- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കെമാൽപാഷ അടക്കമുള്ളവർ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹിതരായവർ; കോടീശ്വരനായ വ്യവസായ പ്രമുഖനും സ്വീകരിച്ചത് ഇതേ വഴി; ഷുക്കുർ വക്കീലിന്റെ പുനർവിവാഹം ഒറ്റപ്പെട്ടതല്ല; സ്വത്ത് നഷ്ടം തടയാനായി പെൺമക്കൾ മാത്രമുള്ള മുസ്ലിം കുടുംബങ്ങൾ ശരീയത്ത് നിയമങ്ങളെ തള്ളുന്നു! ഏക സിവിൽ കോഡ് അനിവാര്യതയോ?
കോഴിക്കോട്: ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവരുമ്പോഴോക്കെ ഒരു വിഭാഗം ഇസ്ലാമിക യാഥാസ്ഥികർ പതിവായി ഉയർത്തുന്ന വാദമാണ്, മുസ്ലീങ്ങുടെ സിവിൽ നിയമങ്ങൾ ദൈവദത്തമാണെന്നത്. ഇസ്ലാം എന്നത് ഒരു സമ്പുർണ്ണമായ രാഷ്ട്രീയ വ്യവസ്ഥിതി കൂടിയാണെന്നും, ദൈവദത്തമായ ശരീയത്ത് നിയമങ്ങളിൽ യാതൊരു തലത്തിലുള്ള മാറ്റവും വരുത്താൻ കഴിയില്ലെന്നുമാണ് അവർ പറയാറുള്ളത്്.
എന്നാൽ ഇപ്പോൾ പുറത്തവരുന്ന വാർത്തകൾ ഈ മുസ്ലിം വ്യക്തി നിയമത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി വിശ്വാസികൾ തേടുന്ന കുറുക്കു വഴികളെ കുറിച്ചാണ്. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ അഭിഭാഷകവേഷത്തിലൂടെ ശ്രദ്ധേയനായ നടനും ആക്റ്റീവിസ്റ്റുമായ ഷുക്കുർ വക്കീലും അദ്ദേഹത്തിന്റെ ഭാര്യ ഡോ ഷീനയും, സെപ്ഷ്യൽ മാരേജ് ആക്റ്റിലുടെ വീണ്ടും വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെയാണ്, സ്വകാര്യമായി നടന്നിരുന്നു ഈ വിഷയം പൊതു ചർച്ചയായത്.
അഡ്വ വി ഷൂക്കൂറിന്റെ ഭാര്യ ഡോ ഷീനയുടെയും ആദ്യവിവാഹം പാണക്കാട് ഹൈദരലി തങ്ങളുടെ കാർമ്മികത്വത്തിൽ മതപരമായ ചടങ്ങളുകളോടെയാണ് നടന്നത്. എന്നാൽ രണ്ടാം വിവാഹം, വനിതാദിനമായ ഇന്ന് മുന്ന് പെൺമക്കളുടെയും സാന്നിധ്യത്തിൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് നടന്നത്. കാരണം അപ്പോൾ മാത്രമേ മുസ്ലിം വ്യക്തിനിയമം മറികടന്ന് അദ്ദേഹത്തിന് തന്റെ സ്വത്ത് പൂർണ്ണമായും മക്കൾക്ക് കൊടുക്കാൻ കഴിയൂ. അഡ്വ ഷുക്കുറിന് മുന്ന് പെൺകുട്ടികളാണ് ഉള്ളത്. 1937ലെ മുസ്ലിം പേഴ്സൺ ലോ ആപ്ലിക്കേഷൻ ആക്റ്റ് അനുസരിച്ച് ഇദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂന്നിൽ രണ്ടുഭാഗം മാത്രമേ, ഈ പെൺകുട്ടികൾക്ക് കിട്ടുകയുള്ളു.
