തിരുവനന്തപുരം: എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും-പിസി ജോർജിന്റെ ഭാര്യ ഉഷ കുറച്ചു കാലം മുമ്പ് പറഞ്ഞ വാക്കുകളാണ്. പിസിയെ അറസ്റ്റ് ചെയ്തപ്പോൾ, ഉച്ചരിച്ച ശാപ വാക്കുകൾ മുഖ്യമന്ത്രിയെ ലാക്കാക്കിയായിരുന്നു. പിന്നാലെ സജി ചെറിയാൻ തികച്ചും അപ്രതീക്ഷിതമായി ഭരണഘടനാ പരാമർശ വിവാദത്തിൽ പെട്ട് മന്ത്രിസ്ഥാനം ഒഴിഞ്ഞു. സജി ചെറിയാൻ വീണ്ടും മന്ത്രിയായി എന്നതും വസ്തുത. പക്ഷേ പിസി ജോർജിന്റെ കുടുംബം വെറുതെ ഇരുന്നില്ല. പീഡനക്കേസിൽ പിസിയെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ പോരാട്ടത്തിന് മകൻ ഷോൺ ജോർജ് നേരിട്ടിറങ്ങി. ഇതിന്റെ ആകെ തുകയാണ് എക്‌സാലോജിക്കിനെതിരായ നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കമ്പനി രജിസ്ട്രാറുടെ റിപ്പോർട്ട് ചർച്ചയാകുമ്പോൾ പരാതിക്കാരൻ ഷോൺ ജോർജാണ്. അതായത് പിസിയെ അറസ്റ്റ് ചെയ്ത് ആഘോഷമാക്കിയവരെ എല്ലാം വെട്ടിലാക്കുന്ന പോരാട്ടം പൂഞ്ഞാറിലെ കുടുംബം തിരിച്ചു നടത്തുന്നു.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിന് കുരുക്കായി രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ നിർണായക റിപ്പോർട്ട് പുറത്തു വരികയാണ്. പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ് പരാതിക്കാരൻ. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്‌സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. തടവും പിഴശിക്ഷവും കിട്ടാവുന്ന തെറ്റുകൾ വീണാ വിജയന്റെ കമ്പനി നടത്തിയെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് പഴയ 'കൊന്ത' ശാപം ചർച്ചകളിൽ എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടി വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരനും പി സി ജോർജിന്റെ മകനും ജനപക്ഷം നേതാവുമായ ഷോൺ ജോർജ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എക്‌സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ന് ഉച്ച കഴിഞ്ഞ് എന്തും സംഭവിക്കാം. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഓഫ് രജിസ്ട്രാറുടെ റിപ്പോർട്ടു പുറത്തു വരുന്നത്.

കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി ഷോൺ ജോർജിന്റേത് മാത്രമാണ്. മുമ്പ് സമാന രീതിയിൽ പല ഇടപെടലും പിസി ജോർജ് നടത്തിയിട്ടുണ്ട്. പല അഴിമതികളും പുറത്തു വന്നു. അതേ നേതാവിന്റെ മകനാണ് ഷോൺ ജോർജ്. അച്ഛനെ ജയിലിൽ അടയ്ക്കാൻ നടത്തിയ ശ്രമങ്ങളെ ചെറുക്കാൻ ഇറങ്ങിയ മകൻ. അച്ഛന്റെ വേദന കണ്ടാണ് നിയമത്തിന്റെ വഴിയേ ചിലരെ തുറന്നു കാട്ടാൻ ഷോൺ തീരുമാനിച്ചത്. അത് എക്‌സാലോജിക്കിനെതിരായ നീക്കമായി. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്‌സാലോജിക്കെന്നാണ് ഷോൺ ജോർജ് പറയുന്നത്. സിഎംആർഎല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ പരാമർശിച്ച 'പി വി' പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോർജ് ആവർത്തിക്കുന്നു.

