- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പതിനേഴാം രാവിൽ അവർ പുനർജ്ജനി നൂണ്ടു! ഉത്തരകാശി ടണലിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചതോടെ ആശ്വാസത്തോടെ രാജ്യം; സ്ട്രക്ച്ചറുമായി ടണലിന് ഉള്ളിൽ കയറി രക്ഷപെടുത്തി; തൊഴിലാളികൾ തന്ന ബഹുമാനം ജീവിതത്തിൽ മറക്കാനാകില്ലെന്ന് രക്ഷാപ്രവർത്തകർ
ഉത്തരകാശി: പതിനേഴ് ദിവസങ്ങൾക്ക് ശേഷം രാജ്യത്തിന് ആശ്വാസമായി ഉത്തരകാശിയിലെ രക്ഷാപ്രവർത്തനത്തിന്റെ വിജയം. നൂറ് ശതമാനം വിജയമായി തുരങ്കത്തിലെ രക്ഷപ്രവർത്തനം മാറിയതാണ് രാജ്യത്തിന് ആശ്വാസം നൽകുന്നത്. ഉത്തരകാശിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. പതിനേഴ് ദിവസം തുരങ്കത്തിൽ ആശങ്കയുമായി കഴിഞ്ഞതോടെയാണ് അവർ ജീവിതത്തിലേക്ക് പുനർജ്ജനി നൂണ്ടത്.
പുറത്തെത്തിയ 41 പേരെയും ആശുപത്രിയിലെത്തിച്ചു. എല്ലാ തൊഴിലാളികൾക്കും വിദഗ്ധ ചികിത്സ നൽകുമെന്നും മാനസികമായും ശാരീരികമായും എല്ലാവരും ജീവിതത്തിലേക്ക് മടങ്ങിവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കർ സിങ് പറഞ്ഞു. എസ്ഡിആർഎഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപെടുത്തിയത്. എസ്ഡിആർഫിന്റെയും എൻഡിആർഎഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതിൽ നാലുപേരാണ് ടണലിൽ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തേക്ക് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 41 തൊഴിലാളികളാണ് സിൽക്യാര ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.
17 ദിവസത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവർ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായ.ത്തോടെയുള്ള തുരക്കൽ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ 24 'റാറ്റ്-ഹോൾ മൈനിങ്' വിദഗ്ധരുടെ സംഘം മാനുവൽ ഡ്രില്ലിങ് നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം ഒന്നരമണിക്കൂറിൽ വിജയം കണ്ടു, മുഴുവൻ തൊഴിലാളികളും പുറത്തെത്തിച്ചു. തുരങ്കത്തിന് പുറത്ത് സജ്ജമാക്കി നിർത്തിയ ആംബുലൻസിൽ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യത്തെ കുറച്ച് തൊഴിലാളികളെ സ്ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും ചേർന്നാണ് പുറത്തെത്തിയ തൊഴിലാളികളെ സ്വീകരിച്ചത്.
ഡൽഹിയിൽനിന്നുള്ള റാറ്റ് മൈനർ, മുന്ന ഖുറേഷിയാണ് തൊഴിലാളികളുടെ അടുത്തേക്ക് ആദ്യമെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
അവസാനത്തെ പാറ ഞാനാണ് നീക്കം ചെയ്തത്. എനിക്ക് അവരെ കാണാൻ കഴിഞ്ഞു. തുടർന്ന് ഞാൻ മറുവശത്തേക്ക് ചെന്നു. അവർ ഞങ്ങളെ കെട്ടിപ്പിടിക്കുകയും എടുത്തുയർത്തുകയും ചെയ്തു. രക്ഷിക്കാനെത്തിയതിന് അവർ നന്ദി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂർ ഞങ്ങൾ തുടർച്ചയായി ജോലി ചെയ്യുകയായിരുന്നു. എനിക്ക് എന്റെ സന്തോഷം പ്രകടിപ്പിക്കാനാകുന്നില്ല. ഞാൻ എന്റെ രാജ്യത്തിനുവേണ്ടിയാണിത് ചെയ്തത്. അവർ (കുടുങ്ങിയ തൊഴിലാളികൾ) ഞങ്ങൾക്ക് നൽകിയ ബഹുമാനം എനിക്ക് എന്റെ ജീവിതത്തിൽ മറക്കാൻ കഴിയില്ല, മുന്നയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
തൊഴിലാളികൾ പുറത്തെത്തിയതിന് പിന്നാലെ പ്രദേശവാസികൾ മധുരവിതരണം നടത്തി. നവംബർ 12-ന് പുലർച്ചെ നാലുമണിയോടെയാണ് ബ്രഹ്മകമൽ-യമുനോത്രി ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണ് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങിയത്. ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകസംഘം തൊഴിലാളികൾക്ക് പൈപ്പമാർഗത്തിലൂടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നൽകി. ഓക്സിജനും പൈപ്പ് മാർഗം തൊഴിലാളികൾക്ക് എത്തിച്ചു നൽകിയിരുന്നു.
