കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്). മുസ്‌ലിം വിശ്വാസങ്ങളോട് മുഖ്യമന്ത്രിക്കും സിപിഎമ്മിനും രഹസ്യമായ നീരസമാണെന്നും ഉമർ ഫൈസിക്കെതിരായ കേസിൽ നിന്ന് പിന്തിരിയണമെന്നും എസ്.എം.എഫ് വ്യക്തമാക്കി.

തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തിൽ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഉമർ ഫൈസി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഈ പരാമർശം പരാതിയായി പൊലീസിന് മുമ്പാകെ എത്തിയപ്പോഴാണ് കേസെടുത്തത്. 'നിസ' അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണു ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്. കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമർ ഫൈസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഉമർ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടാകുന്നത്. മുക്കം ഉമർ ഫൈസിക്കെതിരായ കേസിൽ പ്രതിഷേധവുമായി എസ്.വൈ.എസും രംഗത്ത് എത്തിയിരുന്നു. മതനിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. കേസിൽ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തത് മുസ്ലിം സ്ത്രീകളുടെ വിജയമെന്നാണ് വി പി സുഹറ പ്രതികരിച്ചത്. മുസ്ലിം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണെന്നും ഇനി ഒരാളും ഇത്തരം പരാമർശം ആവർത്തിക്കരുതെന്നും സുഹറ പ്രതികരിച്ചു. നിയമനടപടി ഉണ്ടാകാൻ ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നു. ഇത് തട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല. മൗലികവകശ പ്രശ്‌നം കൂടിയാണ്. നിയമ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷൻ ചർച്ചയിൽ നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഫൈസിയുടെ പ്രസ്താവനക്കെതിരെ പിന്നീട് നല്ലളം സ്‌കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയിൽ വി പി സുഹ്‌റ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.