2023 സെപ്റ്റംബർ 29 ന് താൻ പരാതി നൽകി. ഈ മാസം അഞ്ചിനാണ് സിഎംആർഎല്ലും കെഎസ്‌ഐഡിസിയും കമ്പനി രജിസ്ട്രാർക്ക് വിശദീകരണം നൽകിയത്. ഈ മറുപടി രജിസ്ട്രാർ ഓഫ് കമ്പനീസ് തനിക്ക് നൽകി. അതിനുള്ള മറുപടിയും താൻ ഫയൽ ചെയ്തിട്ടുണ്ട്. ആറ് മാസമായി സ്‌പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോണും ചോർത്തുന്നുണ്ടെന്ന് ഷോൺ ജോർജ് പറയുന്നു. ഇതിനിടെ കോടിയേരിയുടെ മകൻ ബിനീഷിനേയും വിവാദത്തിൽ കുടുക്കാൻ സൈബർ സഖാക്കൾ ശ്രമിച്ചു. ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

'ബിനീഷ് കോടിയേരി അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയം'- ഇതാണ് ഈ വിവാദത്തിൽ ഷോണിന്റെ പ്രതികരണം. ഏതായാലും ഷോൺ ജോർജിന്റെ അമ്മയുടെ കൊന്തയുടെ ശക്തി വീണ്ടും ചർച്ചകളിൽ എത്തുകയാണ്. എക്‌സാലോജിക്കിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ഷോൺ ജോർജിന്റെ സാന്നിധ്യമാണ് ഈ അമ്മയുടെ പ്രാർത്ഥനയെ വീണ്ടും ചർച്ചകളിൽ നിർത്തുന്നത്.

2022 ജൂലൈയിൽ 'കൊന്ത' ചർച്ചയിൽ മറുനാടനോട് പിസി ജോർജിന്റെ ഭാര്യ പ്രതികരിച്ചത് ചുവടെ

കൊന്തയ്ക്ക് വില ഉണ്ടായി, പറഞ്ഞത് സത്യമായി. എന്നാലും സജി ചെറിയാന്റെ രാജി ലക്ഷ്യം വെച്ചല്ല തന്റെ വാക്കുകൾ എന്ന് ഉഷാ ജോർജ്ജ് പറയുന്നു. എന്നാൽ അതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായ തിരിച്ചടി പ്രാർത്ഥന ചൊല്ലുന്ന തന്റെ നാവിന്റെയും കൊന്തയുടെയും ശക്തിയാണ് എന്നാണ് ഉഷയുടെ വിശ്വാസം. അല്ലെങ്കിൽ ഏതെങ്കിലും പീഡനകേസിൽ ഒരു ദിവസം കൊണ്ട് ജാമ്യം കിട്ടുമോ..? പിസിയെ കൂടുതൽ കേസുകളിൽ കുടുക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇനി ദ്രോഹിക്കാൻ ശ്രമിച്ചാൽ താൻ അടക്കമുള്ള സ്ത്രീകൾ തിരുനന്തപുരത്ത് സത്യാഗ്രഹമിരിക്കും. പീഡന ആരോപണം താങ്ങാൻ പറ്റിയില്ല. വല്ല കൈക്കൂലി ആരോപണമായിരുന്നു എങ്കിൽ സഹിക്കാമായിരുന്നു. ഇത് അങ്ങനെയാണോ..?

നമുക്ക് പുറത്തിറങ്ങി ആളുകളുടെ മുഖത്ത് നോക്കേണ്ടതല്ലെ. പരാതിക്കാരി രണ്ടാഴ്ച മുൻപ് പറഞ്ഞത് പി.സി ജോർജ്ജ് അച്ഛനെ പോലെയാണ്, തന്നെ പീഡിപ്പിക്കാത്തത് പി.സി മാത്രമേ ഉള്ളു എന്നുമാണ്. പിന്നെ എങ്ങനേയാണ്, എന്തിനാണ് ഈ പരാതി നൽകിയത്. കഴിഞ്ഞ രണ്ടാഴ്ച ആയി പി.സി ഇവിടെയുണ്ട്, പുറത്ത് പോയിട്ടില്ല. സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ആളാണ് അദ്ദേഹം. കടുത്തഎതിരാളികൾ പോലും ഇത്തരം ആരോപണം ഉന്നയിക്കില്ല. മുസ്ലിം സമുദായവുമായുള്ള വിവാദത്തിന് ശേഷം ഇപ്പോഴാണ് പിസിയേ കാണാൻ ആ സമുദായത്തിലെ സ്ത്രീകളുടെ വരവ് കുറഞ്ഞത്. മുൻപ് കൂടുതലും അവരായിരുന്നു വന്നു കൊണ്ടിരുന്നത്. കഴിഞ്ഞ തവണത്തെ തോൽവി ചതി പറ്റിയതാണ്; ഉഷാജോർജ് പറഞ്ഞു.

