- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജിഒഎയേയും യൂണിയനെയും വെട്ടി മകന്റെ സുഹൃത്തിനെ മന്ത്രി ശിവൻകുട്ടിക്ക് ഒപ്പം എത്തിച്ചത് മുൻ മന്ത്രി ടിപി രാമകൃഷ്ണൻ; ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങളിലെ ഇടപെടലുകളും സെക്രട്ടറിയേറ്റിലെ നേതാവിനെ നിയമം പഠിപ്പിച്ചതും വിനയായി; തൊഴിൽ വകുപ്പിൽ മടങ്ങിയെത്തിയപ്പോൾ നിർണായക സീറ്റ് ഉറപ്പിച്ചത് ആശ്വാസം; മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിലെ മാറ്റത്തിന് പിന്നിലെ കഥ
തിരുവനന്തപുരം. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം സി പി എം ന്റെ സർവീസ് സംഘടനകളും പാർട്ടി സെന്ററും ചേർന്നാണ് പേഴ്സൺ സ്റ്റാഫിനെ നിശ്ചയിച്ചത്. എന്നാൽ പാർട്ടി ജില്ലാ കമ്മിറ്റിയുടെയോ എൻ.ജി.ഒ യൂണിയന്റെയോ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെയോ ശുപാർശ ഇല്ലാതെ മന്ത്രി വി. ശിവൻകുട്ടിയുടെ സ്റ്റാഫിൽ കയറിപ്പറ്റിയ ആളെ കുറിച്ചാണ് ഇപ്പോൾ സി പി എം കേന്ദങ്ങളിൽ ചർച്ച. സാധാരണ ഗതിയിൽ കോൺഗ്രസ് ഭരണ കാലത്ത് പേഴസ്ണൽ സ്റ്റാഫിൽ കയറിപ്പറ്റുക എന്നത് അത്ര ശ്രമകരമായ ജോലി അല്ല.
എന്നാൽ സിപി എം മന്ത്രിയുടെ സ്റ്റാഫിൽ കയറാൻ എത്ര വലിയ നേതാവായാലും നിരവധി കടമ്പകൾ കടക്കണം. സർക്കാർ ഉദ്യോഗസ്ഥനാണേൽ സർവീസ് സംഘടന വഴി ശുപാർശ എ.കെ.ജി സെന്ററിൽ എത്തണം. സർവീസ് സംഘടന ഇക്കുറി ചെയ്തത് യോഗ്യതയുള്ളവരുടെ ഒരു ബയോഡാറ്റ അടക്കം ഓരോ തസ്തികയ്ക്കും അനുസരിച്ചുള്ള പട്ടിക കൈമാറുകയായിരുന്നു. പൊതു പ്രവർത്തകർ അവരുടെ പ്രവർത്തന ഘടകം വഴി ഉപരി കമ്മിറ്റിയിലേയ്ക്കാണ് താൽപര്യം അറിയിച്ച് അപേക്ഷ നൽകിയത്.
ഈ കടമ്പകൾ ഒന്നും കടക്കാതെ മന്ത്രി ശിവൻകുട്ടിയുടെ ഓഫീസിൽ എത്തുകയും ഇപ്പോൾ പുറത്താവുകയും ചെയ്ത ഉദ്യോഗസ്ഥാണ് സെകട്ടറിയേറ്റിലെയും ചർച്ചാ വിഷയം. തൊഴിൽ വകുപ്പിന്റെയും ഇ.എസ് ഐ യുടെയും കാര്യങ്ങൾ നോക്കാൻ മന്ത്രിയുടെ അഡീഷണൽ പി .എസ് ആയി സർവീസ് സംഘടന നിർദ്ദേശിച്ച പട്ടിക മുക്കിയശേഷമായിരുന്നു. ഈ പിൻവാതിൽ വരവ്. തൊഴിൽ വകുപ്പിൽ അഡീഷണൽ കമ്മീഷണർ ആയ കെ.എം. സുനിലിനാണ് ഇങ്ങനെ നിയമനം കിട്ടിയത്.
യൂണിയന്റെ ലിസ്റ്റ് വെട്ടി സുനിലിനെ മന്ത്രി ശിവൻകുട്ടി പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെ പാർട്ടി ഫ്രാക്ഷനിൽ അടക്കം വിമർശനം വന്നപ്പോഴാണ് യൂണിയൻകാർക്ക് സുനിൽ വന്ന വഴി മനസിലായത്. മുൻ തൊഴിൽ മന്ത്രിയും സി പി എം നേതാവുമായ ടി പി രാമകൃഷ്ണന്റെ മകന്റെ അടുത്ത സുഹൃത്തായ സുനിൽ ആ വഴിക്ക് തന്നെയാണ് മന്ത്രി ഓഫീസിൽ എത്തിയത്. ടി.പി.രാമകൃഷ്ണന്റെ ശുപാർശ കാര്യം മന്ത്രി ശിവൻകുട്ടി തന്നെയാണ് പാർട്ടി സെന്ററിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങിയത്.
