തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖ പരിപാടിക്ക് പോകുന്നവർ കരുതൽ എടുക്കണം. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ കഴിവതും ഒഴിവാക്കണം. തൃശ്ശൂരിൽ സാംസ്‌കാരികപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെയുള്ള സംഭവം നൽകുന്നത് ഈ സന്ദേശമാണ്. ഇഷ്ടപ്പെടാത്ത ചോദ്യം എത്തിയാൽ ഉറപ്പായും മുഖ്യമന്ത്രിയുടെ മറുപടി ശാസനയുടെ രൂപത്തിലാകും.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ നൽകുന്നത് വ്യക്തമായ സന്ദേശമാണ്. ''നമുക്കൊരു കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണുപോലും. തുടങ്ങിയിട്ട് 10 വർഷമായി കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ, ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ'' -എന്നായിരുന്നു ചോദ്യം. ഈ ചോദ്യം മുഖ്യമന്ത്രിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ. അതിന് അനുസരിച്ച് മറുപടിയും കിട്ടി.

ഷിബു ചക്രവർത്തിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പറയാൻ അവസരം കിട്ടുമ്പോൾ എന്തും പറയാമെന്ന് ധരിക്കരുത്. ഇത്രയും ആളുകളുടെ മുന്നിൽവെച്ച് ഈ സ്ഥാപനത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയാണോ? അവിടെ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിച്ചു. ആ സ്ഥാപനത്തിൽ പഠിക്കാൻ വരുന്ന വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്ന രീതി ശരിയാണോ? -മുഖ്യമന്ത്രി ഷിബു ചക്രവർത്തിയോട് ചോദിച്ചു. തീർത്തും അപ്രതീക്ഷിതമായിരുന്നു മറുപടി.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് തെറ്റായി പറയരുതെന്ന് സ്വരം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. അന്താരാഷ്ട്ര ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പേരിട്ട ഇതിനെ ചുരുങ്ങിയത് ദേശീയ തലത്തിലേക്കെങ്കിലും ഉയർത്തിക്കൂടേ എന്ന് ഷിബു ചക്രവർത്തി ചോദ്യം ഉന്നയിച്ചു. ഇതേ തുടർന്ന് അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ മുഖാമുഖം പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പുറത്തുപോകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. അറിയിപ്പ് കേൾക്കാത്തവർക്കായി വാടസ്ആപ്പിലൂടെയും ഔദ്യോഗികമായി പുറത്തുപോവണമെന്ന് അഭ്യർത്ഥിച്ചു. കണ്ണൂരിൽ ദളിത്, ആദിവാസി, പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ നിന്നും സമാനമായ രീതിയിൽ മാധ്യമപ്രവർത്തകരെ പുറത്താക്കിയിരുന്നു.

നവകേരള സദസിന്റെ തുടർച്ചയായാണ് ഇത്തരം മുഖാമുഖങ്ങൾ. സർക്കാർ തന്നെയാണ് ഇതിൽ പങ്കെടുക്കുന്നവരെ ക്ഷണിക്കുന്നത്. തീർത്തും ഇടതുപക്ഷ ആഭിമുഖ്യം ഉള്ളവർ മാത്രമാണ് എത്താറുള്ളത്. അല്ലെങ്കിൽ മുഖ്യമന്ത്രിയുമായി വ്യക്തിപരമായ സൗഹൃദമുള്ളവർ. ഈ സാഹചര്യത്തിലാണ് ഷിജു ചക്രവർത്തിയോടുള്ള പിണറായിയുടെ ക്ഷോഭം ചർച്ചകളിൽ നിറയുന്നത്.