പി.സി ജോർജ്ജിനേ ഇനി ഒറ്റയ്ക്ക് പൊലീസിന്റെ മുന്നിലേക്ക് വിട്ടു നൽകില്ല. ഇത് കുടുംബത്തിന്റെ തീരുമാനമാണ്. അറസ്റ്റ് ഉണ്ടായ അന്ന് മകൻ ഷോണിനോട് നീ പപ്പയ്ക്ക് ഒപ്പം പോകുന്നില്ലെങ്കിൽ ഞാൻ പോകാം എന്ന് പറഞ്ഞതാണ്. ആവശ്യമില്ലാതെയാണ് പിണറായി ദ്രോഹിക്കുന്നത്. ഇനിയും ദ്രോഹം തുടർന്നാൽ അവർക്ക് തന്നെ തിരിച്ചടികൾ കിട്ടും എന്നാണ് എന്റെ വിശ്വാസം; ഉഷാ ജോർജ്ജ് ഉറപ്പിച്ച് പറയുന്നു. ഇത് വരെ എന്നെ നുള്ളി നോവിക്കാത്ത ആളാണ് പി.സി. എനിക്ക് പിസി കഴിഞ്ഞിട്ടേയുള്ളു മറ്റെന്തും. മന്ത്രിയുടെ രാജിക്ക് ശേഷമുള്ള ട്രോളന്മാരുടെ ആക്രമണത്തിൽ പരാതിയില്ല. എന്നാൽ മാതാവിന്റെ കൊന്തയേ പറ്റിയുള്ള പരാമർശങ്ങൾ വിഷമമുണ്ടാക്കി. യഥാർത്ഥ ക്രിസ്ത്യാനിയോട് ചോദിച്ചാൽ കൊന്തയുടെ മഹത്വമറിയാം.

ഇരുപത് വയസ്സിന് ശേഷമാണ് എനിക്ക് ഇത്രയും വിശ്വാസവും, കൊന്തയോടുള്ള ഭക്തിയും ആരംഭിച്ചത്. ഇപ്പോൾ രാവിലെ 5 മണി മുതൽ 6 മണി വരെ കൊന്ത ചൊല്ലും. സ്ഥാപനത്തിലെത്തിയാലും കൊന്ത ചൊല്ലും. വിശ്വാസത്തിലധിഷ്ടിതമായാണ് ഞാനും കുടുംബവും മുന്നോട്ട് പോകുന്നത്. വീടിനുള്ളിലും വാഹനത്തിലും ഒരുപാട് കൊന്ത സൂക്ഷിക്കുന്നു. കൊന്തയുടെ മോതിരവും കൈക്കുള്ളിലുള്ള ഈ കൊന്തയുമാണ് എപ്പോഴും കൂടെ കൊണ്ട് നടക്കുന്നത്.

പ്രാർത്ഥന ചൊല്ലുന്ന ഒരു പറ്റം ആളുകൾ എന്നോടൊപ്പമുണ്ട്. അച്ചന്മാരും സിസ്റ്റേഴ്‌സുമാണ് ഈ സംഭവത്തിന് ശേഷം എന്നെ കൂടുതൽ വിളിച്ചത്. റിവോൾവർ പരാമർശത്തിൽ ക്രൈംബ്രാഞ്ച് എന്നോട് വിശദീകരണം ആവിശ്യപ്പെട്ട് എത്തിയിരുന്നു. രണ്ട് തവണ ഹാർട്ട് അറ്റാക്ക് വന്ന ആളാണ് ഞാൻ എന്ന് അവരോട് പറഞ്ഞു. 78 കിലോ ഭാരമുണ്ടായിരുന്ന എന്റെ അവസ്ഥ ഇപ്പോൾ കണ്ടില്ലെ. മനസ് ഇടിഞ്ഞിരിക്കുകയാണ് ഏതായാലും പി.സിയുടെ പോരാട്ടങ്ങൾക്ക് പിൻതുണയുമായി ഞാനും കുടുംബവും ഒപ്പമുണ്ടാകും എന്നും ഉഷാജോർജ് മറുനാടനോട് പറഞ്ഞു.