തുടക്കത്തിൽ വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യം വീണ്ടും തുരങ്കം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായിരുന്നു. ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് രക്ഷാദൗത്യം ആരംഭിച്ചത്. ടണലിൽ കുടുങ്ങിയത് 40 തൊഴിലാളികളല്ല, 41പേരാണെന്ന് തിരിച്ചറിഞ്ഞതുപോലും നാലു ദിവസത്തിനുശേഷമായിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും ഏകോപനത്തിൽ നടപടികൾ വേഗത്തിലായി. വ്യോമസേനയും റെയിൽവെയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങൾ സ്ഥലത്ത് എത്തിച്ചു. കരസേനയുടെ എഞ്ചിനീയറിങ് വിഭാഗവും ദൗത്യത്തിൽ പങ്കു ചേർന്നു. പല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളുടെയും വിദഗ്ദ്ധർ പങ്കാളികളായി.
#WATCH | Uttarkashi (Uttarakhand) tunnel rescue: CM Pushkar Singh Dhami and Union Minister General VK Singh meet the workers who have been rescued from inside the Silkyara tunnel pic.twitter.com/beuPxZYpxe
- ANI (@ANI) November 28, 2023
വിദേശവിദഗ്ധരുടെയും സഹായം തേടി. തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കുന്നത് ഉൾപ്പടെ അഞ്ചു പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വിജയിച്ച വഴിയല്ലാതെ എല്ലാ പദ്ധതികളും ഏറെ വൈകുമായിരുന്നു. പല ഏജൻസികളുടെയും കഴിഞ്ഞ മൂന്നു നാളുകളിലെ കൂട്ടായ നീക്കം ഇന്നത്തെ ആശ്വാസത്തിന്റെ കാഴ്ചകളിലേക്ക് നയിച്ചു. ദൗത്യം വിജയച്ചതിന്റെയും ശുഭകരമായി പര്യവസാനിച്ചതിന്റെയും ആഹ്‌ളാദത്തിലാണ് രാജ്യം.
അപ്പോഴും ഉത്തരാഖണ്ഡ് രക്ഷാദൗത്യം രാജ്യത്തിന് പുതിയ പാഠമായി മാറുകയാണ്. മുന്നറിയിപ്പ് അവഗണിച്ചുള്ള ഹിമാലയൻ താഴ്‌വരയിലെ നിർമ്മാണങ്ങൾ എത്ര സുരക്ഷിതം എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇത്തരം സാഹചര്യം നേരിടാൻ ദുരന്ത നിവാരണ അഥോറിറ്റി പോലും തയ്യാറല്ലായിരുന്നു എന്നും ആദ്യം ദിവസങ്ങളിലെ ആശയക്കുഴപ്പം സൂചിപ്പിക്കുന്നു. കാത്തിരിപ്പിനൊടുവിൽ ഈ ദുഷ്‌ക്കരമായ ദൗത്യം വിജയിപ്പിക്കാനായി എന്നത് രാജ്യത്തിനാകെ വലിയ ആത്മവിശ്വാസം നൽകുന്നതാണ്.