- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്മുട്ടയിടുന്ന താറാവിന് പകരം ഇനി പൊന്മുട്ടയിടുന്ന ഉസ്താദ്! ഒരു പള്ളിയിലും മദ്രസയിലും ജോലി ചെയ്യാതെ ഇവർക്കെങ്ങനെ ആഡംബര കാറുകളും ബഹുനില കെട്ടിടങ്ങളും ഉണ്ടായി? ഇവർ പാവപ്പെട്ട ഉസ്താദുമാർക്ക് അപമാനം; ഉംറക്ക് പോയി തിരിച്ചുവരവേ സ്വർണം കടത്തിയ ഉസ്താദുമാരെ ട്രോളി സോഷ്യൽ മീഡിയ
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ, ഞായറാഴ്ച കരിപ്പൂരിൽ ഉംറ തീർത്ഥാടനത്തിന് പോയി തിരിച്ചുവരവേ സ്വർണം കടത്തിയ നാലു ഉസ്താദുമാർ പടിയിലായത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 5 കിലോ സ്വർണമാണ് ഡിആർഐയും എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്.
മലപ്പുറം ഊരകം മേൽമുറി സ്വദേശിയായ വെളിച്ചപ്പാട്ടിൽ ഷുഹൈബിൽ നിന്നും 1064 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സ്യൂളുകളും, വയനാട് മേപ്പാടി സ്വദേശിയായ ആണ്ടികാടൻ യൂനസ് അലി (34)യിൽ നിന്നും 1059 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂളുകളും കാസർകോട് മുലിയടുക്കം സ്വദേശിയായ അബ്ദുൽ ഖാദറി (22)ൽ നിന്ന് 851 ഗ്രാം തൂക്കം വരുന്ന മൂന്നു ക്യാപ്സൂളുകളും, മലപ്പുറം അരിമ്പ്ര സ്വദേശിയായ വെള്ളമാർതൊടി മുഹമ്മദ് സുഹൈലി(24)ൽ നിന്നും 481 ഗ്രാം തൂക്കം വരുന്ന രണ്ടു ക്യാപ്സ്യൂളുകളുമാണ് പിടിച്ചെടുത്തത്.
ഇവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. കള്ളക്കടത്ത് സംഘമാണ് ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്നതെന്നാണ് ഇവർ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. പിടിയിലായവരിൽ രണ്ട് പേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്. ഇതോടെയാണ് ഉംറ വിസയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായത്.
ഇത്രയും പണം എവിടെ നിന്ന് വരുന്നു?
പക്ഷേ വർഷങ്ങളായി മതം മറയാക്കിയുള്ള തട്ടിപ്പാണ് ഇതെന്നാണ് പൊതുവെയുള്ള പ്രചാരണം. ഇങ്ങനെ ഉംറവിസയുടെ മറവിൽ പല തരികിടികളും നടക്കുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. യാതൊരു പണിക്കും പോകാത്ത പല ഉസ്താദുമാർക്കും എങ്ങനെയാണ് കോടികളുടെ സ്വത്ത് ഉണ്ടാവുന്നതെന്നാണ് ചോദ്യം.സ്വതന്ത്ര ചിന്തകനും സോഷ്യൽ മീഡിയ ആക്റ്റീവിസറ്റുമായ നാസർ മാവൂരാൻ ഇങ്ങനെ എഴുതുന്നു.
'പേര് : ഉസ്താദ്, വേഷം ഉസ്താദിന്റേത്. സനദ് ഉണ്ടായിട്ടും പള്ളിയിലും മദ്രസയിലും ജോലി ചെയ്യുന്നത് കാണാറില്ല. ആഡംബര കാറുകൾ. ബഹുനില കെട്ടിടങ്ങൾ. എനിക്ക് പണ്ടേ ഇവരുടെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. അത് തീരുമാനമായി. 