ന്യൂഡൽഹി: കേരളത്തിൽനിന്ന് സൗദി അറേബ്യവരെ നടന്ന് ഹജ്ജ് ചെയ്യാനായി യാത്ര തിരിച്ച ശിഹാബ് ചോറ്റുർ എന്ന 29 കാരനെ ഓർമ്മയില്ലേ. സംഭവം വലിയ വാർത്തയായതോടെ ശിഹാബിന്റെ യാത്രക്ക് യൂട്യൂബിലുടെ ലക്ഷക്കണക്കിന് വ്യുവേഴ്സാണുണ്ടായത്. കേരളത്തിലെ മാധ്യമങ്ങളും ശിഹാബിന്റെ യാത്രയെ വാനോളം പുകഴ്‌ത്തിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ഇറാക്ക്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ നടന്ന് കവർ ചെയ്ത് സൗദ്യ അറേബ്യയിലെത്തി ഹജ്ജ് ചെയ്യുകയാണ് ഇയാളുടെ ലക്ഷ്യം. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ ശിഹാബ് എന്ന യുവാവ് 8640 കിലോമീറ്റാണ് നടക്കാൻ ലക്ഷ്യമിട്ടത്. യാത്രയ്ക്ക് 280 ദിവസമാണ് പ്ലാൻ ചെയ്തത്. അടുത്തവർഷത്തെ ഹജ്ജ് ആണു ശിഹാബിന്റെ ലക്ഷ്യം. ജൂൺ മൂന്നിന് തുടങ്ങിയ ശിഹാബിന്റെ യാത്ര സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായി.

അതിനിടെ ശിഹാബിനെതിരെ വലിയ വിമർശനവും ഉണ്ടായി. തന്റെ യൂട്യൂബ് ചാനലിനും 25ലക്ഷത്തോളം ഫോളോഫേഴ്സുള്ള ഇൻസ്റ്റ്ഗ്രാം പേജിലും ആളെകൂട്ടാനുള്ള നടപടിയാണ് ശിഹാബ് ചെയ്യുന്നത് എന്നും വിമർനം ഉയർന്നു. ലക്ഷങ്ങളാണ് ശിഹാബിന് ഇപ്പോൾ യു ട്യൂബ് വരുമാനം. അതിനിടെ ഇത്തരം യാത്രകൾ അനിസ്ലാമികമാണെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്ത് എത്തി. സുന്നികൾ ശിഹാബിനെ പിന്തുണക്കുമ്പോൾ, മുജാഹിദുകൾ ശിഹാബിനെതിരെയാണ്, നിലപാട് എടുത്തത്. പ്രശസ്ത മുജാഹിദ് പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി ശിഹാബിനെതിരെ രംഗത്ത് എത്തിയിരുന്നു. ശിഹാബിന്റെ നടന്നുള്ള ഹജ്ജിനുപോകൽ, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നുമാണ് ബാലുശ്ശേരി പറയുന്നത്. ശിഹാബ് വിമാനത്തിൽ പോയാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്തായാലും വിവാദങ്ങൾക്കിടയിലും കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ശിഹാബിന്റെ യാത്ര ഗംഭീരമായി ആയി നടന്നു. മിക്ക സംസ്ഥാനങ്ങളിലും ആയിരിങ്ങൾ അനുഗമിച്ചു. പഞ്ചാബ് പൊലീസിന്റെ വൻ അകമ്പടിയോടെയാണ്, ശിഹാബ് വാഗ ബോർഡറിൽ എത്തിയത്. പക്ഷേ അതോടെ എല്ലാം തീർന്നു. ഇപ്പോൾ അയാൾ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

പാക്കിസ്ഥാൻ ഇനിയും വിസ കൊടുത്തില്ല

സെപ്റ്റംബർ ഏഴിന് വാഗാ ബോർഡലിലെത്തിയതാണ് ശിഹാബ്. രണ്ടുമാസം ആവാറായിട്ടും ഇവിടെ നിന്ന് അനങ്ങാൻ കഴിഞ്ഞിട്ടില്ല. പാക്കിസഥാൻ വിസ കൊടുക്കാത്തതാണ് ശിഹാബിന്റെ പദ്ധതികൾ താളം തെറ്റിച്ചത്. വാഗാ ബോർഡറിന് ഏകദേശം 15 കിലോമീറ്റർ അടുത്താണ് ശിഹാബിന്റെ താമസം. അവിടെ ഹാഫിയ സ്‌കൂളിന്റെ ഉടമസ്ഥനായ ഡോക്ടർ ഷുഹൈബ് അഹമ്മദ് സ്‌കുളിൽ താമസിച്ചുകൊള്ളുവാൻ പറയുകയായിരുന്നു. പാക്കിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ ഇപ്പോൾ ഏകദേശം രണ്ടു മാസമായി ആ ടെറസിനു മുകളിൽ തന്നെ ആണ് ശിഹാബിന്റെ ഉറക്കവും തീറ്റയും എല്ലാം. ഇടയ്ക്കിടെ അവിടെ നിന്ന് ഇറങ്ങുക, ആ ഭാഗത്തൊക്കെ നടന്നു വീഡിയോ ഇടുക ഇതാണ് ഇപ്പോൾ ജോലി. പക്ഷേ ഒന്നിനും പഴയപോലെ വ്യൂവേഴ്സ് ഇല്ല. ആവേശക്കമ്മറ്റിക്കാർ എല്ലാം പിരിഞ്ഞ് പോയിരിക്കുന്നു.

