- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നക്കാപ്പിച്ച വാങ്ങി ജീവിക്കുന്ന നാലാംകിട....പ്രൊഫസറിന്റെ കൈയല്ല തലയാണ് വേട്ടേണ്ടത്'; മദനി മതം തലക്കുപിടിച്ചവനെന്ന് ജസ്ല മാടശ്ശേരി; ഇത് സംഘി നുണയാണെന്നും കേസ് ഫയൽ ചെയ്യുമെന്നും ദിയ സന; സോഷ്യൽ മീഡിയയിൽ മദനിയുടെ തീവ്രവാദബന്ധത്തെ ചൊല്ലി വാക്പോര്; സത്യം ആരുടെ ഭാഗത്ത്?
കോഴിക്കോട്: ബംഗലൂരു സ്ഫോടനക്കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ മുൻകാല പസംഗങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ വാക്പോര്. യുക്തിവാദിയും പ്രഭാഷകയും, ബിഗ്ബോസ് താരവുമായ ജസ്ല മാടശ്ശേരിയും, ആക്റ്റിവിസ്റ്റും മോഡലും, ബിഗ്ബോസ് താരവുമായ ദിയ സനയുമാണ് ഈ വിഷയത്തിൽ കൊമ്പ് കോർത്തത്. ജസ്ല മദനിക്കെതിരെ ഇട്ട ഒരു പോസ്റ്റ് പച്ചക്കള്ളമാണെന്നാണ്, ദിയ സന അടക്കമുള്ളവർ വാദിക്കുന്നത്. ജോസഫ് മാഷിന്റെ കൈയല്ല തലയാണ് വേട്ടേണ്ടത് എന്ന് മദനി നടത്തിയ പ്രസംഗം ക്വാട്ട് ചെയ്തുകൊണ്ടാണ് ജസ്ല പോസ്റ്റിട്ടത്. 'ജോസഫ് മാഷിന്റെ കൈയല്ല തലയാണ് വേട്ടേണ്ടതെന്ന് മദനി, ഇതൊരു സാധാരണ മനുഷ്യനെകൊണ്ട് പറയാൻ കഴിയുമോ. മതം അത്രമേൽ വിഷമായി ഉരുണ്ട് തലയിൽ അടിഞ്ഞുകൂടിയ, വർഗീയത പേറുന്ന ഒരാൾക്കല്ലാതെ' എന്നാണ് ജസ്ല പോസ്റ്റിട്ടത്.
എന്നാൽ ഇത് പച്ചക്കള്ളമാണെന്നും മദനി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് ദിയ സന അടക്കമുള്ളവർ വാദിക്കുന്നത്. മൻസൂർ കൊച്ചുകടവ് എന്ന സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റിന്റെ പോസ്റ്റിന്റെ തുടക്കത്തിൽ തന്റേതായ വിമർശനം കൂട്ടിച്ചേർത്താണ് ദിയ, ജസ്ലയെ ആക്രമിക്കുന്നത്. ദിയ ഇങ്ങനെ കുറിക്കുന്നു. 'കള്ളം പറയലും നുണയിലൂടെ വ്യക്തികളെ അധിക്ഷേപിക്കലും ആളുകളെ കബളിപ്പിക്കലും ഈ സ്ത്രീക്ക് പുത്തരിയല്ല... ഞാനും അനുഭവിച്ചതാണ്... ജസ്ല മാടശ്ശേരി, ബഹുമാന്യനായ അബ്ദുൽ നാസർ മദനിക്ക് എതിരെ പറഞ്ഞിരിക്കുന്ന ഗുരുതരമായ ആരോപണത്തെ സാധൂകരിക്കാനുള്ള തെളിവ് പുറത്തുവിടുകയോ അല്ലെങ്കിൽ ആ പ്രസ്താവന പിൻവലിച്ചു വസ്തുതകൾ പൊതുസമൂഹത്തെ ധരിപ്പിക്കുവാനോ ജസ്ല തയ്യാറാവണം. അല്ലാത്ത പക്ഷം ജസ്ലയുടെ അതീവ ഗുരുതരമായ ഈ വ്യാജ ആരോപണത്തിനെതിരെ കേസ് ഫയൽ ചെയ്യേണ്ടി വരും.'' ആമുഖമായി ഇങ്ങനെ കുറിച്ചുകൊണ്ട് മൻസൂർ കൊച്ചുകടവിന്റെ പോസ്റ്റ് ദിയ കോപ്പിപേസ്റ്റ് ചെയ്യുകയാണ്.