6000 മുതൽ 10,000 വരെ മാസ ശമ്പളം വാങ്ങി ജീവിക്കുന്ന പാവപ്പെട്ട ഉസ്താദുമാർക്ക് നാണക്കേടാണ് ഈ മലരുകൾ. എല്ലാവർക്കും കയ്യടക്കി വെക്കാൻ വരുമാനമുള്ള മഖ്ബറയും നേർച്ചയും ലക്ഷങ്ങൾ വരുമാനമുള്ള വയള് പരമ്പര സ്റ്റേജും കിട്ടില്ലല്ലോ? അതുകൊണ്ട് പെട്ടെന്ന് പണമുണ്ടാക്കാൻ പുതിയ മേഖല തേടിയതാണ്. സ്വർണ്ണ മുട്ടയിടുന്ന ഉസ്താദ് കോഴികളെ, സിഎം വരും ജയിലിൽ നിന്ന് രക്ഷിക്കും തീർച്ച. അത് മടവൂർ സി എം ആണോ തിരുവനന്തപുരം സി എം ആണോ എന്ന കാര്യത്തിലാണ് സംശയം. കോല് കയ്യിലുള്ളപ്പോൾ ചെണ്ട കിട്ടിയാൽ കൊട്ടണം ഇല്ലേൽ പിന്നെ കാലാകാലവും കോൽ കൈയിൽ പിടിച്ചു നടക്കേണ്ടി വരും.''- നാസർ മാവൂരാൻ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ ഇവർ ശരിക്കും പാവങ്ങളാണെന്നും മതത്തിന്റെ ഇരകൾ ആണെന്നും പ്രതികരിക്കുന്നവർ ഉണ്ട്. നടനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഷുക്കുർ വക്കീൽ ഇങ്ങനെ പ്രതികരിക്കുന്നു. 'വാസ്തവത്തിൽ മിക്ക ഉസ്താദുമാരും വെറും പാവങ്ങളാണ്. യാഥാർത്ഥ്യങ്ങളിൽ നിന്നും ഓടി ഒളിച്ച് മറ്റൊരു സമാന്തര ലോകത്ത് ജീവിക്കുന്നവർ. അവർ എന്താണ് പഠിക്കുന്നതെന്നും എന്താണ് പറയുന്നതെന്നും കൃത്യമായ നിശ്ചയം പോലും അവർക്ക് ഇല്ല. നമ്മുടെ നാടിനെ കുറിച്ചോ, ഇവിടുത്തെ നിയമങ്ങളെ കുറിച്ചോ വലിയ ധാരണ ഇല്ല. മുമ്പേ നടന്ന പലരുടെയും പാത പിന്തുടരുകയാണവർ. ഒരു പുനരാലോചനയും കൂടാതെ. ഇസ്ലാം കർശനമായി വിലക്കിയ കാര്യങ്ങൾ പോലും ഒരു മടിയും കൂടാതെ ചെയ്യും. അതിനു ന്യായങ്ങളും പറയും. പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ഉസ്താദുമാർ മാത്രമല്ല, മറ്റു നിരവധി ഉദാഹരണങ്ങൾ ഉണ്ട്. സ്ത്രീ വിരുദ്ധതയാണ് മിക്കവരുടെയും ഇഷ്ട വിഷയം. അതിൽ പിഎച്ച്ഡി നേടിയതിനു ശേഷമാണ് പൊതുപ്രസംഗ വേദിയിലേക്ക് എഴുന്നള്ളുന്നത്. സ്ത്രീ സ്വാതന്ത്ര്യം എന്നൊക്കെ ഗംഭീരമായി പറയും. അശ്ലീല ഗോഷ്ടിയും അശ്ലീല വർത്തമാനവും പൊതു വേദികളിൽ വലിയ ബാസ്സോടെ പറയുന്നതിൽ അവർക്കു ഒരു ലജ്ജയുമില്ല.
സ്ത്രീകളെ മനുഷ്യരായി പോലും കാണാൻ മടിയാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ത്രീയായതു കൊണ്ടു മാത്രം വേദിയിൽ നിന്ന് ഇറക്കി വിടുവാൻ പോലും മടിക്കാത്ത സാമൂഹ്യ ബോധമാണ് പലരെയും ഭരിക്കുന്നത്. ആധുനിക ജനാധിപത്യ ബോധവും മനുഷ്യാവകാശങ്ങളും ജെഡന്റർ ഇക്വാലിറ്റിയും ഒന്നും അവരുടെ സിലബസിൽ ഇല്ല. ആ കണ്ടീഷനിംഗാണ് പവിത്രമായ വസ്ത്രം ധരിച്ചു ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ വച്ച് സ്വർണം കടത്തുവാൻ അവരെ പ്രേരിപ്പിക്കുന്നത്. ഉസ്താദുമാർ നിരപരാധികളാണ്, വ്യവസ്ഥിതിയാണ് അവരെ സൃഷ്ടിക്കുന്നത്. വാട്ടർ ടൈറ്റ് കമ്പാർട്ടുമെന്റുകളിൽ നിന്നും അവരെ പുറത്തു കടത്തി കാറ്റും വെളിച്ചവും നൽകിയാൽ അവർ മെച്ചപ്പെട്ട മനുഷ്യരാകും''- ഷൂക്കുർ വക്കീൽ ചൂണ്ടിക്കാട്ടുന്നു.
ഉംറ തീർത്ഥാടനത്തിന് പോയി സ്വർണം കടത്തിയ ഉസ്ദാദുമാരെ കുറിച്ച് വലിയ വായിൽ ഇസ്ലാമോഫോബിയ ഒക്കെ പറയുന്ന ഇസ്ലാമിസ്റ്റ് പ്രൊഫൈലുകൾ ഒന്നും മിണ്ടിയിട്ടില്ല. ഈ ഉസ്താദുമാർക്ക് മതത്തിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് അവർ പെട്ടന്നുതന്നെ രക്ഷപ്പെടാനുള്ള സാധ്യതയും പലരും വിലയിരുത്തുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