സാധാരണ ടൂറിസ്റ്റ് വിസയോ, ട്രാൻസിസ്റ്റ് വിസയോ ഒന്നും അല്ല റോഡ് ഷോ വിസയാണ് ഇയാൾക്ക് വേണ്ടിയിരുന്നത്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റായ സാദിക്കലി പത്തായക്കടവൻ ഇങ്ങനെ എഴുതുന്നു. ''ഏതെങ്കിലും ഒരു രാജ്യം സമ്മതിക്കുമോ ഈ പരിപാടിക്ക്. ബുദ്ധിയുള്ള ഒരു രാജ്യവും സമ്മതിക്കില്ല. അവർക്ക് ഒരു തലവേദനയാണ് ഇത്. കാരണം ഏകദേശം രണ്ടു മാസം നടക്കണം പാക്കിസ്ഥാനിൽ നിന്ന് ഇറാനിൽ എത്താൻ. അത് വരെ ഇയാൾക്കു സെക്യൂരിറ്റി കൊടുക്കേണ്ട ബാധ്യത പാക്കിസ്ഥാൻ ആണ്. അത്ഭുതം ഒന്നും നടന്നില്ലെങ്കിൽ ഇങ്ങനെ ഒരു വിസ കിട്ടാൻ സാധ്യത ഇല്ല''.

ഇപ്പോൾ പാക്കിസ്ഥാൻ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഒരു റെക്കമെൻഡ് ലെറ്റർ വാങ്ങി വരാണ് ശിഹാബിനോട് ആവശ്യപ്പെടുന്നത്. പാക്കിസ്ഥാനിലൂടെ നടന്നു പോകാൻ അനുവാദം കൊടുത്തു കൊണ്ടുള്ള , ഇന്ത്യ ഇങ്ങനെ ഒരു കത്തുകൊടുക്കാനുള്ള സാധ്യത വിദൂരമാണ്. ഇന്ത്യ അങ്ങനെ ഒരു ലെറ്റർ അനുവദിച്ചാൽ നാളെ മുതൽ തുടങ്ങും പാക്കിസ്ഥാനികൾ അജ്മീർ ദർഗ , മഖ്ബറ ഒക്കെ സന്ദർശിക്കണം എന്ന് പറഞ്ഞു കൊണ്ട് ഇന്ത്യൻ എംബസിയിലേക്ക് പോകും. പറ്റില്ല എന്ന് എങ്ങനെ പറയും. അതുകൊണ്ട് ഇങ്ങനെ ഒരു മണ്ടത്തരത്തിനു ഇന്ത്യ മുതിരില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

മാത്രമല്ല കടുത്ത സുന്നി- ഷിയാ സംഘർഷവും, ഐസിസ് ഭീഷണിയൊക്കെയുള്ള പല മേഖലകളിലുടെയാണ് ശിഹാബിന് പാക്കിസ്ഥാനിലൂടെ കടന്നുപോകേണ്ടത്. ഇതും പാക്ക് സർക്കാറിനെ പിറകോട്ട് അടുപ്പിക്കുന്നുണ്ട്.

പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ്

എന്നാൽ തനിക്ക് പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല എന്നാണ് ശിഹാബ് കഴിഞ്ഞ ദിവസവും തന്റെ വീഡിയോവിൽ പറയുന്നത്. ''തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുമായിരുന്നു. എന്നാൽ, വേണ്ടത് ട്രാൻസിറ്റ് വിസയാണ്. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാക്കിസ്ഥാൻ സന്ദർശിച്ച് തിരികെ ഇന്ത്യയിലേക്ക് വരാം. എന്നാൽ, പാക്കിസ്ഥാനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. വാഗ അതിർത്തി വഴി പാക്കിസ്ഥാനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും അത് ലഭിച്ചാൽ ട്രാൻസിറ്റ് വിസ ലഭിക്കുമെന്നും ശിഹാബ് വ്യക്തമാക്കി.

മൂന്നു മാസത്തെ വിസയാണ് ഇറാഖും ഇറാനും അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു വർഷത്തെ വിസയാക്കി തന്നിട്ടുണ്ട്. സൗദി ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ട്. ഇറാനും ഇറാഖും മൾട്ടിപ്പിൾ എൻട്രിയാണെന്നും സൗദി ടൂറിസ്റ്റ്-ബിസിനസ് വിസയും നടന്ന് ഹജ്ജിന് പോകാനുള്ള വിസയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന് ശേഷമാണ് യാത്ര തുടങ്ങിയത്. വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ല. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ല. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാക്കിസ്ഥാനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യും. മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ല -ശിഹാബ് പറഞ്ഞു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് പല വ്യാജ വിവരങ്ങളും യൂട്യൂബിലും മറ്റും പലരും പ്രചരിപ്പിക്കുന്നുണ്ടെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാൻ അതിർത്തിയിൽ പലരും തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും ശിഹാബ് പറയുന്നു.

