- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലുടെ നടക്കാനുള്ള അനുമതിയില്ല; രണ്ടു റക്കാഹത്തു നിസ്ക്കരിച്ച് ഇറാനിലേക്ക് പോയത് ഫ്ളൈറ്റിൽ; ഇറാനിലൂടെയും നടന്ന് കുവൈത്തിലെത്തുക ഏറെ പ്രയാസമുള്ള കാര്യം; അവിടെയും വിമാനത്തെ ആശ്രയിക്കേണ്ടി വരും; കാൽനടയായി ഹജ്ജിന് പോകാമെന്ന ശിഹാബ് ചോറ്റൂരിന്റെ സ്വപ്നം പൊളിഞ്ഞു
കോഴിക്കോട്: കാൽനടയായി ഹജ്ജിനുപോകുക എന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച മലയാളി യുവാവ് ശിഹാബ് ചോറ്റൂരിന്റെ സ്വ്പനം സഫലമായില്ല. മലപ്പുറത്ത് നിന്ന് നടന്ന് വാഗാ അതിർത്തിയിൽ എത്തിയ ശിഹാബ് നാലര മാസം അവിടെ താമസിച്ച് ഒടുവിൽ പാക്കിസ്ഥാനിലേക്ക് പോകാനുള്ള ട്രാൻസിറ്റ് വിസ നേടിയിരുന്നു. പക്ഷേ 48 മണിക്കൂറിനുള്ളിൽ വേറെ ഒരു രാജ്യത്തേക്ക് കടക്കണം എന്നുള്ള കണ്ടീഷനിലായിരുന്നു പാക്കിസ്ഥാൻ വിസ അനുദവിച്ചത്. ഇത് പ്രകാരം ശിഹാബ് ഇപ്പോൾ ഫ്ളൈറ്റ് പിടിച്ച് ഇറാനിൽ എത്തിയിരിക്കയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇനി ഇറാനും, ഇറാക്കിന്റെ കുറച്ച് ഭാഗങ്ങളും കഴിഞ്ഞ് കുവൈത്തിൽ എത്തിയതിനുശേഷമാണ് ശിഹാബിന് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയുക. പക്ഷേ സുരക്ഷാകാരണങ്ങളാൽ ഈ രാജ്യങ്ങളൊക്കെ അതിലൂടെ നടന്ന് പോകാൻ അനുവദിക്കുമോ എന്ന് സംശയമാണ്. ഇറാനും, ഇറാഖിലുമൊക്കെ കടുത്ത വംശീയ സംഘർഷങ്ങളും, മതമൗലികവാദികളുടെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഇറാനിൽ കുറച്ചുനേരം നടന്നശേഷം നേരിട്ട് കുവൈത്തിലേക്ക് ഫ്ളൈറ്റ് കയറുകയാണ് ശിഹാബിന് മുന്നിലുള്ള മാർഗം എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പക്ഷേ ഇതോടെ കാൽനടയായി ഹജ്ജ് എന്ന ആശയം പൊളിയുകയാണ്. ഇങ്ങനെ വിമാനത്തിൽ പോകണമായിരുന്നെങ്കിൽ, നേരിട്ട് കേരളത്തിൽ നിന്ന് നേരിട്ട് ഫ്ളൈറ്റിൽ ഹജ്ജിന് പോയാൽപ്പോരെ എന്നാണ് ചോദ്യം.
പാക്കിസ്ഥാനിൽ രണ്ടുദിവസം മാത്രം
തനിക്ക് ട്രാൻസിറ്റ് വിസ കിട്ടിയെന്നൊക്ക ശിഹാബ് പറഞ്ഞെങ്കിലും വെറും രണ്ടുദിവസം മാത്രമാണ് പാക്കിസ്ഥാനിൽ കഴിയാൻ കഴിഞ്ഞത്. പാക് വിസ കിട്ടാതെ ശിഹാബ് നാലുമാസത്തോളം വാഗാ അതിർത്തിയിലെ ആഫിയാ കിഡ്സ് സ്കൂളിളിന്റെ ടെറസിൽ കഴിയേണ്ടി വന്നു. ഒടുവിലാണ് പാക്കിസ്ഥാനിലേക്കുള്ള വിസ കിട്ടുന്നത്. ശഹാബിനു വീസ കൊടുക്കുമ്പോൾ പാക്കിസ്ഥാൻ ഹൈ കമ്മീഷൻ ഓഫീസിലെ ഒഫീഷ്യൽസ് പറഞ്ഞത്, ട്രാൻസിസ്റ്റ് വീസ മാത്രമേ ഇഷ്യൂ ചെയ്യാൻ പറ്റുകയൊള്ളു എന്നും, 48 മണിക്കൂറിനുള്ളിൽ മറ്റൊരു രാജ്യത്തേക്ക് കടക്കണം എന്നുമായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ശിഹാബ് ആവട്ടെ 'എനിക്ക് പാക്കിസ്ഥാൻ മണ്ണിൽ ഒരു രണ്ടു റക്കാഹത്തു നിസ്കരിക്കണം' എന്ന് പറഞ്ഞ് അവിടേക്ക് കടക്കയായിരുന്നു.
