- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജന്റെ ബന്ധവും ലൈംഗികപരാതി സജീവമാക്കി നിർത്താൻ മന്ത്രി സജി ചെറിയാനും ഇടപെട്ടുവെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ സജീവമാക്കി നിർത്താൻ കോൺഗ്രസ്; ദല്ലാളിന്റെ പ്രതികരണവും നിർണ്ണായകമാകും; സോളാറിൽ പരാതിക്കാരി ഗണേശിനെ തള്ളിപ്പറയുമോ?
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സിബിഐ. അന്വേഷണ റിപ്പോർട്ടിൽ ഇനി സിപിഎം പ്രതികരിക്കില്ല. നിയമസഭയിലെ ചർച്ചയിൽ എല്ലാം തീർന്നുവെന്ന് വരുത്തും. സിബിഐ.യുടെ റിപ്പോർട്ടിൽ ഒളിഞ്ഞും തെളിഞ്ഞും സിപിഎം. നേതാക്കളുടെ സമ്മർദത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് ചർച്ചയാകാതിരിക്കാനാണ് സിപിഎം കരുതൽ. സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് സോളാർ കേസിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിക്കെതിരേ പീഡനകഥ അവതരിപ്പിച്ചതെന്നാണ് സിബിഐ. റിപ്പോർട്ടിൽ പറയുന്നത്. ഈ സാമ്പത്തികലാഭം ഉറപ്പുനൽകിയത് സിപിഎം. നേതാക്കളാണ് എന്നാണ് കോൺഗ്രസിന്റെ ആരോപണം.
സിബിഐ റിപ്പോർട്ട് വന്ന ശേഷം പരാതിക്കാരി പ്രതികരിച്ചിട്ടില്ല. മുമ്പത്തെ പ്രതികരണം ഗണേശ് കുമാറിന് എതിരായിരുന്നു. ലൈംഗിക പീഡനവിവരം ഉൾപ്പെടുത്തി പരാതിക്കാരി തയ്യാറാക്കിയ കത്ത് 50 ലക്ഷം രൂപ നൽകിയാണ് ദല്ലാൾ നന്ദകുമാർ വാങ്ങിയതെന്നാണ് സിബിഐ. റിപ്പോർട്ടിലുള്ളത്. ഇത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനുള്ള സമ്മർദവുമായി എത്തിയത് സിപിഎം. നേതാക്കളാണെന്ന് നന്ദകുമാർ സിബിഐ.യോട് പറഞ്ഞിട്ടുണ്ട്. 50 ലക്ഷം രൂപ നൽകി നന്ദകുമാർ പരാതിക്കാരിയിൽനിന്ന് കത്ത് വാങ്ങിയെടുക്കുന്നത് എന്തിനാണ് എന്നതാണ് ചോദ്യം. അതിന്റെ രാഷ്ട്രീയഗുണഭോക്താക്കൾ എൽ.ഡി.എഫ്. ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. നന്ദകുമാറുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ഇ.പി. ജയരാജന്റെ ബന്ധവും ലൈംഗികപരാതി സജീവമാക്കി നിർത്താൻ മന്ത്രി സജി ചെറിയാനും ഇടപെട്ടുവെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലും കോൺഗ്രസ് ആയുധമാക്കുന്നുണ്ട്.
സോളാർ പീഡനപരാതിയിലും ഈ പരാതി ഉയർന്നുവരാനുള്ള സാമ്പത്തിക ഇടപാടിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമാണെന്ന് കെപിസിസി. നേതൃയോഗം വിലയിരുത്തി. യു.ഡി.എഫ്. നേതാക്കൾക്കെതിരേ മൊഴിനൽകാൻ സിപിഎം. 10 കോടി രൂപ വാഗ്ദാനംചെയ്തുവെന്ന് പരാതിക്കാരിതന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയിൽ വരണമെന്നാണ് കോൺഗ്രസ് ആവശ്യം. മുഖ്യമന്ത്രിക്ക് ഈ ആവശ്യവുമായി കോൺഗ്രസ് പരാതി നൽകും. സോളാർകേസിൽ സിപിഎം. നേതാക്കൾ ഇടപെട്ടിട്ടില്ലെന്നും ഈ പരാതിക്ക് പിന്നിൽ കോൺഗ്രസിലുള്ളവർതന്നെയാണെന്നുമുള്ള നിലപാടാണ് നിയമസഭയിൽ ഭരണപക്ഷം സ്വീകരിച്ചത്. ദല്ലാൾ നന്ദകുമാറിനൊപ്പം അഡ്വ ഫെനി ബാലകൃഷ്ണന്റെ മൊഴിയും സിപിഎമ്മിന് എതിരാണ്.
ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയുടെ സൂത്രധാരൻ ഗണേശ് കുമാറാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് ഭരണം താഴെയിടാൻ മന്ത്രി സജിചെറിയാൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സജിചെറിയാൻ മാവേലിക്കര കോടതിയിൽ എതോ ആവശ്യത്തിനെത്തിയപ്പോൾ പരാതിക്കാരിയെ കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. സിപിഎം. നേതാവ് ഇ.പി. ജയരാജനും വിഷയത്തിൽ ഇടപെട്ടു. തന്റെയടുത്ത് ബന്ധപ്പെട്ട നേതാക്കളുടെ ആവശ്യം ലൈംഗികാരോപണം കത്തിച്ചുവിട്ട് സർക്കാരിനെ താഴെയിറക്കി ഭരണത്തിൽ കയറുകയെന്നതായിരുന്നുവെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
പരാതിക്കാരി പത്തനംതിട്ട ജയിലിൽ വെച്ചെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണം ഉണ്ടായിരുന്നില്ല. കത്തിൽ മാറ്റംവരുത്താൻ ഗണേശ് കുമാർ നേരിട്ടാവശ്യപ്പെടുകയായിരുന്നു. ഗണേശ് കുമാറിന്റെ സഹായികളുടെ നിർദ്ദേശപ്രകാരമാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരുകൾ എഴുതിച്ചേർത്തത്. ആ സമയത്ത് താനും പരാതിക്കാരിയും അതിന് എതിരായിരുന്നു. ഇത് പ്രാവർത്തികമാക്കിയത് ശരണ്യമനോജും പ്രദീപും കൂടിയാണ്. വിഷയം ആരും അറിയാതിരിക്കാൻ 'കോഡ് നെയിം' ഉപയോഗിക്കണമെന്ന് ഗണേശ് നിർദ്ദേശിച്ചിരുന്നു. അതിനാൽ പ്രദീപിനെ പൈലി എന്നാണ് വിളിച്ചിരുന്നത്. പത്രസമ്മേളനം നടത്തിയപ്പോൾ കത്തു പൊക്കിക്കാണിച്ചപ്പോൾ ക്യാമറയിൽ പതിഞ്ഞത് ജോസ് കെ. മാണിയുടെ പേരാണ്.
ലൈംഗികാരോപണം പുറത്തുവന്നതോടെ സമുദായ നേതാക്കളടക്കം ഇടപെട്ടു. എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാവരുടെയും പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ടു. അതിനു വഴങ്ങാതിരുന്നപ്പോൾ അദ്ദേഹം പത്രസമ്മേളനം നടത്തി പേരുകൾ താൻ പറഞ്ഞതായി അറിയിച്ചെങ്കിലും പിന്നീട് ആരോപണങ്ങളിൽനിന്നു പിൻവാങ്ങി. ഇ.പി. ജയരാജൻ കൊല്ലത്തുവെച്ച് കണ്ടപ്പോൾ ആരോപണം നിലനിൽക്കട്ടെയെന്നും തനിക്കുവേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞതായും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
സോളാർ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് ശിവരാജനെതിരേയും ഫെനി ആരോപണമുന്നയിച്ചു. പരാതിക്കാരി എഴുതിയ കത്തിൽനിന്ന് ഗണേശ് കുമാറിന്റെ പേര് ഒഴിവാക്കി. ലൈംഗികാരോപണംമാത്രം പറഞ്ഞാൽ മതിയെന്ന് ശിവരാജൻ ആവശ്യപ്പെട്ടു. തന്നെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. മസാലക്കഥകൾ മാത്രമായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അത് റിപ്പോർട്ടിൽ എഴുതിച്ചേർക്കാൻ പരമാവധി ശ്രമിച്ചു -ഫെനി ബാലകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