ഇടുക്കി: ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തോടനുബന്ധിച്ച് എസ് ഐ നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. ഭക്തി മൂത്ത് വിളയാടിയതെന്ന് ഒരു വിഭാഗം. മദ്യലഹരിയിലെ പേകൂത്തെന്ന് മറ്റൊരുവിഭാഗം. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേടെന്ന് പരക്കെ വിമർശനം. എസ് ഐയ്ക്കെതിരെ കടുത്ത നടപടിക്കും സാധ്യത.

ശാന്തൻപാറ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷാജി കെ സി യാണ് പൂപ്പാറ മാരിയമ്മൻ കോവിലെ ഉത്സവത്തോടനുബന്ധിച്ച് മാരിയമ്മെ ..കാളിയമ്മെ എന്ന ഗാനത്തിനൊപ്പം ഭാവചലനങ്ങൾ ഉൾക്കൊണ്ട് നൃത്തം ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് ഉത്സവാഘോഷത്തിന്റെ സുരക്ഷ ചുമതലയുമായി ബന്ധപ്പെട്ട് ഷാജിയും മറ്റുരണ്ട് പൊലീസുകാരും ക്ഷേത്രത്തിൽ എത്തുന്നത്.

മറ്റ് പൊലീസുകാർ അൽപ്പം മാറി റോഡിൽ നിൽക്കുമ്പോവാണ് എസ് ഐ ഭക്തി മൂത്തെന്ന് തോന്നിക്കും വിധം ദേവി ചിത്രത്തെ കുമ്പിട്ട് എസ് ഐ നൃത്തം ചവിട്ടിയത്. എസ് ഐ യുടെ പ്രകടനത്തിന് കൂടി നിന്നവർ ചൂളമടിച്ചും കൈകൊട്ടിയും പ്രോത്സാഹനം നൽകുന്നുമുണ്ടായിരുന്നു. എസ് ഐ മൂഡ്് ആസ്വദിച്ച് നൃത്തം തുടർന്നതോടെ പരിസരത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റുകയായിരുന്നു.

യൂണിഫോമിൽ എസ് ഐ നൃത്തം ചെയ്യുന്നത് കണ്ട് നാട്ടുകാരിൽ ചിലർ ദൃശ്യം മൊബൈലിൽ പകർത്തി,സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഈ വീഡിയോ വൈറലായി. ഇതോടെ സംഭവം സംബന്ധിച്ച് അന്വേഷിച്ച് ശാന്തൻപാറ എസ് എച്ച് ഒ മനോജ്കുമാർ മേലദികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. രഹസ്യന്വേഷണ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തിയിരുന്നു.

ക്ഷേത്രത്തിൽ എത്തിയപ്പോൾ കൂട്ടുകാർ നിർബന്ധിച്ചതിനാലാണ് നൃത്തം ചെയ്തതെന്ന് കാണിച്ച് എസ് ഐ മേലധികാരികൾക്ക് വിശദീകരണം നൽകിയതായിട്ടാണ് സൂചന. എസ് ഐ മദ്യലഹരിയിലാണ് ഇത്തരത്തിൽ പെരുമാറിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. സംഭവം പേലീസ് സേനയ്ക്ക് ആകെ നാണക്കേട് സൃഷ്ടിച്ചതായിട്ടാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ എസ് ഐയ്ക്കെതിരെ സസ്പെൻഷൻ ഉൾപ്പെടയുള്ള കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ആലപ്പുഴ സ്വദേശിയായ എസ് ഐയുടെ പ്രവർത്തനത്തെക്കുറിച്ച് ഇതുവരെ കാര്യമായ പരാതികൾ ഉയർന്നിരുന്നില്ല എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചിട്ടുള്ളത്. ഒരു കൊല്ലം കൂടി സർവ്വീസ് ബാക്കി നിൽക്കെയാണ് എസ് ഐ പൊതുജനമധ്യത്തിൽ യൂണിഫോമിൽ നൃത്തം ചവിട്ടി മേലധാകാരികളുടെ അനിഷ്ടത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.