പാലക്കാട്: ഹൈന്ദവ സമൂഹത്തിലെ കുട്ടികൾക്ക് ഇതരസമുദായങ്ങളിലേതു പോലെ മതപഠനത്തിന് സൗകര്യം വേണമെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ. സൺഡേ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് പോലെ, മദ്രസകളിൽ പഠിപ്പിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസം വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഏറ്റവും കുറഞ്ഞത് ഗീതയെക്കുറിച്ചും രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും എങ്കിലും കുട്ടികൾക്ക് ക്ലാസ് പഠിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഈ ദൗത്യം സന്യാസി വര്യമന്മാർ ഏറ്റെടുക്കണമെന്നും ഷാജൻ പറഞ്ഞു. പാലക്കാട് ചിന്മയ മിഷൻ ഏർപ്പെടുത്തിയ സത്യശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയാിയരുന്നു മറുനാടൻ എഡിറ്റർ. മാധ്യമ രംഗത്തെ സത്യസന്ധമായ പ്രവർത്തനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഷാജൻ സ്‌കറിയ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം:

ഇത്രയേറെ ആചാര്യന്മാർക്കൊപ്പം ഈ വേദിയിൽ ഇരിക്കാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ്. ഈ സന്യാസിവര്യന്മാരുടെ പേരെടുത്ത് പറയേണ്ട ആവശ്യമില്ല. പക്ഷെ, ചിദനന്ദപുരി സ്വാമിയോടൊപ്പവും, വിവിക്താനന്ദ സ്വാമിയോടുമൊപ്പം ഇരുന്നു എന്നത് മാത്രമല്ല, അഞ്ച് വർഷം ഒരുമിച്ച് പഠിച്ച എന്റെ പഴയ സുഹൃത്തായിരുന്ന സ്വാമി സസ്വരൂപാനന്ദ അവർകളോടൊപ്പം ഇരിക്കാൻ കഴിഞ്ഞതിലും ഭാഗ്യമുണ്ട്. ഞങ്ങൾ ഒരു നാട്ടുകാരാണ്. ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങളുടെ ക്ഷേത്രത്തിലേയ്ക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിച്ച് ഉത്സവ സമയത്ത് പ്രസംഗം നടത്തിയിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തോടൊപ്പം ഈ വേദിയിൽ ഇരിക്കാൻ സാധിച്ചതിലും ഞാൻ അഭിമാനിക്കുന്നു.

ഇത്രയേറെ ഭക്തർ ആചാര്യന്മാരെ കാണാൻ ഇവിടെ എത്തിയിരിക്കുന്നു എന്ന് പറയുമ്പോൾ ഈ സന്യാസിവര്യന്മാർക്ക് സന്തോഷം തോന്നും. കാരണം അവരുടെ പ്രഭാഷണം കേൾക്കാൻവേണ്ടി ഇങ്ങനെ ആളുകൾ കൂടുന്നത് കുറവാണ്. ഉത്സവപ്പറമ്പുകളിൽ മറ്റ് ആഘോഷങ്ങളുടെ ഭാഗമായി എത്തുന്ന വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാറുണ്ടെങ്കിലും പ്രഭാഷണം കേൾക്കുക എന്ന ആഗ്രഹത്തോടെ എത്തുന്ന ജനക്കൂട്ടം നിർഭാഗ്യവശാൽ കുറവാണ്.

എന്തുകൊണ്ടാണ് ഹിന്ദു ജനത അവരുടെ സ്വഭാഭിമാനം ഉയർത്തിക്കൊണ്ട് അവരുടെ ആചാര്യന്മാർ പറയുന്നത് കേൾക്കുന്നതിന് പോലും സമയം കണ്ടെത്താത്തത്? ഓർക്കൂ, കേരളത്തിലെ ഒരുമാതിരി എല്ലാവർക്കും അറിയാവുന്ന എല്ലാ സന്യാസിവര്യന്മാരും ഇവിടെ ഇരിക്കുകയാണ്. ഹൈന്ദവ സംസ്‌കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജില്ലയാണ് പാലക്കാട്. ഇവിടെ എത്തേണ്ടത് ഇത്രയും ആളുകളല്ല. ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിലെ ഇത്തരത്തിലുള്ള പരിപാടികളിൽ പതിനായിരവും, അമ്പതിനായിരവും ഒരു ലക്ഷവും പേരെത്തുന്നു.

