കോതമംഗലം: പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചതിന് കാരണം പാമ്പുകടി തിരിച്ചറിയാൻ വൈകിയത്. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്. അണലിയാണ് നിഷിദയെ കടിച്ചതെന്നാണ് വിലയിരുത്തൽ.

കാര്യമായ മുറിവോ വേദനയോ ഇല്ലാതിരുന്നതും അസ്വസ്ഥതകൾ പ്രകടിപ്പിക്കാതിരുന്നതുമാണ് ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദയ്ക്ക് വിഷബാധയേറ്റ വിവരം പുറത്തറിയാൻ വൈകിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വീട്ടിൽ നിന്നും കഷ്ടി 200 മീറ്ററോളം അകലത്തിലുള്ള അയൽവാസി കാരിക്കോട് എൽദോസിന്റെ പുരയിടത്തിൽ നിന്നും ചക്ക ഇട്ടുകൊണ്ടുവരുന്നതിനായി നിഷിദ വീട്ടിൽ നിന്നും പുറപ്പെട്ടത്.

ഏതാണ്ട് 20 മിനിട്ടിനുള്ളിൽ ചക്ക ഇട്ട് വീട്ടിലെത്തിക്കുകയും ചെയ്തു.തുടർന്ന് കനാലിൽ പോയി കുളി കഴിഞ്ഞ്, വന്നതിന് ശേഷമാണ് നിഷിദ ചക്കവെട്ടാൻ ആരംഭിച്ചത്. പിന്നാലെ ബോധംകെട്ടുവീണു.വീട്ടുകാർ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ രക്തപരിശോധനയിലാണ് വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. പിന്നട് ദേഹപരിശോധന നടത്തിയപ്പോഴാണ് കൈയിൽ പാമ്പ് കടിച്ചതുപോലുള്ള പാട് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.

പിന്നീട് നിഷദയെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ മെഡിക്കൽ സംഘം നടത്തിയശ്രമം വിഫലമാവുകയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മരച്ചു. നിലത്തുവീണ ചക്ക എടുക്കാൻ തുനിഞ്ഞപ്പോൾ കൈയിൽ പാമ്പ് കടിക്കുകയായിരുന്നിരിക്കാമെന്നും കടി കാര്യമായി ഏൽക്കാത്തതിനാൽ കാര്യമായ മുറിവ് ഉണ്ടാവുകയോ രക്തം പൊടുയുകയോ ചെയ്തിരിക്കാൻ ഇടയില്ലെന്നും ഇതാവാം വിഷബാധയേറ്റ വിവരം നിഷാദ അറിയാതെ പോകാൻ കാരണമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അനുമാനം.

ഉടൻ ചികത്സ ലഭ്യാമാക്കിയിരുന്നെങ്കിൽ ഒരു പക്ഷെ നിഷാദയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടതായിട്ടാണ് സൂചന.ഭാര്യയുടെ ദുർവ്വിധി അറിഞ്ഞ് ഭർത്താവ് അൻസൽ ഇന്നലെ സൗദിയിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്.മുഹമ്മദ് ഇൻസാം, മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ എന്നിവർ മക്കളാണ്.

ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. ചക്കയിട്ട് കുനിഞ്ഞെടുത്തപ്പോൾ കടിച്ചതാണ്. അണലിയാണ് കടിച്ചതെന്ന് രക്തപരിശോധന വരെ തിരിച്ചറിഞ്ഞില്ല. ഇതിനിടെ വിഷം തലച്ചോറിനേയും മറ്റും ബാധിച്ചു. ഇതാണ് മരണ കാരണമായത്. ആഴത്തിൽ കടിയേൽക്കാത്തതു കൊണ്ടു തന്നെ ഉടൻ ചികിൽസ കിട്ടിയിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു.