കോഴിക്കോട്: കേരളത്തിൽ സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങൾ സജീവമായതോടെ മതരഹിതരായ മനുഷ്യരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. മറ്റുള്ള മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ എണ്ണമാണ് ഇപ്പോൾ കൂടിവരുന്നത്. എക്സ് മുസ്ലിം മൂവ്മെന്റ് കേരളത്തിൽ അതിശക്തമാണ്. അതുപോലെ എസ്സെൻസ് ഗ്ലോബൽ എന്ന സ്വതന്ത്രചിന്താ പ്രസ്ഥാനവും കേരളത്തിൽ ആയിരങ്ങൾ അണിനിരക്കുന്ന പരിപാടികൾ നടത്തുന്നുണ്ട്. പക്ഷേ ഇതിനിടിയിലും ഇസ്ലാം ഉപേക്ഷിക്കുന്ന വ്യക്തികൾ കടുത്ത സംഘർഷത്തിലുടെയാണ് കടുന്നുപോകുന്നത്. നേരത്തെ ചെമ്മാട് ദാറൂൽഹുദയിൽ ഹുദവി പട്ടത്തിന് പഠിച്ചിരുന്ന അസ്‌ക്കർ അലി ഹുദവി മതം ഉപേക്ഷിച്ച് നാസ്തികതയിലേക്ക് വന്നതോടെ, വധഭീഷണിയാണ് ഉണ്ടായത്. ഇന്ത്യൻ ആർമിയെക്കുറിച്ചും മറ്റു മതസ്ഥരെക്കുറിച്ചും ഒരു ദുഷിച്ച ചിത്രമാണ്, മത പഠനത്തിലുടെ കിട്ടുന്നത് എന്ന അസ്‌ക്കർ അലിയുടെ വാക്കുകൾ വൻ വിവാദം ആയിരുന്നു. അതിന്റെ പേരിലും അസ്‌ക്കർ അലിക്കുനേര വധഭീഷണി ഉണ്ടായി.

എന്നാൽ ഈ പീഡനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് എന്നാണ് ഇസ്ലാമിസ്റ്റുകൾ പറയാറുള്ളത്. തങ്ങളുടെ മതം വിടുന്നവരെ ഒന്നും ചെയ്യില്ല എന്ന് ഇവർ പറയുമ്പോഴും ഇസ്ലാം ഉപേക്ഷിക്കുന്നവർക്കുനേരെ പീഡനങ്ങൾ തുടരുകയാണ്. ഇപ്പോൾ മതവിശ്വാസത്തിന്റെ പേരിൽ താൻ നേരിട്ട പീഡനങ്ങൾ പരസ്യമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുകൊണ്ട് ഒരാൾ കൂടി ഇസ്ലാം ഉപേക്ഷിച്ചിരിക്കയാണ്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും വിമുക്തഭടനുമായ ഷാൻ ആണ് തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'എന്റെ മാതാവ് എന്നോട് പറഞ്ഞു, നിനക്ക് എന്റെ മകനാകണമെങ്കിൽ ഇസ്ലാമിൽ തന്നെ തുടരണം, അല്ലെങ്കിൽ ഈ ബന്ധത്തിന് അർത്ഥമില്ല ! മദ്രസയിൽ പഠിക്കുമ്പോൾ തന്നെ മാനുഷിക വിരുദ്ധമായ വിഷയങ്ങളാണ് മദ്രസയിൽ പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു, ഒരായിരം സംശയങ്ങളുടെ മുൾമുനയിൽ നിന്നു കൊണ്ട് ഞാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. എന്റെ സംശയങ്ങൾക്ക് മറുപടിയായി നല്ല ചുട്ട അടി ആയിരുന്നു മദ്രസയിലെ ഉസ്താദിന്റെ കൈയിൽ നിന്ന് കിട്ടിയിരുന്നത്. വീട്ടിൽ വന്നാൽ ഉമ്മയുടെ കയ്യിൽ നിന്ന് ബാക്കി. അതോടെ ചോദ്യങ്ങൾ ചോദിക്കുന്നത് ഭയമായി. എല്ലാം ഉള്ളിനുള്ളിൽ വിങ്ങിപൊട്ടി.

എന്നെ ഒരു ഉസ്താദ് ആക്കണമെന്നായിരുന്നു മാതാവിന്റെ ആഗ്രഹം. ഏഴാംക്ലാസ് മദ്രസ പഠനം കഴിഞ്ഞപ്പോൾ ഒരു ദർസിൽ ചേർക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി. നിരന്തരമായി ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നടന്നു. വെറുപ്പും വിദ്വേഷവും ഏറ്റുവാങ്ങി അടിമുടി മതത്തിൽ കുളിച്ചു നിന്നിരുന്ന എന്റെ ഗ്രാമവും എന്റെ കുടുംബവും എന്റെ ആഗ്രഹങ്ങളെ തിരിച്ചറിഞ്ഞില്ല ഒരു വിശ്വാസി എന്ന വ്യാജേന തുടർന്നു. ഒരുപാട് മാനസിക സംഘർഷങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ പത്താം ക്ലാസ് പഠിച്ച പാസാവാൻ കഴിഞ്ഞു. ഹയർസെക്കൻഡറി വിദ്യാഭ്യാസമാണ് എന്നെ ഒരു ഇന്ത്യൻ പൗരൻ ആക്കിമാറ്റിയത്. എനിക്ക് കിട്ടിയ വിഷയം ഹ്യുമാനിറ്റീസ് ആയിരുന്നു. പൗരാവകാശങ്ങൾ മനസ്സിലാക്കിയതിനുശേഷം 18 വയസ്സിനു മുമ്പ് തന്നെ ഒരു ജോലിക്ക് വേണ്ടി ഞാൻ തയ്യാറെടുപ്പുകൾ നടത്തി. രാജ്യസേവനമായിരുന്നു ഞാൻ തിരഞ്ഞെടുത്ത പാത.

അല്ലാഹുവിന് വേണ്ടി നിരന്തരം പ്രാർത്ഥനയിൽ ഏർപ്പെടുന്ന ഒരു ഉസ്താദ് ആകുന്നതിലും ഭേദം ഞാൻ ജനിച്ച രാജ്യത്തിന്റെ സംരക്ഷകൻ ആകാനായിരുന്നു എനിക്കിഷ്ടം. ആരുമറിയാതെ ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങൾ ഞാൻ തുടർന്നു. അവസാനം ആ ദിവസം വന്നു ചേർന്നു എല്ലാ ടെസ്റ്റുകളും പാസായി പോകാനുള്ള ദിവസമെടുത്തു. ഏറ്റവും അടുത്ത ഒരു സുഹൃത്തിനെയും കുടുംബത്തെയും വിവരമറിയിച്ചു. കാര്യമായ സഹകരണം ഉണ്ടായില്ല. ട്രെയിനിങ് എല്ലാം കഴിഞ്ഞ് ഒരു പൂർണ്ണ സൈനികനായി ഞാൻ വീട്ടിൽ വന്നപ്പോൾ, ഒരു ഉസ്താദ് വീട്ടിൽ വന്നു കഴിഞ്ഞാൽ അദ്ദേഹത്തിന് കിട്ടുന്ന ബഹുമാനവും സ്നേഹവും ആയിരുന്നില്ല എനിക്ക് കിട്ടിയിരുന്നത്. ഞാൻ ഒരു രണ്ടാംകിട ആളായിട്ടാണ് എന്റെ വീട്ടുകാർ എന്നെ കണ്ടിരുന്നത്. അപ്പോഴും ഞാൻ ഒരു കപട വിശ്വാസിയായി തുടർന്നുകൊണ്ടേയിരുന്നു.

അതിനു കാരണം ഞാൻ ഒരുപാട് സ്നേഹിക്കുന്ന ബന്ധങ്ങൾ ആയിരുന്നു, കുടുംബങ്ങളായിരുന്നു നല്ല സുഹൃത്തുക്കളായിരുന്നു. നീണ്ട 12 വർഷ സൈനിക സേവനത്തിന് ഒടുവിൽ മാനുഷിക വിരുദ്ധമായ മത ചടങ്ങുകളും മത പഠനങ്ങളും എതിരെ ഞാൻ ശബ്ദമുയർത്തി തുടങ്ങി. വിശ്വാസികളുടെ മനുഷ്യത്വരഹിതമായ നടപടികളെ ഞാൻ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തു. മത വിശ്വാസം ഇല്ലെങ്കിൽ മതത്തിലുള്ള പൊള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞു കഴിഞ്ഞാൽ രക്തബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങൾക്കും സ്ഥാനം ഇല്ല എന്ന് മനസ്സിലായി. സുഹൃത്തുക്കളുടെ അടുത്തു നിന്നും കുടുംബത്തിൽ നിന്നും അറപ്പും വെറുപ്പും ആണ് എനിക്ക് ലഭിച്ചത്.

കഴിഞ്ഞ ഒക്ടോബർ രണ്ടിന് സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിച്ച സ്വതന്ത്ര ചിന്താ സെമിനാറിൽ പങ്കെടുത്തു അറിഞ്ഞ നിമിഷം തൊട്ട് എന്റെ വീട്ടുകാർ എന്നെ കൂടുതൽ ഒറ്റപ്പെടുത്താൻ തുടങ്ങി. ജനാധിപത്യ ബോധം ഇല്ലാത്ത പൗരാവകാശങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത മതനിയമങ്ങൾക്കുള്ളിൽ ചുറ്റിവളഞ്ഞ് ശ്വാസം മുട്ടി നിൽക്കാൻ എനിക്ക് കഴിയില്ല എന്ന പൂർണ്ണ ബോധത്തോടുകൂടി ഇന്നലെ ഞാൻ എന്റെ വീട് വിട്ടിറങ്ങി. (7 ഒക്ടോബർ 22) ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല യഥാർത്ഥ ഇസ്ലാം. കാരണം വിമർശനങ്ങൾ നേരിടുവാനുള്ള പക്വത ഇസ്ലാമിലില്ല. ഇസ്ലാമിൽ ജനാധിപത്യ മര്യാദകളും ഇല്ല. ആരോടും വെറുപ്പില്ല എല്ലാവരോടും സ്നേഹം മാത്രം.''- ഇങ്ങനെയാണ് ഷാനിന്റെ പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ ഈ പോസ്റ്റിന് താഴേയും മത മൗലികാവാദികൾ ഭീഷണി കമന്റുകളും ശാപാവാക്കുകളും ഇടുകയാണ്.