മുൻ തൊഴിൽ മന്ത്രിയുടെ ശുപാർശ ആയതുകൊണ്ടാണ് ശിവൻകുട്ടിയും വിഷയത്തിൽ താൽപര്യം കാട്ടിയത്. തുടക്കത്തിൽ തന്നെ സുനിലിന്റെ ഇടപെടലുകൾ മന്ത്രി ഓഫീസിൽ കല്ലുകടി സൃഷ്ടിച്ചു. സഹ പ്രവർത്തകരോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് ആദ്യ പരാതി ഉണ്ടായത്. മന്ത്രിക്ക് മുന്നിൽ പരാതികൾ വന്നതോടെ തലവേദനയുമായി. മന്ത്രി ഓഫീസിൽ വരുന്നവരോടു ദാർഷ്ട്യത്തിൽ പെരുമാറുക, ചില സ്ഥലം മാറ്റങ്ങളിൽ പാർട്ടി താൽപര്യത്തിന് വിരുദ്ധമായി ഇടപെടുക , ഒടുവിൽ സെക്രട്ടറിയേറ്റിലെ സി പി എം നിയന്ത്രിത സർവ്വീസ് യൂണിയന്റെ നേതാവിനെ അപമാനിക്കൽ അങ്ങനെ പരാതി മന്ത്രിക്ക് മാത്രമല്ല എ കെ ജി സെന്ററിലും എത്തി.
സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവിനെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമവും ചട്ടവും പഠിപ്പിക്കാൻ ശ്രമിച്ചതു മാത്രമല്ല കോപിച്ച് സംസാരിച്ചതും വിനയായെന്നാണ് അറിയുന്നത്. ഇതിനിടെ സുനിലിനെ മന്ത്രി താക്കീതു ചെയ്തെങ്കിലും വിഷയങ്ങൾ കെട്ടടങ്ങിയില്ല. പിന്നീട് കെ.എം സുനിലിന് വേണ്ടി ശുപാർശ ചെയ്ത അതേ ശിവൻകുട്ടി കാര്യങ്ങൾ എ. കെ .ജി. സെന്ററിൽ അറിയിച്ചു. അതിന് മുന്നോടിയായി ടി.പി.രാമകൃഷ്ണനെയും കാര്യങ്ങൾ ധരിപ്പിച്ചു. ഒടുവിൽ പാർട്ടി തന്നെ കെ.എം സുനിലിനെ മാറ്റാനും നിർദ്ദേശിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ സുനിലിനെ മന്ത്രി ഓഫീസിൽ നിന്നും നീക്കാനും പകരം സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറി രജി രാജേന്ദ്രനെ നിയമിക്കാനും ധാരണയായി. രണ്ടാഴ്ച മുൻപ് അവർ ചുമതല ഏറ്റെടുത്തു. എന്നാൽ തൊഴിൽ വകുപ്പിലേക്ക് മടങ്ങാൻ നേരം ഉപാധികൾ വെച്ച് കെ.എം. സുനിൽ നേട്ടമുണ്ടാക്കി. അഡീഷണൽ കമ്മീഷണർ (ഐ .ആർ) തസ്തികയിൽ ജോലി ചെയ്യുമ്പോഴാണ് കെ.എം. സുനിൽ മന്ത്രി ഓഫീസിലെത്തുന്നത്. അതേ തസ്തികയിൽ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തീരുമാനിച്ചപ്പോഴാണ് താൻ മന്ത്രി ഓഫീസിൽ നിന്നും മടങ്ങി വരണമെങ്കിൽ എൻഫോഴ്സ്മെന്റ് അഡീഷണൽ കമ്മീഷണർ തസ്തികയിൽ നിയമനം വേണമെന്ന് കെ.എം സുനിൽ ആവിശ്യപ്പെട്ടത്.
എന്നാൽ സുനിലിന്റെ നീക്കത്തെ എതിർത്ത ഇടതു യൂണിയനുകളെ നിഷ്പ്രഭമാക്കി അതേ തസ്തികയിൽ സുനിൽ ജോലിയിൽ പ്രവേശിച്ചു. എൻഫോഴ്സ്മെന്റ് അഡീഷണൽ കമ്മീഷണർ ആയിരുന്ന ബിച്ചു ബാലനെ ക്ഷേമനിധിയിലേയ്ക്ക് മാറ്റിയായിരുന്നു കെ.എം സുനിലിന്റെ തൊഴിൽ ഭവനിലേയ്ക്കുള്ള രംഗപ്രവേശം. അതിനിടെ കെ.എം. സുനിലിനെ മന്ത്രി ഓഫീസിൽ നിന്നും പുറത്താക്കിയതാണന്ന വാർത്ത തൊഴിൽ വകുപ്പിൽ ആകെ പരന്നു. ഇതിന് പിന്നിൽ ഇടതു യൂണിയനുകളാണെന്നാണ് സുനിലിനെ അനുകൂലിക്കുന്നവർ പറയുന്നത്.
എന്തായാലും കെ.എം. സുനിലിനെ മന്ത്രി ഓഫീസിൽ നിന്നും ഒഴിവാക്കിയത് ചർച്ചകളിൽ കൊണ്ട് വന്ന് മുൻ മന്ത്രി ടി പി. രാമകൃഷ്ണനെ പ്രതിരോധത്തിലാക്കാനാണ് ഇടത് യൂണിയനുകളുടെ നീക്കം. ബന്ധുനിയമനം , സുഹൃത്ത് നിയമനം എന്നിവയ്ക്ക് അറുതി വരുത്താൻ ഈ വിവാദങ്ങൾ കൊണ്ട് കഴിയുമെന്നാണ് സർവ്വീസ് യൂണിയനുകൾ കണക്കുകൂട്ടുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്