ഇതോടെ സോഷ്യൽ മീഡിയയിൽ ഇസ്ലാമോ അംബേദ്ക്കറൈറ്റുകൾ എന്ന് വിളിക്കുന്ന ഒരു വിഭാഗവും, യുക്തിവാദികളും രണ്ട് ചേരിയായി തർക്കം തുടങ്ങി. എന്നാൽ വസ്തുകൾ പരിശോധിക്കുമ്പോൾ ജസ്ല മാടശ്ശേരി പറഞ്ഞതാണ് ശരിയെന്ന് വ്യക്തമാണ്. ജോസഫ് മാഷെ അതി ഹീനമായി നിന്ദിക്കുന്ന മദനിയുടെ പഴയ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങ് അവർ ഹാജരാക്കിയപ്പോൾ, ബബ്ബബ അടിച്ച് തടിയൂരാനായി ദിയയും കൂട്ടരും ശ്രമിക്കയാണ്.
മദനിയുടെ പഴയ പ്രസംഗം ഇങ്ങനെ
അബുദുൽ നാസർ മദനി പണ്ട് പുനലൂരിൽ നടത്തിയ ഒരു പ്രസംഗമാണ് യുക്തിവാദികൾ പ്രചരിപ്പിക്കുന്നത്. അതിൽ ജോസഫ് മാഷിനെ അതിഭീകരമായി മദനി നിന്ദിക്കുന്നുണ്ട്. മദനി പറയുന്നു,'പരിശുദ്ധ ഖൂർആൻ പഠിപ്പിക്കുന്നത് എന്താ, ഏതെങ്കിലും ഒരു വ്യക്തിയോടുള്ള ബന്ധമല്ല, ഈ നിൽക്കുന്ന വിശ്വാസികൾക്ക്, പ്രവാചകനുമായിട്ടുള്ളത്. ഭാര്യയോടുള്ള ബന്ധം പോലല്ല, മക്കളോടുള്ള ബന്ധം പോലെ അല്ല, മാതാപിതാക്കളുമായുള്ള ബന്ധം പോലെയോ രാഷ്ട്രീയ മേലാളന്മാരോടുള്ള ബന്ധം പോലെയൊ അല്ല വിശ്വാസികൾക്ക് പ്രവാചകനുമായുള്ള ബന്ധം.''
തുടർന്ന് അല്ലാഹുവിനെയും അവന്റെ പ്രവാചകൻ മുഹമ്മദ് നബിയെയും, അവഹേളിക്കുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നവരോട് സന്ധിയാകാൻ ഒരിക്കലും വിശ്വാസികകളെ കൊണ്ട് കഴിയില്ല എന്ന് മദനി ചൂണ്ടിക്കാട്ടുന്നു. 'പ്രവാചകനെ അധിക്ഷേപിക്കുന്നത് ന്യൂമാൻ കോളേജിലെ നക്കാപ്പിച്ച വാങ്ങി ജീവിക്കുന്ന ഏങ്കെിലും നാലാംകിട എമ്പോക്കി പ്രൊഫസർ ആയാലും പത്തനംതിട്ടയിലെ ചുങ്കപ്പാറയിൽ തെണ്ടി നടന്ന് പുസ്തകം വിറ്റ് ആ കാശുകൊണ്ട് അരിവാങ്ങുന്ന ളോഹധാരിയായ പാസ്റ്റർ ആയാലും പൊറുക്കാൻ സാധിക്കില്ല. നബിയെ ആക്ഷേപിക്കുന്നത് സ്വന്തം പിതാവായാലും, മക്കളായും, കുടുംബക്കാർ ആയാലും, ബന്ധുക്കൾ ആയാലും അതിനെ പൊറുക്കാൻ സാധിക്കില്ല.''- മദനി പറയുന്നു.
തുടർന്ന് പ്രവാചകനെ അധിക്ഷേപിച്ച സ്വന്തം പിതാവിന്റെ തലവെട്ടിയ കഥയും മദനി പറയുന്നുണ്ട്. മുഹമ്മദ് നബിയെ അധിക്ഷേപിച്ച പിതാവിനെ ജിൽ ജിൽ ശബ്ദത്തോടെ തലവെട്ടിയ പ്രവാചക ശിഷ്യന്റെ കഥയാണ് മദനി പൊതുയോഗത്തിൽ പ്രസംഗിച്ചത്. തല ഫുട്ബോൾ പോലെ പറന്നുവെന്ന വിശേഷണത്തോടെയാണ് മദനിയുടെ പ്രസംഗം. അള്ളാഹുവിന്റെ പ്രവചകനെ അധിക്ഷേപിച്ചവന്റെ തല പറന്നുപോയി. എന്നാണ് മദനി ആവശത്തോടെ പറയുന്നത്.
