- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് പരാതി ഉണ്ടോ? ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞ ആ സെക്കന്റു മുതൽ സൂപ്പർ ഹീറോ പ്രദീപേട്ടൻ ആയിരുന്നു; കെ എസ് ആർ ടി സിയിലെ 'സ്വയംഭോഗ ഞരമ്പനെ' നടുറോഡിൽ ഓടിച്ചിട്ട് പിടിച്ചത് സഖാവ് പ്രദീപ്; അഭിനന്ദനങ്ങളാൽ വാരിപ്പുണർന്ന് സോഷ്യൽ മീഡിയ
കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയുടെ തൊട്ടടുത്തിരുന്ന് സ്വയംഭോഗം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ പൂട്ടിയ നന്ദിത എന്ന യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്. എന്നാൽ ബസ്സിൽ നിന്നും ഇറങ്ങി ഓടിയ യുവാവിനെ തൂക്കിയെടുത്ത കെ എസ് ആർ ടി സി കണ്ടക്ടർ ആരാണ് എന്നാണ് ഏവരും ചോദിക്കുന്നത്. അതിനു നന്ദിത പറയുന്ന മറുപടി ഇങ്ങനെയാണ് അത് പ്രദീപേട്ടനാണ്.
കണ്ടക്ടറുടെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കണ്ടക്ടറുടെ ഇടപെടൽ കൊണ്ടാണ് കോഴിക്കോട് ചേവായൂർ സ്വദേശി സവാദ്(27) പിടിയിലായത്.
കണ്ടക്ടറെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അത് ഇങ്ങനെ:
''നിങ്ങൾക്ക് പരാതിയുണ്ടോ.. എന്ന് ചോദിച്ച ഈ കണ്ടക്ടർ നമ്മൾ കണ്ടു പരിചയിച്ച ഒരുപാട് വാർപ്പ് മാതൃകകളെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി. ട്രോളുകൾക്കപ്പുറം തങ്ങൾ ജോലി ചെയ്യുന്ന ബസ്സിൽ ഒരു യുവതിക്ക് മോശം അനുഭവം ഉണ്ടായി എന്ന് മനസ്സിലാക്കിയ ഉടൻ ഒരു വിമുഖതയും കാണിക്കാതെ അവളോടൊപ്പം നിന്ന് അവൾക്ക് വേണ്ടി പോരാടിയ ആ കെഎസ്ആർടിസി ജീവനക്കാർ പ്രബുദ്ധ കേരളത്തിന്റെ കയ്യടി അർഹിക്കുന്നുണ്ട്...മനുഷ്യാ നിങ്ങളാണ് മനുഷ്യൻ''
അതേസമയം സന്ദീപ് ദാസ് എന്നയാൾ കുറിച്ചിരിക്കുന്നത് ഇങ്ങനെ:
പ്രദീപ് എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് ഇപ്പോൾ എന്റെ ഹീറോ. ബസ്സിൽ വെച്ച് ദുരനുഭവമുണ്ടായ പെൺകുട്ടിയെ ശക്തമായി പിന്തുണയ്ക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്തത് പ്രദീപാണ്. മനുഷ്യത്വത്തിന്റെയും ധീരതയുടെയും ആൾരൂപമാണ് ഇദ്ദേഹം.
സംഭവത്തിന്റെ വിഡിയോ ഞാൻ കണ്ടിരുന്നു. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ സീറ്റിന്റെ തൊട്ടടുത്ത് ഒരാൾ വന്ന് ഇരിക്കുന്നു. അയാൾ അവളെ സ്പർശിക്കുകയും പരസ്യമായി സ്വയംഭോഗത്തിന് തുനിയുകയും ചെയ്യുന്നു! ആ പെൺകുട്ടി ഉടൻ പ്രതികരിക്കുന്നു...
ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീയെ സപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്ന നാടാണ് നമ്മുടേത്. ആളുകളുടെ അഭിപ്രായങ്ങൾ ഇങ്ങനെയാകും-
''ആണുങ്ങൾ പലതും ചെയ്യും. പെണ്ണുങ്ങൾ കുറച്ചൊക്കെ സഹിക്കേണ്ടതല്ലേ...!''
''പരാതിക്കും കേസിനും ഒക്കെ പോയാൽ കുറേ ബുദ്ധിമുട്ടേണ്ടിവരും. നമുക്ക് കോംപ്രമൈസിന് ശ്രമിക്കുന്നതല്ലേ നല്ലത്...!?'
'ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന കാര്യം പുറത്തറിഞ്ഞാൽ അത് നിന്റെ ഭാവിയെ ബാധിക്കും മോളേ...!''
പക്ഷേ പ്രദീപ് എന്ന കണ്ടക്ടർ ഈ വക ദുർഗന്ധം വമിക്കുന്ന വാക്കുകളൊന്നും ഉച്ചരിച്ചില്ല. അദ്ദേഹം ആ പെൺകുട്ടിയോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ-
''നിങ്ങൾക്ക് പരാതിയുണ്ടോ...? '
പരാതിയുണ്ട് എന്ന് അവൾ പറഞ്ഞു. ഓടിപ്പോകാൻ ശ്രമിച്ച കുറ്റവാളിയെ കണ്ടക്ടറും ഡ്രൈവറും സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
പ്രദീപ് ഒരു മഹത്തായ മാതൃകയാണ് കാണിച്ചുതന്നിട്ടുള്ളത്. അനീതി നേരിട്ട മനുഷ്യരെ ഉപാധികളില്ലാതെ പിന്തുണയ്ക്കണം എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.
ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടു എന്ന് വാർത്ത വന്നാൽ ചില ആളുകൾ അതിനോട് പ്രതികരിക്കുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ?