ഷുക്കുറിനും ഷീനക്കും ആൺമക്കൾ ഇല്ലാത്തതിനാൽ ബാക്കി സ്വത്തുക്കൾപോവുക ഷുക്കൂറിന്റെ സഹോദരങ്ങൾക്കാണ്. വിൽപ്പത്രം എഴുതിവച്ചാൽപോലും അത് നിയമവിധേയം ആവുകയില്ല. എന്നാൽ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ വിവേചനത്തിൽ നിന്ന് രക്ഷപ്പെടാം. അതുകൊണ്ടാണ് സ്ത്രീയുടെ അന്തസ് ഉയർത്തുക എന്ന കാര്യം ലക്ഷ്യമിട്ട് ഷുക്കുർ വക്കീൽ ലോക വനിതാദിനമായ മെയ് എട്ടിനുതന്നെ വിവാഹം വീണ്ടും രജിസ്റ്റർ ചെയ്തത്. ഇതോടനുബന്ധിച്ച നടന്ന ചർച്ചകളിലാണ് നേരത്തെയും മുസ്ലിം സമുദായത്തിൽ, പെൺമക്കൾ മാത്രമുള്ള പല പ്രമുഖരും ഇതേ രീതിയിൽ വിവാഹം നടത്തിയതായി അറിയുന്നത്.
ഇത്തരം വിവാഹങ്ങൾ നേരത്തെയും
മനോരമ ന്യൂസിന് നൽകിയ ഇതുസംബന്ധിച്ച അഭിമുഖത്തിൽ ഷുക്കുർ വക്കീൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''കേരള ഹൈക്കോടതിയിലെ രണ്ട് പ്രഗൽഭരായ ജഡ്ജിമാർ ജസ്റ്റിസ് കെമാൽപാഷയും, ജസ്റ്റിസ് ബാബുവും, അവർക്ക് പെൺകുട്ടികൾ മാത്രമാണ്. അവർ ഞങ്ങളെപ്പോലെ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം കല്യാണം കഴിച്ച് കുട്ടികൾക്ക് ഇങ്ങനെ െപ്രാട്ടക്ഷൻ വരുത്തിയവർ ആണ്.
കേരള സമൂഹത്തിലെ വളരെ പ്രഗൽഭരായ നിരവധി ആളുകൾ, ഇങ്ങനെ ചെയ്തിട്ടുണ്ട്. അവർ ആരും ഇക്കാര്യം പരസ്യപ്പെടുത്തയിട്ടില്ല. നമ്പർ വൺ ബിസിനസ് ഫാമലിൽപെട്ടവർ അവരിൽ പലർക്കും പെൺകുട്ടികൾ മാത്രമേയുള്ളൂ, അവരും ഡോക്ടേഴ്സ്, അഡ്വക്കേറ്റ്സ്, നമ്മുടെ സുഹൃത്തുക്കളിൽ പലരും ചെയ്തിട്ടുണ്ട്. നമ്മൾ ഇത് ചെയ്യുന്നത് ഒരു സോഷ്യൽ ഇംപാകിറ്റിന് വേണ്ടിയാണ്. സ്ത്രീകൾക്ക് തുല്യാവകാശത്തിന് വേണ്ടിയാണ്. ഇപ്പോൾ ദുബൈയിൽനിന്നും അമേരിക്കയിൽനിന്നും ലണ്ടനിൽനിന്നുമൊക്കെ മേസേജ് വരികയാണ്. ഞങ്ങൾക്ക് പെൺകുട്ടികൾ മാത്രമേയുള്ളൂ. ഞങ്ങൾക്ക് ഇത് എങ്ങനെയാണ് ചെയ്യാൻ കഴിയുക എന്നാണവർ ചോദിക്കുന്നത്.
ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ നമ്മൾ എന്തൊക്കെ തടഞ്ഞുവച്ചാലും സമൂഹം മുന്നോട്ട് പോവുക തന്നെയാണ്. എല്ല കമ്യൂണിറ്റിക്കും സോഷ്യൽ പ്രഷർ ഉണ്ട്. മേരി റോയി വന്ന സമയത്ത് വലിയ രൂക്ഷമായ എതിർപ്പാണ് ഉണ്ടായിരുന്നത്. അതുപോലെയാണ് ഇപ്പോഴും. ഇത് മതത്തിനെതിയൊ ശരീഅത്തിനെതിരെയുള്ള സമരമല്ല. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടക്കുന്നതിനാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ ഈ നിയമപ്രകാരം കഷ്ടത്തിലാണ്. ഒരു വണ്ടിയുടെ ആർസി ബുക്ക് മാറ്റുന്നതിന്വേണ്ടിപോലും പിതാവിന്റെ സഹോദരന്മാരുടെയോ അവരുടെ മക്കളുടേയോ കാരുണ്യം കാത്ത് കഴിയുന്നവർ ഉണ്ട്.
ഇപ്പോൾ ലൈഫ് പദ്ധതിയിൽ നാലുസെന്റ് ഭൂമിയിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. ഇവിടെ താമസിക്കുന്ന ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും മാത്രമേ ഉള്ളൂ എങ്കിൽ ഭർത്താവ് മരിച്ചാൽ ഭാര്യക്ക് ലഭിക്കുന്നത് വെറും ഒരു സെന്റാണ്. ചിലപ്പോൾ അവൾ തെരുവിൽ പുറത്തിറങ്ങേണ്ടിയും വരും. ഇത് ഗുരുതരമായ ഒരു സാമുഹി ക പ്രശ്നമാണ്. ഇത് അഡ്രസ് ചെയ്യാതെ നാം മാറിനിന്നതുകൊണ്ട് കാര്യമില്ല. തുല്യത എന്ന അടിസ്ഥാനബോധം എല്ലാ ഘടകത്തിലും വേണം.'- ഷുക്കുർ വക്കീൽ ചൂണ്ടിക്കാട്ടുന്നു.
ഇതുപോലെ തന്നെ ഏറെ സ്വത്തുക്കൾ ഉള്ള പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ്, മരണക്കിടക്കയിൽവെച്ച് തന്റെ സ്വത്തുക്കൾ പെൺമക്കളുടെ ഭർത്താക്കന്മാർക്ക് വിറ്റതായി രേഖയുണ്ടാക്കിയിരുന്നു. കോഴിക്കോട്ടെ പ്രമുഖരായ രണ്ട് സാഹിത്യകാരന്മാരും, ഇതേ രീതിയിൽ മരണക്കിടക്കയിൽവെച്ച് പെൺമക്കൾക്ക് സ്വത്ത് എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെ എഴുതിവെക്കാൻ കഴിയാതെ പെട്ടന്ന് മരിക്കുന്നവരുടെ പെൺമക്കൾ പിന്നീട് കഷ്ടപ്പെടുകയാണ് പതിവ്.
ലക്ഷ്യമിടുന്നത് പരിഷ്ക്കരണം
പുനർ വിവാഹ വാർത്ത വൈറൽ ആയതോടെ ഷുക്കുർ വക്കീലുനേരെ അതിരൂക്ഷമായ സൈബർ ആക്രമണവും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. അതിനിടെ ഷുക്കൂറിന്റെ രണ്ടാം വിവാഹം മതവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചു കൊണ്ടുള്ള കുറിപ്പ് പുറത്തിറക്കി പ്രമുഖ സുന്നി സ്ഥാപനം രംഗത്തുവന്നു. ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചാണ് വിവാഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഷൂക്കൂർ വക്കീലിന്റെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം നാടകവും വിരോധാഭാസവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്. സ്വത്തിൽ നിന്നും ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കിലീനെ പുതിയ വിവാഹത്തിന് നിർബന്ധിക്കുന്നതെന്നും ഫത്വ കൗൺസിൽ നോട്ടീസിൽ പറയുന്നു.മതനിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഇവർ പറയുന്നു.
അതേസമയം മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ലെന്നും, ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ലെന്നും ഷൂക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിരോധം ' എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