ഈ വീഡിയോ കണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള ഈ പ്രസംഗം കേരളത്തിൽ അന്നുതന്നെ അലയൊലികൾ ഉണ്ടാക്കുകയും ചെയ്തു. ക്ഷേത്രോൽസവങ്ങളേയും മദനി വിമർശിക്കുന്ന വീഡിയോയും വൈറലായിരുന്നു. എന്നാൽ ഇത്തരത്തിലൊരു പ്രസംഗം നടത്തിയിട്ടില്ലെന്നാണ് പിന്നീട് മദനി തന്നെ പറഞ്ഞത്. പക്ഷേ വിഷ്വലുകൾ കള്ളം പറയുകയില്ലല്ലോ.
ഡേഞ്ചറസ് മാൻ എന്ന് ചീഫ് ജസ്റ്റിസ്
എന്നാൽ മദനി കേവലം ഭരണകൂട ഭീകരതയുടെ ഇര മാത്രമാണെന്നാണ് ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്്. നിലവിൽ ഒരു കോടതിയും മദനിയെ ശിക്ഷിച്ചിട്ടില്ല എന്നും മദനിയുടെ കേസുകൾ ഒക്കെ തള്ളിയത് ആണെന്നുമാണ് ഇവരുടെ വാദം. പക്ഷേ തെളിവില്ലാത്തതതുകൊണ്ടും സംശയത്തിന്റെ ആനുകൂല്യം കിട്ടിയുമാണ് മദനി രക്ഷപ്പെട്ടതെന്ന് മറുഭാഗവും വാദിക്കുന്നു.
അതിനിടെ മദനിയെക്കുറിച്ചുള്ള എല്ലാ നറേറ്റീവുകളും പൊളിച്ചടുക്കി സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സജീവ് ആല ഇങ്ങനെ കുറിക്കുന്നു. '2008ലെ ബാംഗ്ലൂർ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാൾ മദനിയാണെന്നാണ് കർണ്ണാടക പൊലീസ് പറയുന്നത്. ഈ ആരോപണത്തിന് വല്ല അടിസ്ഥാനവുമുണ്ടോ...?ഐപിഎൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ബോംബ് പ്ലാന്റ് ചെയ്തത് തടിയന്റവിട നസീറാണ്. അതിന് പാവം മദനി എന്ത് പിഴച്ചു...?
ബാംഗ്ലൂരിൽ ബോംബ് സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പും ശേഷവും തടിയന്റവിട നസീർ മദനിയെ വിളിച്ചിരുന്നു. ഭാര്യ സൂഫിയയുടെ ഫോണിലൂടെയാണ് നസീറുമായി മദനി സംസാരിച്ചത്. ആർക്കും നിഷേധിക്കാനാവാത്ത ഈ ഡിജിറ്റൽ തെളിവാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ബോംബ് സ്ഫോടനത്തിന് ശേഷം മുങ്ങിയ തടിയന്റവിട നസീർ മദനിയുടെ അൻവാരശ്ശേരിയിലെ ഓഫീസിൽ ഒളിവിൽ താമസിച്ചതായും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിചാരണക്കോടതി മുതൽ സൂപ്രീംകോടതി വരെ കൂലങ്കഷമായി പരിശോധിച്ചതിന് ശേഷമാണ് മദനിയെ ജയിലിൽ അടച്ചത്.
കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം കേരളത്തിൽ മടങ്ങിയെത്തിയ മദനി സമാധാനത്തിന്റെ മാടപ്രാവ് വേഷം കെട്ടി കുറച്ചുനാൾ നടന്നു. നബിയെ നിന്ദിച്ചുവെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ ജോസഫ് മാഷിന്റെ കൈവെട്ടി മാറ്റിയപ്പോൾ നക്കാപ്പിച്ച ശമ്പളം വാങ്ങുന്ന എമ്പോക്കി പ്രൊഫസറുടെ തല ഫുട്ബോൾ പോലെ ഉരുട്ടണമെന്ന് സ്നേഹപൂർവം ആഹ്വാനം ചെയ്തതും ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഈ മദനി സാഹിബ് തന്നെയായിരുന്നു.
