കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ. കാന്തനാഥനെയും വൈസ് ചാൻസിലർ സസ്‌പെൻഡ് ചെയ്തു. കാമ്പസ് ഹോസ്റ്റലിൽ നടന്ന കാര്യങ്ങളെ കുറിച്ചു അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നതു കൊണ്ടാണ് നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൽ ഇരുവരും നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഇരുവരെയും തൽസ്ഥാനങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തുകൊണ്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ. പിസി ശശീന്ദ്രൻ ഉത്തരവിറക്കിയത്. എത്രകാലത്തേക്കാണ് സസ്‌പെൻഷൻ എന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം സസ്‌പെൻഷൻ നടപടിയിൽ പൂർണ തൃപ്തിയില്ലെന്ന് സിദ്ധാർഥിന്റെ പിതാവ് പ്രതികരിച്ചു. സർവകലാശാലാ നടപടി വൈകിപ്പോയി. സിദ്ധാർഥ് മർദ്ദിക്കുന്നത് ഇവർക്കും അറിയാമായിരുന്നു എന്നും ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സിദ്ധാർഥിന്റെ പിതാവ് പറഞ്ഞു. നേരത്തെ ഗവർണർ വൈസ് ചാൻസിലറെ പുറത്താക്കിയിരുന്നു. തുടർന്നാണ് പി.സി ശശീന്ദ്രനെ പുതിയ വിസിയായി നിയമിച്ചത്. വൈസ് ചാൻസിലർക്കെതിരെ നടപടിയെടുത്തെങ്കിലും ഹോസ്റ്റൽ വാർഡന്റെ കൂടി ചുമതലയുള്ള ഡീനിനും അസി. വാർഡനുമെതിരെ നടപടിയെടുക്കാത്തതിൽ വലിയ രീതിയിലുള്ള വിമർശനമുണ്ടായിരുന്നു.

ഇരുവർക്കും സംഭവത്തിൽ വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് ഇരുവരും മറുപടി നൽകിയത്. സിദ്ധാർത്ഥന്റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നൽകിയ മറുപടി. പോസ്റ്റ് മോർട്ടം അടക്കം നടക്കുമ്പോൾ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. എന്നാൽ, ഇരുവരുടെയും മറുപടി തൃപ്കികരമല്ലെന്നാണ് ഉത്തരവിൽ വിസി വ്യക്തമാക്കിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സുതാര്യമായ അന്വേഷണത്തിന് ഇരുവം തൽസ്ഥാനത്ത് തുടരുന്നത് തടസമാകുമെന്നും ഉത്തരവിലുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തതെന്നാണ് ഉത്തരവിൽ പറയുന്നത്.

ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നായിരുന്നു കാരണം കാണിക്കൽ നോട്ടീസിൽ വിസി ഇരുവരോടും ചോദിച്ചിരുന്നത്. ഇതിന് ഇരുവരും തൃപ്തികരമായ മറുപടിയല്ല നൽകിയിരുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നേരത്തെ നൽകിയിരുന്ന നിർദ്ദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് ഇന്ന് രാവിലെ പത്തരവരെ സമയം നീട്ടി നൽകുകയായിരുന്നു.

വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടിയുണ്ടാകുകയെന്നാണ് നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.