തിരുവനന്തപുരം: കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ തുടങ്ങി മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബി മലയിൽ- മോഹൻലാൽ കൂട്ടുക്കെട്ട് മലയാള സിനിമ ലോകത്തിന് സമ്മാനിച്ചത്. മലയാളസിനിമയ്ക്ക് പുത്തൻ ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ പ്രധാനിയാണ് സിബിമലയിൽ.

ഇവയിൽ കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്ന നിലയിൽ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദശരഥം. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്നിവയൊക്കെ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ 'ദശരഥം' പിറക്കുന്നത്.

വാടക ഗർഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നർമ്മത്തിന്റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ചിത്രത്തിലെ രാജീവ് മേനോൻ എന്ന കഥാപാത്രത്തിനും വാടക ഗർഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യൽ മീഡിയ സിനിമാഗ്രൂപ്പുകളിലൊക്കെ ചിലപ്പോഴൊക്കെ ചർച്ചകൾ ഉണ്ടായിട്ടുണ്ട്.

തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്‌സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി ''ആനി മോനെ സ്‌നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്‌നേഹിക്കാമോ?'' എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമ കൂടിയായിരുന്നു 'ദശരഥം'.

ദശരഥത്തിന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും നടക്കാതെ പോയ ആ ആഗ്രഹമാണ് കരിയറിലെ ഏറ്റവും നിരാശയെന്നും തുറന്നുപറയുകയാണ് സിബി മലയിൽ ഇപ്പോൾ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ തുറന്നുപറയുന്നത്.

''ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാർ എഴുതി പൂർത്തിയാക്കിയതാണ്. നിരവധി പേർ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹൻലാലിനേയും സമീപിച്ചിരുന്നു. ഞാൻ ആഗ്രഹിച്ച തുടർച്ചയായിരുന്നു ഹേമന്ത് കുമാർ എഴുതിയത്. എന്നാൽ മോഹൻലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താൻ പറയാമെന്നും വേണു പറഞ്ഞു. എന്നാൽ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും''- സിബി മലയിൽ പറയുന്നു.

കഥയുടെ ചുരുക്കം ഹൈദരാബാദിൽ പോയി മോഹൻലാലിനോട് പറഞ്ഞ കാര്യവും സിബി മലയിൽ പറയുന്നു. 'എക്‌സൈറ്റഡ് ആവാത്ത ആളുകളെ എക്‌സൈറ്റ് ചെയ്യിക്കാനാവില്ലല്ലോ. എനിക്ക് റീച്ചബിൾ ആവാത്ത അവസ്ഥകളിലേക്ക് എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു ഇവരുടെയടുത്തേക്ക് ഒക്കെ എത്താൻ. അത്തരം കടമ്പകൾ കടക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞാനതിനു ശ്രമിച്ചു, ഹൈദരാബാദിൽ പോയി കഥ പറഞ്ഞു, അരമണിക്കൂർ ആണ് എനിക്ക് കിട്ടിയത്. അതിനു ശേഷം 6 മാസം കൊണ്ട് തിരക്കഥയെഴുതി പൂർത്തിയാക്കി, പക്ഷേ അതൊന്നു വായിച്ചുകേൾക്കാനുള്ള അവസരം എനിക്ക് തന്നില്ല. ഈ കഥയെ കുറിച്ച് കേട്ടവരും വായിച്ചവരുമൊക്കെ പല തവണ ഇതിനെ കുറിച്ച് ലാലിനോട് സംസാരിച്ചു. പല കാരണങ്ങൾ പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി.

ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന്, താൽപര്യമില്ലെന്നും ഇവരൊക്കെയാണോ എന്റെ സിനിമകളിൽ തീരുമാനമെടുക്കേണ്ടതെന്നും സിബി മലയിൽ തുറന്നടിക്കുന്നു.

''എനിക്കു പോകാൻ പറ്റാത്ത ഇടമാണെങ്കിൽ പിന്നെ ഞാൻ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാൻ പോകാറില്ല. എന്റെ ഇത്തരം നിലപാടുകൾ കാരണം നഷ്ടങ്ങൾ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാൻ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്.''

''ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോൾ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവർക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. ''- സിബി മലയിൽ കൂട്ടിച്ചേർത്തു.

സമ്മർ ഇൻ ബത്ലഹേം രണ്ടാം ഭാഗത്തിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ലെന്നും രണ്ടാം ഭാഗത്തിന് സാധ്യത നിലനിൽക്കുന്നുവെന്നേ പറയാനാകൂവെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ടെന്നും മമ്മൂട്ടി തയ്യാറാണോ എന്നറിയില്ലെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

കൊത്ത് ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിബി മലയിൽ ചിത്രം. ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു, സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹേമന്ദ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ.