- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളാ.... ഞാൻ പറഞ്ഞാൽ കേൾക്കും; ഈ കാട്ടിൽ എന്റെ കൺമുന്നിൽ വളർന്നതല്ലേ....; ഞാൻ ചെയ്തതു പോലെ ആരും ചെയ്യരുത്; എനിക്ക് ആനകളെ അറിയാം; ഭാവവ്യത്യാസം ഒറ്റ നോട്ടത്തിൽ മനസ്സിലാവും; കയർത്ത് സംസാരിക്കുന്നത് കേട്ട് കാട്ടിലേക്ക് മറഞ്ഞത് ചക്ക കൊമ്പൻ; ആ വൈറൽ വീഡിയോയിലുള്ളത് എലിഫന്റ് വാച്ചർ; മൂന്നാറിലെ ശക്തിവേൽ താരമാകുമ്പോൾ
മൂന്നാർ; വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനികം പുറത്തുവന്നിട്ടുണ്ട്. ഇവയിൽ പലതും കൗതുകത്തിന് വക നൽകുന്നതാണ്. ഇത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
മൂന്നാർ -പൂപ്പാറ പാതയിൽ ആനയിറങ്ങലിൽ നിന്നുള്ളതാണ് ദൃശ്യം. സ്‌കൂട്ടറിൽ എത്തിയ ഒരാൾ പാതയോരത്ത് നിൽക്കുന്നു. തൊട്ടുത്ത് ,തുമ്പി കൈനീട്ടിയാൽ പിടുത്തം കിട്ടുന്ന ആകലത്തിൽ ഒരു കാട്ടുകൊമ്പനെയും കാണാം. ഇയാൾ ആനയോട് എന്തൊക്കെയോ കയർത്ത് സംസാരിക്കുന്നു. ഇത് കേട്ടിട്ടെന്നവണ്ണം ആന അൽപ്പമൊന്ന് മുന്നോട്ടാഞ്ഞു. എന്നിട്ടും സ്‌കൂട്ടർ യാത്രക്കാരന് കുലുക്കമില്ല. ഏതാനും നിമഷങ്ങൾ ആനയും സ്‌കൂട്ടർ യാത്രക്കാരനും മുഖാമുഖം നോക്കി നിൽക്കുന്നു. പിന്നാലെ അനുസരണയുള്ള കൂട്ടിയെപ്പോലെ ആന ഏറെ ബദ്ധപ്പെട്ട് ഏലക്കാട്ടിൽ മറയുന്നു-ഇതാണ് വീഡിയോയുടെ ഉള്ളടക്കം.
വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ സാമൂഹിക മാധ്യമങ്ങൽ വൈറലായി. നിരവധി പേരുടെ ജീവനെടുത്ത ചക്കകൊമ്പനും മൂന്നാർ ഫോറസ്റ്റ് ഡിവിഷനിലെ എലിഫന്റ് വാച്ചർമാരിൽ ഒരാളായ ശക്തിവേലും തമ്മിലുള്ള 'സ്നേഹ പ്രകടന'മാണ് വീഡിയോയിലൂടെ പുറത്തുവന്നിട്ടുള്ളതെന്ന് പിന്നീട് വ്യക്തമായി. കാട്ടുകൊമ്പൻ പ്രദേശത്ത് നിലയുറപ്പിച്ചതിനെത്തുടർന്ന് പാതയിൽ വാഹനഗതാഗതം നിലച്ചിരുന്നെന്നും ആക്രമിക്കുമോ എന്ന ഭീതിയിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലെ യാത്രക്കാരിൽ ചിലർ വനംവകുപ്പ് ഓഫീസിലേയ്ക്ക് സഹായം തേടി വിളിച്ചെന്നും ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം താൻ സ്ഥലത്തെത്തിയതെന്നും ശക്തിവേൽ പറയുന്നു.