എന്തുകൊണ്ടാണ് ഇത്രയധികം സന്യാസിവര്യന്മാർ ഇവിടെയെത്തിയിട്ടും ഇവിടെയുള്ള വിശ്വാസികളായ ഹിന്ദു ജനതയ്ക്ക് ഇങ്ങോട്ട് എത്തണം ഇവരുടെ വാക്കുകൾ ഒന്ന് കേൾക്കണം എന്ന് തോന്നാത്തത്? എന്നെ സങ്കടപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതും അത് തന്നെയാണ്. ഹിന്ദു വിശ്വാസിയുടെ പ്രശ്‌നം അവന്റെ പാരമ്പര്യം, അവന്റെ സംസ്‌കാരം, അവന്റെ ആത്മീയത, അവന്റെ ജീവൻ ഇത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ്.

ഞാൻ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സൺഡേ സ്‌കൂൾ പോയ ആളാണ്. എനിക്കതിൽ സന്തോഷവും അഭിമാനവുമുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ മതവും മതഗ്രന്ഥങ്ങളും ദൈവവുമൊക്കെ പഠിപ്പിക്കുമ്പോൾ ഇവിടെ നമുക്ക് ചോയ്‌സായി മാറുന്നു. ക്ഷേത്രങ്ങളിൽ, വലിയ ക്ഷേത്രങ്ങൾ ഒഴിച്ചാൽ നമ്മുടെ നാട്ടിലുള്ള ക്ഷേത്രങ്ങളിൽ ഒരു സമയത്ത് തൊഴാൻ പത്തോ പതിനഞ്ചോ ഇരുപതോ പേരിൽ കൂടുതൽ എത്താറുണ്ടോ, എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഈ ദൗത്യം സന്യാസിവര്യന്മാർ ഏറ്റെടുക്കാത്തത്. സൺഡേ സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് പോലെ, മദ്രസകളിൽ പഠിപ്പിക്കുന്നത് പോലെ ആഴ്ചയിൽ ഒരു ദിവസം നമ്മുടെ വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഏറ്റവും കുറഞ്ഞത് ഗീതയെക്കുറിച്ചും രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും എങ്കിലും കുട്ടികൾക്ക് ക്ലാസ് പഠിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല.

ഹിന്ദു ജനത ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഈ അറിവില്ലായ്മകൊണ്ടാണ്. ഞാൻ അത്ഭുതപ്പെടാറുണ്ട്. ഞാനിപ്പോൾ ശിവരാത്രിയെക്കുറിച്ച്, അല്ലെങ്കിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ച് സംസാരിക്കുമ്പോൾ, അല്ലെങ്കിൽ മൂകാംബിക ദേവിയെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ എന്റെ വീഡിയോകളിലൂടെ പറയുമ്പോൾ എല്ലാ ദിവസവും ക്ഷേത്രങ്ങളിൽ പോകുന്ന ഭക്തർ വന്നിട്ട് ഇത്രയും ഒരു ഉൾവിളി ഇപ്പോഴാണ് കിട്ടിയത് എന്ന് പറയും. എനിക്കതിൽ അഭിമാനം തോന്നാറില്ല. എനിക്ക് വീഴ്‌ച്ച തോന്നും. ഭക്തരായിരിക്കുന്നവർക്ക് മൂകാംബിക ദേവിയെ അറിയില്ല. അയോധ്യയുടെ പാരമ്പര്യം അറിയില്ല. ശ്രേഷ്ഠ ആരാധനയെക്കുറിച്ച് അറിയില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ? ഒന്നാം ക്ലാസ് മുതൽ കുട്ടികളെ പഠിപ്പിക്കാത്തതുകൊണ്ടാണ്. ഞാനൊക്കെ സൺഡേ സ്‌കൂളിൽ പോയത് ആഗ്രഹമുണ്ടായിട്ട് പോയതല്ല. നിർന്ധിച്ച് പോയതാണ്. പോകാതിരിക്കാൻ കഴിയില്ല. പോയില്ലെങ്കിൽ കല്യാണം കഴിക്കാൻ സർട്ടിഫിക്കറ്റ് കിട്ടത്തില്ല.

