- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മൂമ്മയും അച്ഛനും ക്രിമിനലുകൾ; മയക്കു മരുന്ന് കച്ചവടത്തിന് മറ കുട്ടികളും; നോറയുടെ പേരിൽ കാമുകനെ ബ്ലാക് മെയിൽ ചെയ്യലും; ദത്തെടുത്ത് വളർത്തിയ മകന്റെ വഴിവിട്ട ബന്ധങ്ങളിലെ മതാപിതാക്കൾക്കുള്ള വേദന നിർണ്ണായകമായി; ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയത് മാർച്ചിൽ; ആ ക്രൂരയായ അമ്മൂമ്മ കുഴഞ്ഞു വീണു മരിച്ചു; സിപ്സിയുടേത് ഹൃദയാഘാതം
കൊച്ചി: കൊച്ചിയിൽ പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്‌സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. ഹൃദയാഘാതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിപ്‌സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്‌സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു നഗരത്തിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്‌സിക്കായിരുന്നു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.
കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ക്രിമിനൽ പ്രവർത്തികൾക്ക് മറയായിരുന്നു കുട്ടികൾ എന്നാണ് ലഭിക്കുന്ന സൂചന. അതിന് വേണ്ടി അമ്മയിൽ നിന്ന് പോലും കുട്ടികളെ അകറ്റി. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് സജീവും സിപ്സിയും. മയക്കുമരുന്ന് മാഫിയയുമായും ബന്ധമുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും കുപ്രസിദ്ധ കുടുംബം. സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിപ്സിയുമായി അകന്നതെന്നാണു കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിരുന്നത്.
ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടും. പൊലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. സജീവിന്റെ കുടുംബത്തിലും ഇത് പ്രശ്നമായി. അങ്ങനെയാണ് സജീവിന്റെ ഭാര്യ ഡിക്സി പിണങ്ങുന്നതും. സിപ്സിയുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. കുട്ടികളെ ഡിക്സിക്കു വിട്ടു കൊടുത്തില്ല. ഇതും മയക്കുമരുന്ന് കച്ചവടം കൊഴുപ്പിക്കാനായിരുന്നു. ഇതോടെ ഡിക്സി വിദേശത്തേക്ക് പോയി. കുട്ടിയുടെ മരണമറിഞ്ഞ് തിരിച്ചത്തിയ അമ്മ തളർന്നു വീണു. നോറയുടെ മരണം സ്വാഭാവികമാക്കാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെയാണ് സിപ്‌സി ചർച്ചയായത്.
കുട്ടികളെ ഭർത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതർ സ്വീകരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോൺ ബിനോയ് ഡിക്രൂസും സിപ്സിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്നു മാതാപിതാക്കളും ജോണും തമ്മിൽ പിണക്കത്തിലായിരുന്നു. ദത്തെടുത്തു വളർത്തിയ മകന്റെ വഴിവിട്ട ജീവിതം ആ അച്ഛനേയും അമ്മയേയും തളർത്തി. കുഞ്ഞിനെ കൊന്നശേഷം ജോൺ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയ്തു.
വൈകാതെ മാതാവ് കൊലപാതക വിവരം പള്ളുരുത്തി പൊലീസിനെ അറിയിച്ചു. സിപ്സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിപ്സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനം.
മറുനാടന് മലയാളി ബ്യൂറോ