ഈ സമയം ഇതുവഴി എത്തിയ വാഹന ഡ്രൈവറാണ് ശക്തിവേൽ ആനയെ തുരത്തുന്ന ദൃശ്യം ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടത് എന്നാണ് വ്യക്തമായിട്ടുള്ളത്. വീഡിയോ തെറ്റായ സന്ദേശം പകരുന്നതാണെന്നും ഇത് പ്രചരിപ്പിച്ചത് ശരിയായില്ലെന്നും മറ്റുമുള്ള വിമർശനങ്ങളും ഇതിനകം ഉയർന്നിട്ടുണ്ട്. വീഡിയോ വൈറലായതിനെത്തുടർന്നാണ് മറുനാടൻ ശക്തിവേലിനെ തിരക്കി ഇറങ്ങിയത്. വീഡിയോയിൽ കൊമ്പൻ നിന്നിരുന്ന ഭാഗത്തുവച്ചാണ് കണ്ടുമുട്ടിയത്.
വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് നിരവധി പേർ തിരിച്ചറിഞ്ഞ് ,വിശേഷങ്ങൾ ചോദിക്കാനെത്തുന്നുണ്ടെന്നും ജോലി ചെയ്യുകമാത്രമായിരുന്നു ലക്ഷ്യമെന്നും വീഡിയോ പുറത്തുവന്നത് അടുപ്പക്കാർ പറഞ്ഞാണ് അറിഞ്ഞതെന്നും ശക്തിവേൽ പറഞ്ഞു. പടക്കം പൊട്ടിക്കാതെ ,പാട്ട കൊട്ടി പേടിപ്പിക്കാതെ കൊലകൊമ്പനെ കാടുകയറ്റിയ ശൈലിയെക്കുറിച്ചും തൊഴിൽ മേഖലയിലെ അനുഭങ്ങളെക്കുറിച്ചുമെല്ലാം ശക്തിവേൽ മറുനാടനോട് മനസ്സുതുറന്നു. 'പാവങ്ങളാ..ഞാൻ പറഞ്ഞാൽ കേൾക്കും. ഈ കാട്ടിൽ , എന്റെ കൺമുന്നിൽ വളർന്നതല്ലെ .. ആരോടു ചോദിച്ചാലും പറയും ചക്കകൊമ്പൻ എന്റെ വീടിന്റെ 50 മീറ്റർ അടുത്തുവന്ന് കിടന്നുറങ്ങാറുണ്ട്. വീട്ടുകാർക്ക് പേടിയാ.. പക്ഷെ എനിക്ക് ഇതുങ്ങളോടൊക്കെ സ്നേഹമാ..'- സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ശക്തിവേലിന്റെ ആദ്യപ്രതികരണം.
ചക്കകൊമ്പൻ ,അരിക്കൊമ്പൻ , മുറിവാലൻ കൊമ്പൻ എന്നീപേരുകളിൽ അറിയപ്പെടുന്ന 3 കൊമ്പന്മാരാണ് മേഖലയിലെ സ്ഥിരം പ്രശനക്കാർ. ഇവർ എത്തുമ്പോൾ കുഞ്ഞുങ്ങളും പിടിയാനകളും കൂടെയുണ്ടാവും. രണ്ട് ദശാബ്ദത്തിനുള്ളിൽ മേഖലയിൽ ആന ആക്രമണത്തിൽ ഏതാണ്ട് 20 പേരുടെ ജീവനെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്് മനസ്സിലാക്കിയിട്ടുള്ളത്. മാസങ്ങൾക്കുമുമ്പും സ്‌കൂട്ടർ യാത്രക്കാരനെ ആന ചവിട്ടികൊന്നിരുന്നു. രൂപത്തിലെ സവിഷേഷതകളും സ്വാഭവ വിശേഷങ്ങളും കണക്കിലെടുത്താണ് നാട്ടുകാർ കൊമ്പന്മാർക്ക് പേരുകൾ നൽകയിരിക്കുന്നത്. ചക്ക എവിടെയുണ്ടെങ്കിലും ചക്കകൊമ്പൻ അത് തിന്നാനെത്തും. പലവട്ടം റേഷൻ കടകളിൽ നിന്നും ചാക്കുകണക്കിന് അരി അരിക്കൊമ്പൻ അകത്താക്കിയിട്ടുണ്ട്. വാലിന് നീട്ടം കുറഞ്ഞതാണ് മൂന്നാമന് മുറിവാലൻ എന്ന് പേര് വീഴാൻ കാരണം.
