തിരുവനന്തപുരം: വേറിട്ട മന്ത്രിയെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായയാണ് റോഡിലെ കുഴിയിൽ വീണ് നഷ്ടമായത്. ഇമേജ് മെച്ചമാക്കാൻ, റിയാസ്, തന്റെ ഭാര്യാപിതാവ് പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിലെ പൊലീസുകാരെ ഉപയോഗിച്ച് റോഡിലെ കുഴിയെണ്ണുന്നു. ഇന്നലെയാണ് പൊലീസ് മേധാവി ഇത് സംബന്ധിച്ച നിർദ്ദേശം താഴേതട്ടിൽ നൽകിയത്. ഇതിന് പിന്നാലെ പല ജില്ലകളിലും മേധാവിമാർ സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകി.

കുഴികളുടെ എണ്ണം എടുക്കാനുള്ള ഫോർമാറ്റ് രാവിലെ 10 മണിക്ക് നൽകിയിട്ട് ഉച്ചയ്ക്ക് 1ന് മുമ്പ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മെയിൽ അയക്കണമെന്നും ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന കോൺഫറൻസിൽ കണക്ക് നൽകണമെന്നുമായിരുന്നു നിർദ്ദേശം. ഇതോടെ സ്റ്റേഷനിലെ മറ്റ് ജോലികളെല്ലാം മതിയാക്കി സിഐയുടെ നേതൃത്വത്തിൽ പൊലീസുകാർ കുഴിയെണ്ണാൻ ഇറങ്ങി.

പൊലീസ് സ്റ്റേഷന്റെ പേര്, കുഴികളുടെ എണ്ണം, റോഡിന്റെ പേര്, കുഴി കണ്ടെത്തിയ സ്ഥലം, റോഡിന്റെ ചുമതല എന്നിവ പ്രത്യേകം എഴുതിയാണ് നൽകേണ്ടത്. റോഡിലെ കുഴിയും കണക്കെടുപ്പും അറ്റകുറ്റ പണിയും പൂർണമായും പി.ഡ.ബ്ല്യു.ഡിയുടെ ചുമതലയായിരിക്കെ ക്രമസമാധാന ചുമതലയുള്ള പൊലീസിനെ എന്ത് അടിസ്ഥാനത്തിൽ ഈ ജോലിക്ക് നിയോഗിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

പി ഡബ്ല്യു ഡിക്ക് കഴിയാതെ വന്നാൽ തദ്ദേശവകുപ്പിനാണ് ഇക്കാര്യത്തിൽ ആവശ്യമായ സഹായം ചെയ്യാൻ കഴിയുക. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിൽ കണക്കെടുക്കാനാകും. അത് ഒഴിവാക്കിയാണ് പൊലീസിനെ പണി ഏൽപ്പിച്ചത്. കുഴിയെണ്ണൽ പി ഡബ്ല്യു ഡിയുടെ ജോലിയായതിനാൽ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയാൽ തദ്ദേശവകുപ്പ് ഇടയും. മന്ത്രി എം വിഗോവിന്ദൻ മാസ്റ്റർ വിചാരിച്ചാലും കാര്യം നടക്കില്ല.

ഇതോടെയാണ് പിണറായി വിജയന് കീഴിലുള്ള ആഭ്യന്തര വകുപ്പിനെ തിരഞ്ഞെടുത്തത്. പ്രതിദിനം സ്റ്റേഷനുകളിലെത്തുന്ന കേസുകളിൽ പ്രാഥമിക അന്വേഷണം പോലും നടക്കാത്ത സാഹചര്യത്തിലാണ് പൊലീസുകാരെ കുഴിയെണ്ണാൻ നിയോഗിച്ചത്. ഇതോടെ സേനയ്ക്കുള്ളിൽ കടുത്ത അമർഷമാണ് ഉയരുന്നത്. കാക്കിയിട്ടവന്റെ ഗതികേടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പറയുന്നത്.

സ്റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി കടന്നുപോയാൽ മൂന്നു മണിക്കൂർ മുമ്പ് റോഡിൽ പൊലീസുകാരെ നിയോഗിക്കുന്നതാണ് പതിവ്. അതും യാത്ര തുടങ്ങി അവസാനിക്കുന്നത് വരെയുള്ള റോഡ് മുഴുവൻ ഈ സമയത്ത് സ്റ്റേഷനിലെ റൈറ്റർ ഒഴികെ മറ്റെല്ലാവരെയും ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ്.

വമ്പൻ പൊലീസ് അകമ്പടിയോടെ മുഖ്യമന്ത്രി സഞ്ചരിക്കുന്നത് പൊലീസിന് തലവേദനയായിരിക്കുന്നതിനിടെയാണ് മരുമകൻ മന്ത്രിയുടെ വകുപ്പിലെ പണിക്കും പൊലീസിനെ നിയോഗിക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ബഹുഭൂരിപക്ഷം പൊലീസുകാരും പറയുന്നത്. എന്നാൽ പൊലീസിലെ പ്രബലമായ ഇടതുപക്ഷ സംഘടന മൗനം പാലിക്കുന്നതായാണ് ആക്ഷേപം.