തിരുവനന്തപുരം : തളർത്താൻ ശ്രമിച്ചുകൊണ്ടിരുന്ന സമൂഹത്തിൽ വളരാൻ കഠിനാധ്വാനം ചെയ്തു വിജയിക്കുകയാണ് ശ്യാമ. കേരളത്തിൽ ജെ.ആർ.എഫ്. നേടുന്ന ആദ്യ ട്രാൻസ് വ്യക്തി അങ്ങനെ ചർച്ചകളിൽ നിറയുകയാണ്. പി.ജി. പഠനകാലത്ത് ഒരു സർക്കാർ ജോലിയായിരുന്നു ശ്യാമയുടെ ലക്ഷ്യം. അദ്ധ്യാപികയാവാൻ ആഗ്രഹിച്ചു. ഒടുവിൽ ജെ.ആർ.എഫിന്റെ നേട്ടത്തിൽ ഗവേഷകയാകാൻ തയ്യാറെടുക്കുകയാണ് ശ്യാമ. അങ്ങനെ ശ്യാമ ചർച്ചകളിൽ നിറയുന്നു.

യുജിസി.യുടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്(ജെ.ആർ.എഫ്.) നേടുന്ന കേരളത്തിലെ ആദ്യ ട്രാൻസ് വ്യക്തിയായി ചരിത്രത്തിന്റെ ഭാഗമായി ശ്യാമ എസ്. പ്രഭ. ശ്യമയുടെ നേട്ടം സോഷ്യൽ മീഡിയിയിൽ അടക്കം വലിയ ചർച്ചയാണ്. പഠനമികവിലായിരുന്നു എല്ലാ നേട്ടവും. ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ വീട്ടിലും ചുറ്റുപാടുകളിൽനിന്നും നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലുകളെ വിദ്യാഭ്യാസത്തിന്റെ കരുത്തിൽ ശ്യാമ അതിജീവിച്ചു. പഠനം ആയുധമാക്കി പ്രതിസന്ധികളെ തകർത്തു. അങ്ങനെ നേട്ടങ്ങളും എത്തി.

ഇന്ന് എന്നെ പിന്തുണയക്കാൻ എന്റെ ഭർത്താവുണ്ട്. ചുറ്റുമാളുകളുണ്ട്. അന്ന് ഇതായിരുന്നില്ല സ്ഥിതി. ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് നിലനിൽപ്പ് തന്നെ സാധ്യമായത്. ഇനി പി.എച്ച്.ഡി.ക്ക് ജോയിൻ ചെയ്യണം, നല്ല ഗൈഡിനെ കണ്ടുപിടിക്കണം. ട്രാൻസ് സമൂഹത്തിന് കെൽപ്പേകുന്ന ഒരു വിഷയം തന്നെ ഗവേഷണത്തിനായി തിരഞ്ഞെടുക്കണം-ഇതാണ് ശ്യാമയ്ക്ക് പറയാനുള്ളത്. ശ്യാമയുടെ വിവാഹവും മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽനിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയിരുന്നു ശ്യമാ. ബി.എഡും എം.എഡും പൂർത്തിയാക്കി. 2018 മുതൽ 2023 വരെ സംസ്ഥാന സർക്കാരിന്റെ ട്രാൻസ്ജെൻഡർ സെല്ലിൽ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററായി. ഒടുവിൽ ഗവേഷക യോഗ്യതാപ്പരീക്ഷയായ ജെ.ആർ.എഫും നേടി. 2015-ൽ അദ്ധ്യാപക യോഗ്യതാപ്പരീക്ഷയായ നെറ്റ് നേടിയിരുന്നു.

പരിശീലനമില്ലാതെയുള്ള നേട്ടമാണിതെന്ന് ശ്യാമ പറയുന്നു. നന്നായി പഠിച്ചിരുന്നപ്പോഴും അദ്ധ്യാപകരിൽനിന്നു പിന്തുണ ലഭിച്ചിരുന്നില്ല. ട്രാൻസ് വ്യക്തിയായതിന്റെ പേരിൽ കൂടെയിരുന്നു പഠിക്കുന്ന കൂട്ടുകാരിൽ നിന്നു പോലും അവഗണന നേരിട്ടു. ക്ലാസ്മുറികളിൽ നിന്നു മാറി കൂടുതൽ സമയവും വായന മുറികളിലായി. ഒറ്റയ്ക്കായപ്പോഴും അതിൽ തളർന്നില്ല. പഠിച്ചുകൊണ്ടിരുന്നു.