ഈ കാട്ടിൽ തന്നെ പിറന്നുവീണവരാണ് ഈ കൊമ്പന്മാർ എന്നാണ് കരുതുന്നത്. 12 വയസുമുതൽ കാടിനെ അറിയാം. അതുകൊണ്ടുതന്നെ ആനകളെ മാത്രമല്ല, കാട്ടിലെ മറ്റുജീവികളെയും കാര്യമായി ഭയപ്പെടുന്നില്ല. ജീവികളുടെ സഞ്ചാരമേഖലയിലേയ്ക്കുള്ള കടന്നുകയറ്റം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ആനത്താരകളിൽ പലതും നഷ്ടമായി. ഫെൻസിങ് വേലികളും വ്യാപകമായി.ഇതിന്റെ ഫലമായി പാതയിലേയ്ക്കിറങ്ങിയാൽ കിലോമീറ്ററുകൾ നടന്നാലെ മറ്റൊരു ക്രോസിങ് പോയിന്റ് കാണാൻ കഴിയു എന്നതാണ് സ്ഥിതി.
വാഹനങ്ങൾ ചീറിപ്പായുന്നതിനാൽ റോഡ്് മുറിച്ചുകടക്കാതെ ആനക്കൂട്ടങ്ങൾ പാതയോരത്ത വനപ്രദേശത്ത് പതുങ്ങും. ഏറെ നേരം കാത്തുനിന്നിട്ടും ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാൻ കഴിയാത്ത ദേഷ്യത്തിലാവാം ആനകൾ വാഹനങ്ങൾ നേരെ ആക്രമണത്തിന് മുതിരുന്നതെന്നാണ് തന്റെ അനുമാനം. പടക്കം പൊട്ടിച്ചുള്ള ഓടിക്കലും മറ്റും മൂലം ദിക്കറിയാതെ ആനക്കൂട്ടം ഇടയ്ക്ക് ചിതറിയോടുന്നതും പതിവാണ്.ഇത് ഒരു പക്ഷെ ആനകളിൽ ആക്രമണ സ്വഭാവം വളരുന്നതിന് കാരണമായേക്കാമെന്നും കരുതുന്നു.
ഞാൻ ചെയ്തതുപോലെ ആരും ചെയ്യരുത്. എനിക്ക് ആനകളെ അറിയാം. അവയുടെ ഭാവവ്യത്യാസം ഒറ്റ നോട്ടത്തിൽ മനസ്സിലാവും. അത് തിരച്ചറിഞ്ഞ് അവസരത്തിനൊത്താണ് പെരുമാറുന്നത്.കാട്ടാനയ്ക്ക് മുന്നിൽ നിന്ന് സെൽഫിയെടുക്കാനും അവയെ പ്രകോപിപ്പിച്ച് സന്തോഷം കണ്ടെത്താനുമൊന്നും ശ്രമിക്കരുത്. ഇത് ഒരു പക്ഷെ ജീവൻ നഷ്ടപ്പെടുന്നതിന് വരെ കാരണമായേക്കാം. വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ തനിക്ക് പങ്കില്ല. മേലിൽ ഇത്തരത്തിൽ പെരുമാറരുതെന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട ഉദ്യോദ്യാഗസ്ഥരും നിർദ്ദേശിച്ചിട്ടുണ്ട്-ശക്തിവേൽ വാക്കുകൾ ചുരുക്കി.
മറുനാടന് മലയാളി ലേഖകന്.