നടക്കുന്നത് വിശ്വാസ തട്ടിപ്പും

അതിനിടെ, വിശ്വാസികളെ അജ്ഞത മുതലെടുത്ത് ദിവ്യാദ്ഭുത തട്ടിപ്പിന് ശിഹാബ് ശ്രമിക്കുന്നതായും പരാതിയുണ്ട്. ശിഹാബിന്റെ വീഡിയോയിലെ ഒരു 'അദ്ഭുദം' ലോകമെമ്പാടുമുള്ള ഇസ്ലാമിക ഗ്രൂപ്പുകളിൽ വലിയ ചർച്ചയായി. ശിഹാബ് നടക്കുന്നതിനിടയിൽ ആകാശത്ത് അള്ളാഹുവെന്ന് എഴുതിക്കാണിച്ചു എന്നതായിരുന്നു അത്. വീഡിയോയിൽ എഴുത്ത് വ്യക്തമല്ലെങ്കിലും, ശിഹാബുംകൂടെയുള്ള ആളും ക്യാമറ ഷൂട്ട് ചെയ്യുന്ന ആളും, ഒരു മിനിട്ട് എഴുതിയത് കണ്ടുവെന്നും, പിന്നെ മാഞ്ഞുപോയി എന്ന് പറയുന്നുണ്ട്. ഈ വീഡിയോ ലോകമെമ്പാടുമുള്ള ഇസ്ലാമിക ഗ്രൂപ്പുകൾ ഇത് വൈറലാക്കി.

എന്നാൽ ഇത് വെറും വിശ്വാസ കൗതുകം മാത്രം ആണെന്നും ശാസ്ത്രീയമായി നോക്കുമ്പോൾ യാതൊരു പിൻബലവും ഇല്ലെന്നും സ്വതന്ത്രചിന്തകരും, ശാസ്ത്രപ്രചാരകരും ചൂണ്ടിക്കാട്ടുന്നു. മജീഷ്യനും ദിവ്യാത്ഭുദ അനാവരണം ചെയ്യുന്ന യൂ ട്യൂബറുമായി ഫാസിൽ ബഷീർ തന്റെ ട്രിക്ക്സ് എന്ന ചാനലിൽ ഈ വിഷയം പ്രത്യേകമായി ചെയ്തിട്ടുണ്ട്.

ശാസ്ത്രം പാരഡോളിയ എന്ന് വിളിക്കുന്ന ഒരു പാറ്റേൺ സീക്കിങ്ങ് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടുന്നു. ''എട്ടുകാലി വലയിൽ അള്ളാഹു എന്ന് എഴുതി വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. മരങ്ങളിൽ, മേഘങ്ങളിൽ, തൊട്ട് മീൻ മുറിക്കുമ്പോൾവരെ അള്ളാഹു എന്ന് എഴുതിയത് കണ്ടു എന്ന വാർത്ത ഇടക്കിടെ വരാറുണ്ട്. ഇത് ഒരു മതത്തിന്റെ പ്രത്യേകയല്ല. മേഘപാളികൾക്കടിൽ യേശുവിന്റെ രൂപം കണ്ടു, മഞ്ഞിൽ മഹാദേവന്റെ രൂപ കണ്ടു, എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ ഉണ്ടാവാറുണ്ട്. ഇങ്ങനെ മേഘങ്ങളിലും മഞ്ഞിലും മീനിലുമൊക്കെ, കുതിര, ആന, പക്ഷികൾ എന്നിവയോട് സാദൃശ്യമുള്ള രൂപങ്ങൾ കാണാൻ കഴിയും. അതെല്ലാം കേവലം യാദൃശ്ചികം എന്ന് കണ്ടെത്തി നാം തമാശയായി തള്ളിക്കളയും. എന്നാൽ മതവുമായി ബന്ധപ്പെട്ട ബിംബങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് അത് ദിവ്യാത്ഭുദമായി മാറുന്നത്്''- ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടി.

ഇൻനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ അറിയാം, പൊറോട്ടയിലും നക്ഷത്ര ആമയിലും, മരങ്ങളിലുമെല്ലാം ദൈവരൂപങ്ങൾ കാണുന്ന നിരവധി സംഭവങ്ങൾ കാണാം. ഇവിടെ ശിഹാബും ഇതുപോലെ ഒരു മേഘരൂപം മാത്രമായിരിക്കും കണ്ടത്. ബാക്കിയെല്ലാം അവരുടെ ഭാവനയാണ് എന്ന് വ്യക്തമാണ്. ഇങ്ങനെയൊക്കെ മാർക്കറ്റ് ചെയ്യപ്പെട്ട ഒരു യാത്രയാണ് ഇപ്പോൾ, ത്രിശങ്കുവിൽ ആയിരിക്കുന്നത്.