വാഗ അതിർത്തിയിൽനിന്ന് ഇന്ത്യൻ ഒഫീഷ്യൽസ് വികാര നിർഭരമായ യാത്രയയപ്പാണ് ശിഹാബിന് നൽകിയത്. അവിടെ നിന്ന് തൊട്ടടുത്തുള്ള പാക് ചെക്ക് പോസ്റ്റിലേക്ക് പോയി. അവിടെയും ശിഹാബിന് നല്ല സ്വീകരണമാണ് കിട്ടിയത്. പാക്കിസ്ഥാനിൽ അദ്ദേഹം നിന്ന സമയവും, നൂറുകണക്കിന് ആളുകൾ കാണാനെത്തി. ഇതിന്റെ വീഡിയോയും ശിഹാബ്് പറുത്തുവിട്ടു. പക്ഷേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പാക് താലിബാന്റെ ഭീകരാക്രമണത്തിലും ആകെ വലഞ്ഞു നിൽക്കയാണ് പാക്കിസ്ഥാൻ. ഈ സമയത്ത്, ഇതുപോലെ ഒരു യാത്രക്ക് സെക്യൂരിറ്റി ഒരുക്കുക എന്നതും വിഷമം പിടിച്ച പണിയാണ്. ഒരു പക്ഷേ ശിഹാബ് പാക്കിസ്ഥാനിലുടെ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിൽ ആയേനെ.
നടക്കുന്നത് വിശ്വാസ ചൂഷണമോ?
അതിനിടെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ അടക്കം ശിഹാബിനെതിരെ വലിയ വിമർശനവും നടക്കുന്നുണ്ട്. ശരിക്കും വിശ്വാസ ചൂഷണമാണ് ശിഹാബ് നടത്തുന്നതെന്നും, യുട്യൂബ് വരുമാനമാണ് ലക്ഷ്യമിടുന്നത് എന്നുമാണ് പ്രധാന വിമർശനം. സോഷ്യൽ മീഡിയ ആക്റ്റീസിറ്റ് സാദിഖലി പത്തായക്കടവൻ ഇങ്ങനെ എഴുതുന്നു. 'ശരിക്കും വിശ്വാസ ചൂഷണമാണ് ഇവിടെ നടക്കുന്നത്. പാക്കിസ്ഥാനിൽ പോയി ഫ്ലൈറ്റിൽ പോകാൻ ആയിരുന്നെങ്കിൽ ഇയാൾ എന്തിന് ഇയാൾ നാലര മാസം വാഗാ അതിർത്തിയിൽ മൊട്ടക്ക് അടയിരിക്കുന്ന പോലെ ഇരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളു, ആളുകളെ വിശ്വാസം മാക്സിമം മുതലാക്കണം''.
അതുപോലെ തന്നെ ഇന്ത്യയിലെ യാത്രക്കിടെ മേഘങ്ങൾക്കിടയിൽ അള്ളാഹു എന്ന് എഴുതിക്കാണിച്ചതായി പറഞ്ഞ് ശിഹാബ് വീഡിയോ ചെയ്തതും വിവാദമായി. മേഘങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന പാറ്റേൺ സീക്കിങ്ങിനെ വെച്ച് മുതലെടുക്കാനാണ് ഇയാൾ ശ്രമിച്ചത് എന്ന് ആരോപണം ഉയർന്നിരുന്നു. നേരത്തെ മുജഹിദ് സംഘടനകൾ ശിഹാബിനെതിരെ രംഗത്ത് വന്നിരുന്നു. ശിഹാബിന്റെ നടന്നുള്ള ഹജ്ജ് അനിസ്ലാമികമാണെന്നാണ് മുജാഹിദ് ബാലുശ്ശേരി അടക്കമുള്ളവർ പറഞ്ഞത്. ഇതോടെ ഈ യാത്ര സുന്നി- മുജാഹിദ് തർക്ക വിഷയമായി മാറി. മാത്രമല്ല അജ്മീറിൽ വച്ച് ദർഗപരിപാലകനെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റൊരു വിവാദം കൂടി ശിഹാബിന്റെ പേരിലുണ്ടായി.
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്. 29കാരനായ ശിഹാബ് സുബ്ഹി നമസ്കാരത്തിനുശേഷം, ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞാണ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. അത്യാവശ്യസാധനങ്ങൾ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റും ആയിരുന്നു. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്നും നാട്ടിൽനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ യാത്രയ്ക്ക് 280 ദിവസമടുക്കുമെന്നും 2023 ലെ ഹജ്ജ് ലക്ഷ്യം ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞാണ് യാത്ര തുടങ്ങിയത്.
പ്ലസ്ടു, അക്കൗണ്ടൻസി കോഴ്സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തിരുന്നു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽ നിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു. എന്നാൽ സബ്സ്ക്രൈബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.
ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്സ്ക്രൈബേഴ്സ് ഒരു മില്യൺ കടന്നു ശരാശരി 2 ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് നടത്തുന്ന 3 യൂട്യൂബ് ചാനലുകൾക്ക് പുറമോ, 9 യൂട്യൂബ് ബ്ലോഗർമാരും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു. അതായത് വരുമാനവും പ്രശസ്തിയും ലക്ഷ്യമിട്ട് ശിഹാബ് വിശ്വാസ ചൂഷണം നടത്തുകയാണെന്നാണ് വിമർശകർ പറയുന്നത്. ഇവർ യൂട്യൂബ് ഹാജി എന്ന വിളിപ്പേരും ശിഹാബിന് ഇട്ടുകഴിഞ്ഞു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