എനിക്ക് ഈ ആചാര്യന്മാരോട് അപേക്ഷിക്കാനുള്ളത് അടിയന്തിരമായി ഇടപെടേണ്ടത് അതിലാണ്. ഇപ്പോൾ ചിദാനന്ദപുരി സ്വാമിയെ മാത്രം എടുക്കുക. ഇവിടെയിരിക്കുന്ന പല സന്യാസിവര്യന്മരെയും പോലെ വലിയ ഒരു ശിഷ്യവൃന്ദങ്ങളൊന്നുമില്ല. അദ്ദേഹം ഏതെങ്കിലും അറിയപ്പെടുന്ന ഒരു പരമ്പരയുടെ ഭാഗമല്ല. അദ്ദേഹം ഹിന്ദു ധർമത്തിൽ വിശ്വസിച്ച് ചെറിയ ഒരു ക്ഷേത്രത്തിൽ ലളിത ജീവിതം നയിച്ച് ഈ നാട് മുഴുവൻ ഹിന്ദു ധർമം പ്രസംഗിച്ച് സ്വഭാവികമായി ഹിന്ദു ജനതയുടെ നേതാവായിമാറിയതാണ്. അദ്ദേഹം സ്വയം നേതാവാണ് എന്ന് പറഞ്ഞിട്ടില്ല. പക്ഷെ ഈ നാട്ടിലെ സകലർക്കും അറിയാം. അത് അദ്ദേഹത്തിന്റെ ധർമമായി ഏറ്റെടുത്തതാണ്. ഈ ഉത്തരവാദിത്തം ഹിന്ദു ജനത ഏറ്റെടുക്കണം. സ്വാമി വിവേകാനന്ദസ്വാമികൾക്ക് ശേഷം സ്വാമി ചിന്മയാനന്ദസ്വാമികളാണ് ലോകമെമ്പാടും ഈ ഹൈന്ദവ ശ്രേഷ്ഠ പാരമ്പര്യവും സംസ്‌കാരവും പഠിപ്പിച്ചത്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് വലിയ സന്തോഷമുണ്ട്. പ്രത്യേകിച്ച് എനിക്ക് വളരെ കണ്ണ് നിറഞ്ഞുപോയ ഒരു അനുഭവം ഉണ്ടായി. ആരെങ്കിലും എന്നോട് വന്ന് സംസാരിക്കുമ്പോൾ നമ്മുടെ ചാനൽ എന്ന് കേൾക്കുമ്പോൾ എനിക്കൊരു സുഖമാണ്. നിങ്ങളുടെ ചാനൽ, അല്ലെങ്കിൽ മറുനാടൻ എന്ന് കേൾക്കുന്നതിനേക്കാൾ നമ്മുടെ ചാനൽ എന്ന് കേൾക്കുമ്പോൾ വല്യ സന്തോഷമാണ്. ഞാൻ ഇന്നിവിടെ വന്നപ്പോൾ ഇവിടെ നിന്നെത്തി വിവിക്താനന്ദ സ്വാമികൾ എന്നോട് എന്റെ ചാനൽ എന്ന് പറഞ്ഞു. ആരുടെ സ്വാമികളുടെ ചാനൽ എന്ന് പറഞ്ഞു. പ്രസംഗത്തിലും എന്റെ ചാനൽ എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സന്തോഷവും നിർവൃതിയും തോന്നി. ആ ഒരു സന്തോഷം അത് എനിക്കിവിടെ കിട്ടിയിരിക്കുന്ന പുരസ്‌കാരത്തെക്കാൾ വലിയതാണ്. ഞാൻ ആർഷഭാരത സംസ്‌കാരത്തിൽ അഭിമാനിക്കുകയും അതേ സമയം ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കുകയും ചെയ്യുന്ന ആളാണ്. ഞാൻ ഹിന്ദുവാണെന്ന് പറയും, ക്രിസ്ത്യാനി ആയിരിക്കുമ്പോഴും. അതാണ് ഞാൻ മനസിലാക്കിയിരിക്കുന്ന ആ ഭാരത സംസ്‌കാരം.