ പ്രസിഡന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി രാജിക്കത്ത് നൽകിയെന്നും നേതൃത്വം അംഗീകരിച്ചില്ലെന്നുമാണ് ലഭിക്കുന്ന വിവരം.
പന്തളം കോളജിലെ എബിവിപി നേതാവ് ശ്രീനാഥിന്റെ ഏഴംകുളത്തുള്ള വീട് അടിച്ചു തകർത്ത കേസിലെ പ്രതികളെ തിരക്കി പോയ പൊലീസ് സംഘത്തെയാണ് ഉന്നതൻ മടക്കി വിളിച്ചതെന്ന് പറയുന്നു. പത്തോളം പേർ ചേർന്നാണ് വീട് ആക്രമിച്ചത് എന്നാണ് ശ്രീനാഥിന്റെ മാതാപിതാക്കളുടെ മൊഴി. വീട് പൂർണമായും അടിച്ചു തകർക്കുകയും മാതാവിനെയും പിതാവിനെയും മർദിക്കുകയും ചെയ്തു. മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് പോയത്. ഇവരുടെ വീടുകളിൽ പരിശോധന നടത്തുന്നതിനായിരുന്നു പോയത്. ആദ്യ വീട്ടിൽ കയറിയതോടെ പ്രതികൾ വിവരം മണത്തറിഞ്ഞ് മുങ്ങിയെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കളാണ് പ്രതികൾ. പാർട്ടി നിർദേശപ്രകാരമാണ് ഇവർ ആക്രമണത്തിന് മുതിർന്നത്. തുടക്കം മുതൽ തന്നെ പ്രതികളെ പിടിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായിരുന്നു.
ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും എൻഎസ്എസ് കോളജ് കവാടത്തിൽ ബാനർ ഉയർത്തിയതിനെ ചൊല്ലിയുള്ള തർക്കം ക്രിസ്മസ് ആഘോഷവേളയിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. കോളജ് യൂണിയൻ ചെയർമാൻ അടക്കമുള്ളവരെ എബിവിപിക്കാർ മർദിച്ചുവെന്നാണ് പരാതി. ഭിന്നശേഷി വിദ്യാർത്ഥിക്കും മർദനമേറ്റു. ഇതിന്റെ തുടർച്ചയെന്നോണം പന്തളത്തെ ആർഎസ്എസ് കാര്യാലയത്തിനും ഏഴംകുളത്തെ ശ്രീനാഥിന്റെ വീടിനും നേരെ ആക്രമണം ഉണ്ടായി. എസ്എഫ്ഐക്കാരുടെ പരാതിയിൽ പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന രണ്ട് എബിവിപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേരള സർവകലാശാല സെനറ്റലിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത സുധി സദൻ, വിഷ്ണു എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്നിട്ടു പോലും സാങ്കേതികത്വം പറഞ്ഞ് അറസ്്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
അതേ സമയം, എബിവിപി നേതാവിന്റെ വീടും ആർഎസ്എസ് കാര്യാലയവും അടിച്ചു തകർത്ത പ്രതികൾക്കെതിരേ അന്വേഷണത്തിന് യാതൊരു നടപടിയുമുണ്ടായില്ല. യുവമോർച്ച, എബിവിപി നേതാക്കൾ ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതിനിടെ കേസുമായി മുന്നോട്ടു പോകുന്നതിൽ സംഘപരിവാർ നേതൃത്വം അലംഭാവം കാണിച്ചുവെന്നും ആക്ഷേപമുയർന്നു. എബിവിപിയുടെ ജില്ലാ പ്രസിഡന്റ് രാജിക്കത്ത് നൽകിയെന്നും പറയുന്നു.
എബിവിപി നേതാവിന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടാൻ തിരുവല്ലയ്ക്ക് പോയത്. ഒരു വീട്ടിൽ കയറിയതിന് പിന്നാലെ വിളിയെത്തുകയും തുടർ നടപടിക്ക് കാത്തു നിൽക്കാതെ പൊലീസ് മടങ്ങുകയും ചെയ്തുവെന്നാണ് ആക്ഷേപം. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അവരെല്ലാം ഒളിവിലാണെന്ന് പൊലീസും പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെ നടത്താനാണ് നീക്കം.