- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനുള്ള പുതുവത്സര സമ്മാനമായി 180കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്ന വന്ദേഭാരത് കേന്ദ്രം പ്രഖ്യാപിക്കും; പിണറായിയുടെ സിൽവർ ലൈനിന്റെ വഴിയടച്ച് അതിവേഗ തീവണ്ടി ഓടിക്കാൻ കേന്ദ്രസർക്കാർ; കൊള്ളപ്പലിശയ്ക്ക് വിദേശ വായ്പയെടുത്ത് സിൽവർ ലൈൻ നടപ്പാക്കുമെന്ന നിലപാടിൽ പിണറായിയും; ബംഗ്ലൂരിലേക്കും ചെന്നൈയിലേക്കും ഇനി മലയാളിക്ക് അതിവേഗ യാത്ര
തിരുവനന്തപുരം : മണിക്കൂറിൽ 180കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായുന്ന വന്ദേഭാരത് ട്രെയിൻ അടുത്തതായി എത്തുന്നത് കേരളത്തിലേക്കാണ്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച ആദ്യ ട്രെയിൻ ചെന്നൈ- ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ നവംബർ പത്തുമുതൽ ഓടിത്തുടങ്ങും. കേരളത്തിന് പുതുവർഷ സമ്മാനമായി വന്ദേഭാരത് ട്രെയിൻ കേന്ദ്രസർക്കാർ അനുവദിക്കും.
ബംഗളുരു-എറണാകുളം, ചെന്നൈ-എറണാകുളം, കണ്ണൂർ-തിരുവനന്തപുരം റൂട്ടുകളിലാണ് വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നത്. വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തിയ ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക ട്രെയിനായ വന്ദേഭാരത് കേരളത്തിലേക്കും വരുന്നതോടെ പിണറായി സർക്കാരിന്റെ തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി അപ്രസക്തമായി മാറും.
സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്നും സർവേ നടത്തുന്നതു പോലും കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണെന്നും കേന്ദ്രം വ്യക്തമാക്കിരുന്നു. എന്നിട്ടും സിൽവർ ലൈനിനായുള്ള സർവേ തുടരുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. വന്ദേഭാരത് വരുന്നതോടെ ഇതെല്ലാം പൊളിഞ്ഞടുങ്ങും. വന്ദേഭാരത് ട്രെയിനുകൾക്കായി ഒരു രൂപ പോലും സർക്കാർ മുടക്കേണ്ടതില്ല.
മൂന്നുവർഷത്തിനകം 400 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75 ആഴ്ച കൊണ്ട് 7 5വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ ചെന്നൈ, ഹൈദരാബാദ്, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്. രാജ്യത്തെ 300 നഗരങ്ങളെ വന്ദേഭാരത് ട്രെയിനുകളിലൂടെ ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44ട്രെയിനുകൾ നിർമ്മാണത്തിലാണ്. അതിവേഗം നിർമ്മാണം പൂർത്തിയാക്കി കേരളത്തിലടക്കം വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ന്യൂഡൽഹി - വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസ്. ന്യൂഡൽഹി - ശ്രീ മാതാ വൈഷ്ണോ ദേവി കത്രയാണ് രണ്ടാമത്തേത്. രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗർ - മുംബയ് റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെന്നൈ- ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ നാലാമത്തെ വന്ദേഭാരത് വരുന്നത്.
മുൻപ് തുടങ്ങിയ സർവീസുകളിൽ ഉപയോഗിച്ച വന്ദേഭാരത് ട്രെയിനുകളുടെ പരിഷ്‌കരിച്ച കോച്ചുകളാണ് പുതിയ സർവീസിനുപയോഗിക്കുന്നത്. ഓടിത്തുടങ്ങുന്ന ട്രെയിനിന് ആദ്യ 52 സെക്കന്റിൽ തന്നെ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ സാധിക്കും. നേരത്തെ, 430 ടൺ ഭാരമുണ്ടായിരുന്ന ട്രെയിനുകൾക്ക് നിലവിൽ 392 ടൺ ഭാരമാണുള്ളത്. തദ്ദേശീയമായി രൂപകല്പന ചെയ്ത സെമിഹൈ സ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനാണിത്. ജി.എസ്.എം / ജി.പി.ആർ.എസ് വഴി നിയന്ത്രിക്കുന്ന ശീതീകരണ സംവിധാനമുണ്ട്. കോച്ചുകളിൽ പാസഞ്ചർ ഇൻഫർമേഷൻ ആൻഡ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റമുണ്ട്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകളും കോച്ചുകളിൽ ടച്ച് ഫ്രീ സ്ലൈഡിങ് വാതിലുകളുമുണ്ട്. എക്സിക്യുട്ടീവ് ക്ലാസിൽ കറങ്ങുന്ന സീറ്റുകളാണുള്ളത്. വിമാനത്തിലേതു പോലെ ബയോവാക്വം ടോയ്‌ലറ്റുകളും വന്ദേഭാരത് ട്രെയിനിലുണ്ട്.
സാധാരണ ഗതിയിൽ 500 കിലോമീറ്റർ ദൈർഘ്യമുള്ള സർവീസുകൾക്കാണ് ചെയർകാർ മാത്രമുള്ള വന്ദേഭാരത് ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ബംഗളുരുവിൽ നിന്ന് സർവീസ് തുടങ്ങാനാണ് ദക്ഷിണ റെയിൽവേയുടെ ശുപാർശ. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക ട്രെയിനാണിത്. മികച്ച സീറ്റുകൾ, ഇന്റീരിയറുകൾ, ഓട്ടോമാറ്രിക് ഡോറുകൾ എന്നിവയുണ്ട്.
പുഷ്ബാക്ക് സംവിധാനമുള്ള സീറ്റുകൾ, ബാക്ടീരിയ രഹിതമായ എയർകണ്ടിഷനിങ്, കേന്ദ്രീകൃത കോച്ച് മോണിട്ടറിങ്, ഓരോ കോച്ചിലും നാല് എമർജൻസി വാതിലുകൾ എന്നിവയുണ്ട്. ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈൻ, വൈദ്യുതിയില്ലെങ്കിലും കത്തുന്ന എമർജൻസി ലൈറ്റുകൾ എന്നിവയെല്ലാമുള്ള ഒരു ട്രെയിനിന്റെ നിർമ്മാണചെലവ് 100കോടി രൂപയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്