''ബലാത്സംഗം തെറ്റാണ്. പക്ഷേ അവൾ എന്തിനാണ് രാത്രിയിൽ ഇറങ്ങിനടന്നത്...?'
''കുറ്റം ചെയ്തവന് ശിക്ഷ കിട്ടണം. പക്ഷേ ചില പെണ്ണുങ്ങളുടെ വസ്ത്രധാരണം ഒട്ടും ശരിയല്ല...''
ആ ''പക്ഷേ'' ആണ് ഏറ്റവും വലിയ തെറ്റ്. മറ്റൊരു കുറ്റകൃത്യം ചെയ്യാനുള്ള നിശബ്ദ പ്രോത്സാഹനമാണ് അത്.
ഇരകളോട് 'പക്ഷേ'കളില്ലാതെ ഐക്യപ്പെടണം. വേട്ടക്കാരെ ഒരു മയവും ഇല്ലാതെ കൈകാര്യം ചെയ്യണം. ഇതാണ് ശരിയായ നിലപാട്. പ്രദീപ് ആ സമീപനമാണ് കൈക്കൊണ്ടത്.
സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടിട്ടുള്ള ഒരു ഇടം ബസ് ആയിരിക്കും. ബസ്സിൽ വെച്ച് തോണ്ടലും തഴുകലും കിട്ടിയിട്ടില്ലാത്ത സ്ത്രീകൾ കുറവായിരിക്കും. ആ വൃത്തികേടിനെ 'ജാക്കിവെയ്പ് ' എന്ന ഓമനപ്പേരിട്ട് ഗ്ലോറിഫൈ ചെയ്ത ജനതയാണ് നാം!
ഇതുപോലുള്ള ഉപദ്രവങ്ങൾ നേരിട്ട സ്ത്രീകളെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ചിലർക്ക് അത്തരം അനുഭവങ്ങൾ ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന വേദനയായി മാറും. കുറേപ്പേർ പുരുഷവർഗ്ഗത്തെ മുഴുവനായും വെറുത്തുപോയിട്ടുണ്ടാകാം.
നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട് പ്രദീപ്. സ്ത്രീയുടെ അന്തസ്സും പുരുഷന്റെ ആത്മാഭിമാനവും ഒരുവൻ പരസ്യമായി ചവിട്ടിയരയ്ക്കാൻ ശ്രമിച്ചതാണ്. പക്ഷേ നിങ്ങൾ അതിനെ ഭംഗിയായി ചെറുത്തുതോൽപ്പിച്ചു.
പ്രദീപിന്റെ ആ ചോദ്യം എല്ലാവരും ഓർത്തുവെച്ചോളൂ. ഭാവിയിൽ ഒരാൾക്കെതിരെ അതിക്രമം ഉണ്ടായാൽ പ്രദീപ് ചോദിച്ച കാര്യം മാത്രം ചോദിക്കുക. മറ്റൊന്നും തന്നെ പറയേണ്ടതില്ല. എന്താണ് ആ ചോദ്യം? നിങ്ങൾക്ക് പരാതിയുണ്ടോ...?'
https://www.facebook.com/photo/?fbid=3513712315532645&set=a.1515859015317995
എന്തായാലും ബസ്സിൽ നിന്നും ഇറങ്ങിയോടിയ സവാദിനെ പിടികൂടന്നതിൽ നിർണായകമായത് കണ്ടക്ടറുടെ ഇടപെടലായിരുന്നു. കെഎസ്ആർടിസി അങ്കമാലി ഡിപ്പോയിലെ കണ്ടക്ടറും സിപിഎം കുന്നുകര മുൻ ജെബിഎസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ പ്രദീപാണ് നിർണായ ഇടപെടലിലൂടെ പരാതിക്കാരിയായ യുവതിക്ക് കട്ട സപ്പോർട്ടായി നിന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. സിനിമാപ്രവർത്തകയായ തൃശ്ശൂർ സ്വദേശിനി ഷൂട്ടിങ്ങിനായി കെ.എസ്.ആർ.ടി.സി. ബസിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. അങ്കമാലിയിൽ നിന്നാണ് സവാദ് ഈ ബസിൽ കയറിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ പരാതിക്കാരിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് സവാദ് ഇരുന്നത്. ബസ് അങ്കമാലിയിൽനിന്ന് പുറപ്പെട്ടതോടെ യുവാവ് മോശമായി പെരുമാറാൻ തുടങ്ങി.
കൈ കൊണ്ട് യുവതിയെ ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്‌നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇതോടെ യുവതി സീറ്റിൽനിന്ന് ചാടി എഴുന്നേറ്റു പരാതി പറഞ്ഞു. ഉടൻ ഓടിയെത്തിയ കണ്ടക്ടർ നിങ്ങൾക്ക് പരാതിയുണ്ടോ? എന്ന ചോദ്യം ചോദിക്കുന്നത്. ഉടൻ തന്നെ പരാതിയുണ്ടെന്ന് യുവതി അറിയിച്ചു. ഇതോടെ ബസിന്റെ വാതിലുകൾ തുറക്കരുതെന്ന് ഡ്രൈവർക്ക് കണ്ടക്ടർ നിർദ്ദേശം നൽകി. എന്നാൽ,അത്താണി സിഗ്നലിൽ ബസ് നിർത്തിയപ്പോൾ സവാദ് പുറത്തേക്ക് ഇറങ്ങിയോടി.
തുടർന്ന് കണ്ടക്ടർ യുവാവിനെ പടിച്ചു നിരത്താൻ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും യുവതി പുറത്തുവിട്ട വീഡിയോയിൽ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.