മലപ്പുറം : സി.സി.ടി.വി ദ്യശ്യങ്ങളും ദൃക്സാക്ഷികളുമില്ലാത്ത വാഹനാപകട കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത 604/2020 നമ്പർ കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് കമ്മീഷൻ അംഗം കെ.ബൈജു നാഥ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

2020 ജൂലൈ അഞ്ചിനാണു അപകടം നടന്നത്. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച 19കാരൻ റിൻഷാദിന്റെ പിതാവ് പന്താരങ്ങാടി പൂക്കത്ത് വീട്ടിൽ പി.കെ അബ്ദുൾ റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ അന്വേഷണ വിഭാഗം പരാതിയെ കുറിച്ച് അന്വേഷണം നടത്തി. തിരൂരങ്ങാടി പൊലീസ് കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ട് തള്ളിയ ശേഷമാണ് കമ്മീഷൻ നേരിട്ട് അന്വേഷിച്ചത്.

മരിച്ച യുവാവിന്റെ ബൈക്കിൽ തട്ടിയെന്ന് സംശയിക്കുന്ന പിക്ക് അപ് വാനിന് സംഭവസമയത്ത് ഇൻഷ്വറൻസ് ഉണ്ടായിരുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി.സംഭവം നടന്ന് രണ്ടു മണിക്കൂറിന് ശേഷം ഇൻഷുറൻസ് എടുത്തതിനെ കുറിച്ച് തിരൂരങ്ങാടി പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പിക് അപ്പിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് ഏജന്റ് കമ്മീഷനെ അറിയിച്ചു. മരിച്ച യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല.എന്നാൽ ഇക്കാര്യം ചാർജ് ഷീറ്റിൽ പറഞ്ഞിട്ടില്ല.സംഭവ സമയത്ത് അടുത്ത വീട്ടിൽ ഉണ്ടായിരുന്ന സി സി റ്റി വി ദ്യശ്യങ്ങൾ പൊലീസ് ബന്തവസിലെടുത്തില്ല. അതിനാൽ വാഹനങ്ങളുടെ വേഗത കണ്ടെത്താനായില്ല.

പിക് അപ് തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്ന ബന്ധുക്കളുടെ ആരോപണം തെളിയിക്കാൻ വാഹനങ്ങളുടെ ഫോറൻസിക് പരിശോധന നടത്തിയില്ല. ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും പൊലീസ് വ്യാജ സാക്ഷികളെ സൃഷ്ടിച്ചു. ഇതിൽ പലരും പിക് അപ്പ് ഡ്രൈവറുടെ സുഹൃത്തുക്കളാണെന്ന് പരാതിയുണ്ട്. തിരൂരങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുരുതര വീഴ്ചകളാണ് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി സ്വീകരിക്കുന്ന നടപടികൾ ഒരു മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. പി.കെ അബ്ദുൾ റഹീമിന്റെ നാലു മക്കളിലെ് മൂത്തവനാണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞുനിൽക്കുകയായിരുന്നു. പ്രവാസിയായിരുന്ന താൻ ഹൃദയസംബന്ധമായ അസുഖം കാരണം ജോലി അവസാനിപ്പിച്ച് വീട്ടിലിരിക്കുന്ന സമയത്താണ് മകന് അപകടം സംഭവിച്ചതെന്നു പി.കെ അബ്ദുൾ റഹിം പറയുന്നു. തന്റെ ഏകപ്രതീക്ഷയും ഇവനായിരുന്നുവെന്നും അബ്ദുൽ റഹീം പറഞ്ഞു.