ലഷ്‌കർ -ഇ - തയിബയുടെ സൗത്ത് ഇന്ത്യൻ കമാൻഡറായ തടിയന്റവിട നസീർ, മദനിയുടെ വിഷം തീണ്ടിയ മസ്തിഷ്‌കത്തിന്റെ സൃഷ്ടിയാണ്. സാങ്കേതികമായി കോയമ്പത്തൂർ കേസിൽ നിന്ന് രക്ഷപെട്ടതിന് ശേഷം നാട്ടിൽ തിരിച്ചെത്തി, മാലാഖൻ ചമഞ്ഞ് ബാംഗ്ളൂരിൽ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത മദനി ഇവിടുത്തെ മതതീവ്രവാദികൾക്കും അവരെ പ്രീണിപ്പിച്ച് വോട്ടുവാരാൻ നടക്കുന്ന മതേതര വേഷക്കാർക്കും ഓമനക്കുട്ടനായിരിക്കും. പക്ഷെ ബാംഗ്ലൂരിൽ ജാമ്യത്തിൽ കഴിയുന്ന മദനി ബെയ്ൽ കണ്ടീഷൻസിൽ കൂടുതൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡേഞ്ചറസ് മാൻ എന്നാണ് ഈ മഹാത്മാവിനെ വിശേഷിപ്പിച്ചത്.
ബിജെപി കർണ്ണാടക ഭരിക്കുന്ന കാലത്താണ് മദനി അറസ്റ്റ് ചെയ്യപ്പെട്ടത്. യെദിയൂരപ്പയ്ക്ക് ശേഷം അധികാരമേറ്റെടുത്ത കടുത്ത സംഘപരിവാർ വിമർശകനായ സിദ്ധരാമയ്യയും മദനിക്കെതിരെ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. പ്രോസിക്യൂഷന്റെ കൈവശമുള്ള സ്വയം സംസാരിക്കുന്ന തെളിവുകളെ അവഗണിക്കുവാൻ അന്നത്തെ കോൺഗ്രസ് സർക്കാരിനും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് മണിക്കുറിന് കോടികൾ ഫീസ് വാങ്ങുന്ന വക്കീലന്മാരെ ഇറക്കി തീപ്പൊരി വാദം നടത്തിയിട്ടും മദനി ഇന്നും ബാംഗ്ലൂരിൽ തന്നെ കഴിയുന്നത്.
ബിൻ ലാദൻ അബൂബക്കർ ബാഗ്ദാദി ഇവരേക്കാളൊക്കെ മുന്നേ ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കാൻ കളത്തിലിറങ്ങിയ കൊടുംതീവ്രവാദിയാണ് അബ്ദുൽ നാസർ മദനി. കേരളത്തിന്റെ അങ്ങോളമിങ്ങോളം നടന്ന് വർഗീയതയും ഭിന്നതയും വമിക്കുന്ന ഹേറ്റ് സ്പീച്ച് നടത്തി പോപ്പുലർ ഫ്രണ്ട് പോലെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്ക് പൂണ്ട് വിളയാടാനുള്ള ഗ്രൗണ്ട് ഒരുക്കിനല്കിയതും ഈ മഹാനുഭാവനാണ്.സുരക്ഷാസേനയും രഹസ്യാന്വേഷണ വിഭാഗവും അതീവ ജാഗ്രതയോടെ കാവലിരിക്കുന്നതുകൊണ്ടാണ് നമുക്ക് ട്രെയിനിലും ബസ്സിലും ജീവഭയമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്. മാർക്കറ്റിൽ പോയി പച്ചക്കറിയും മീനും വാങ്ങി ജീവനോടെ വീട്ടിൽ തിരിച്ചെത്താൻ കഴിയുന്നത് ശക്തമായ പൊലീസിങ് സംവിധാനം നിലവിലുള്ളതിനാലാണ്.
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യാനിയും എല്ലാമുണ്ടായിരുന്നു. ടെററിസ്റ്റുകൾക്ക് മതമുണ്ടാകും പക്ഷെ ഇരകൾക്ക് ജാതിയുമില്ല മതവുമില്ല.തെരുവുകളിൽ ചിന്നിച്ചിതറപ്പെടുന്ന മനുഷ്യരുടെ വേദനയേക്കാൾ നിങ്ങളെ ആകുലപ്പെടുത്തുന്നതുകൊലയാളികളുടെ മുട്ടുവേദനയും പ്രമേഹവുമാണെങ്കിൽ നിങ്ങൾ ഭീകരതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ തന്നെയാണ്.''- സജീവ് ആല വ്യക്തമാക്കി. പക്ഷേ എന്നിട്ടും സോഷ്യൽ മീഡിയയിലെ പോര് അവസാനിച്ചിട്ടില്ല. നുണ കൈയോടെ പിടിക്കപ്പെട്ടിട്ടും പുതിയ വാദങ്ങളുമായി ഇസ്ലാമോ പക്ഷം ഉരുണ്ടുകളിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