ഒരുപാട് മോശം അനുഭവങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം. നിരവധി പേരുടെ കൈയിൽ നിന്ന് ശാരീരിക പീഡനവും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പൊതുവിടങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന് യോജിച്ച ആളല്ല ഞാനെന്ന തോന്നൽ പോലും എനിക്കുണ്ടായി. മനുഷ്യൻ എന്ന നിലയിൽ എനിക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന ബോധ്യത്തിലേക്കെത്തിയത് വിദ്യാഭ്യാസത്തിലൂടെയാണ്. വിദ്യാഭ്യാസം ഉപേക്ഷിച്ചാൽ സമൂഹത്തിൽ നിലനിൽക്കുന്നതിനു തന്നെ വലിയ പ്രതിസന്ധികളനുഭവിക്കേണ്ടി വരുമെന്ന തിരിച്ചറിവ് അന്നേ എനിക്കുണ്ടായിരുന്നു-ശ്യാമ പറയുന്നു.

അദ്ധ്യാപകർ മോശമായി പെരുമാറിയ സാഹചര്യവുമുണ്ടായിട്ടുണ്ട്. എനിക്ക് ഉയരം കുറവായിരുന്നു. ഏറ്റവും പുറകിലെ ബഞ്ചിലിരിക്കുന്ന ആൺകുട്ടികൾ പേപ്പറിൽ കല്ല് വെച്ച് റബർ ബാൻഡുണ്ടാക്കി അടിക്കും. ടീച്ചർ പഠിപ്പിക്കുമ്പോഴാണ് ഇത്തരം സംഭവമുണ്ടാകുന്നത്. ടീച്ചറോട് പരാതിപ്പെട്ടപ്പോൾ, ആൺകുട്ടികളെപ്പോലെ പെരുമാറാൻ പഠിക്കണം ഇല്ലെങ്കിൽ ഇത്തരം ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചിട്ടുള്ള അദ്ധ്യാപകരുണ്ട്-ശ്യാമ പറയുന്നു.

ഞങ്ങളെ പോലുള്ള കുട്ടികളെ ഉപദ്രവിക്കാൻ മറ്റുള്ള കുട്ടികൾക്ക് ലൈസൻസ് നൽകുന്ന ഇടപെടലാണ് അവ. മറിച്ച് ജെൻഡർ വ്യത്യാസമില്ലാതെ, എല്ലാവരോടും ഒരുപോലെ പെരുമാറാൻ പല അദ്ധ്യാപകർക്കും പറ്റാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള സമീപനം എന്നെ സംബന്ധിച്ചുണ്ടായത്. വസ്ത്രം അഴിച്ച് പരിശോധിക്കുന്ന സാഹചര്യം കോളേജിൽ പോലും ഉണ്ടായിട്ടുണ്ട്. ഇന്ന് ആലോചിക്കുമ്പോൾ അത് ഓർക്കാൻ പോലും പറ്റുന്നില്ല-നേട്ടങ്ങൾക്കിടയിൽ ശ്യാമ പറയുന്നു.

ഒരു കോച്ചിങ്ങിനും പോകാതെ സ്വയം പഠിച്ച് നേടിയതാണ് ജെആർഎഫ്. കോളേജ് സമയത്ത് പഠിച്ച പുസ്തകങ്ങൾ ഇപ്പോഴും എന്റെ കയ്യിലുണ്ട്. സമൂഹ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിലൂടെയാണ് മലയാളത്തിൽ ജെആർഎഫ് നേടാൻ സാധിച്ചത്. പക്ഷേ, ട്രാൻസ്‌ജെൻഡർ സെല്ലിൽ ഞാൻ പഠിച്ച സമയത്ത് പ്രത്യേക പദ്ധതി ഇതിന് വേണ്ടി ആവിഷ്‌കരിച്ചിട്ടുണ്ട്.

യത്നം എന്ന പേരിൽ പിഎസ്‌സി, യുപിഎസ്‌സി, ഗേറ്റ് തുടങ്ങിയ മത്സര പരീക്ഷകളിൽ അവരുടെ കോച്ചിങ്ങിന് വേണ്ടി ഫീസടക്കം ഏറ്റെടുക്കുന്ന പദ്ധതിയാണത്. ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് അതിന്റെ ഗുണം ലഭിക്കണമെന്നതാണ് ഇത്തരം പദ്ധതിയുടെ ലക്ഷ്യം.