- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവൾക്കു സ്വന്തമായി പറന്നുനടക്കണം, പുതിയ ഫാഷനിൽ നടക്കണം; അതൊന്നും ഞങ്ങളുടെ കുടുംബത്തിൽ വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല: വിവാഹമോചനത്തിന് മുമ്പേ ഉള്ള രണ്ടാം കെട്ടിന് ന്യായവുമായി ഭർത്താവിന്റെ ബന്ധുക്കൾ; സ്ത്രീധന പീഡനമെന്ന് ഷഹാനയും

സുൽത്താൻ ബത്തേരി: വിവാഹബന്ധത്തിൽ വിടവ് വീണ ദമ്പതികൾ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിക്കുക പതിവാണ്. കേസിലെ നെല്ലും പതിരും തിരിച്ചറിയാൻ വിശദമായ അന്വേഷണം തന്നെ വേണ്ടി വരും. സുൽത്താൻ ബത്തേരിയിൽ ഭർതൃവീട്ടിൽ പ്രതിഷേധവുമായി യുവതി എത്തിയത് വാർത്തയായിരുന്നു, ഭർതൃ പീഡന പരാതിയുമായി യുവതിയും 11 വയസുകാരി മകളുമാണ് രംഗത്തുവന്നത്. വിവാഹമോചന നടപടികൾ പൂർത്തിയാക്കാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭർതൃ വീട്ടിലെത്തി പ്രതിഷേധിച്ചു. ഭർത്താവ് മർദിച്ചു എന്നാരോപിച്ച് ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളും ചികിത്സ തേടുകയും ചെയ്തു.
നായ്ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദീഖിനെതിരെയാണ് ഷഹാന ബാനുവിന്റെ ആരോപണം. വിവാഹ മോചന നടപടികൾ പൂർത്തിയായിട്ടില്ലെന്നും മകൾക്കും തനിക്കും ചെലവിന് തരുന്നില്ലെന്നും ഷഹാന പറയുന്നു. ഇതിനിടയിൽ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞാണ് സിദ്ദീഖിന്റെ വീട്ടിലെത്തിയതെന്ന് ഷഹാന പറഞ്ഞു.
ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഷഹാന ഉയർത്തുന്നത്. ഭർതൃ പീഡനം ഏൽക്കണ്ടി വന്നു. ഭർത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നും ഷഹാന ആരോപിച്ചു. വിവാഹ മോചനത്തിന് മുന്നെ വീണ്ടും വിവാഹം കഴിച്ചു. മകൾക്കും ചെലവിന് പണം നൽകുന്നില്ലെന്നും ഷഹാന പറയുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഷഹാനയുടെ ഭർതൃവീട്ടുകാർ രംഗത്തെത്തി. മകൾക്ക് ചെലവിന് നൽകുന്നുണ്ട്. പ്രശ്നത്തിൽ പലപ്പോഴായി മധ്യസ്ഥത പറഞ്ഞതാണ്. ഷഹാനയും ബന്ധുക്കളും ഒത്തുതീർപ്പിന് വഴങ്ങിയില്ലെന്നും ഭർതൃവീട്ടുകാർ പറയുന്നു. ഷഹാനയുടെ പ്രതിഷേധത്തിനിടെ ബത്തേരി പൊലീസ് സ്ഥലത്തെത്തി. ഷഹാനയോട് നിയമപരമായി പരാതി നൽകാൻ നിർദ്ദേശിച്ച് യുവതിയേയും മകളേയും തിരിച്ചയച്ചു. എന്നാൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് ഷഹാനയുടെയും ബന്ധുക്കളുടേയും ആരോപണം.
''ഉപ്പ മരിച്ചുകഴിഞ്ഞ ശേഷം, അയാളും അയാളുടെ രണ്ടു സഹോദരിമാർ, അവരുടെ ഭർത്താവ് എന്നിവർ ചേർന്ന് എന്നെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. എന്റെ കയ്യിൽ ഇനി ഒന്നും കൊടുക്കാനില്ല. എല്ലാം ഞാൻ കൊടുത്തു. 37 പവനും മൂന്നു ലക്ഷം രൂപയും ഒക്കെ കൊടുത്തു. അയാൾ എന്റെ വീട്ടിൽ വന്ന് നിരന്തരം ശല്യം ചെയ്യുകയാണ്.'' ഷഹാന പറഞ്ഞു.
അതേസമയം, കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ജീവിതമാണ് പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് ഭർതൃവീട്ടുകാരുടെ വാദം. ഷഹാനയ്ക്ക് പറന്നു നടക്കണമെന്നും ഫാഷനിൽ ജീവിക്കണമെന്നും അതൊന്നും ഈ വീട്ടിൽ നടക്കില്ലെന്നുമാണ് ഭർതൃവീട്ടുകാരുടെ വാദം.
''എപ്പോഴും ആ കുട്ടി പ്രശ്‌നക്കാരിയാണ്. അവൾക്കു സ്വന്തമായി പറന്നുനടക്കണം. പുതിയ ഫാഷനിൽ നടക്കണം. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാൻ പറ്റില്ല. നല്ല പഠിക്കുന്ന കുട്ടിയാണ്. വീട്ടിലൊക്കെ നല്ല ഉപകാരം ചെയ്യുന്ന കുട്ടിയാണ്. പക്ഷേ, അവൾ ഭർത്താവിനെ അനുസരിക്കില്ല, വീട്ടുകാരെ അനുസരിക്കില്ല. അവൾക്ക് ഓടി പാടി നടക്കണം. അതാണ് അവളുടെ മെയിൻ ലക്ഷ്യം. ജിമ്മും മറ്റുള്ള പരിപാടികളുമൊക്കെ ആയിട്ട് അവൾ പുറത്ത് ആടിപ്പാടി നടക്കുകയാണ്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല.'' ബന്ധു അബ്ദുൽ അസീസ് പറഞ്ഞു.
ഷഹാനയുടെ പ്രതിഷേധത്തിനിടെ ബത്തേരി പൊലീസ് സ്ഥലത്തെത്തി. ഷഹാനയോട് നിയമപരമായി പരാതി നൽകാൻ നിർദ്ദേശിച്ച് യുവതിയേയും മകളേയും തിരിച്ചയച്ചു. എന്നാൽ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാണ് ഷഹാനയുടെയും ബന്ധുക്കളുടേയും ആരോപണം.


