- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂര്യൻ പിളർന്നു, ഒരു ഭാഗം അടർന്നുപോയി, ലോകം ആശങ്കയിൽ! സൂര്യൻ പൊട്ടിത്തെറിച്ചാൽ പിന്നെ ഭൂമിക്ക് നിലനിൽപ്പ് ഉണ്ടാവുമോ; സൗരയൂഥത്തിന് ഇനി എന്തുസംഭവിക്കും; സൂര്യനിൽ ചുഴലിക്കാറ്റോ; നാസ ഇതെല്ലാം സ്ഥിരീകരിച്ചുവോ? യക്ഷിക്കഥ പോലെ മാധ്യമങ്ങൾ അവതരിപ്പിച്ച സോളാർ ഫ്ളെയറിന്റെ യാഥാർഥ്യം
കോഴിക്കോട്: കഴിഞ്ഞ മൂന്നാലു ദിവസങ്ങളിലായി 'സൂര്യനിൽനിന്ന് ഒരു കഷ്ണം അടർന്നുമാറി, സൂര്യൻ പൊട്ടിത്തെറിച്ചു, ലോകം ആശങ്കയിൽ' എന്ന് തുടങ്ങുന്ന അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ നാസയുടെ പേരിൽ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടും മാധ്യമങ്ങൾ ഏറെക്കുറെ വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്ത ഒരു വാർത്ത വളച്ചൊടിച്ച് യക്ഷിക്കഥപോലെയാണ് കേരളത്തിൽ പ്രചരിക്കപ്പെട്ടത്.'സൂര്യനിൽ നിന്ന് ഒരു ഭാഗം അടർന്നുപോയി-ശാസ്ത്രലോകം അമ്പരപ്പോടെയും അത്ഭുതത്തോടെയും നോക്കി കാണുന്നു.' എന്നിങ്ങനെയാണ് വാർത്തകൾ പോകുന്നത്.
എന്നാൽ ഇതിൽ യാതൊരു അത്ഭുതവും അമ്പരപ്പുമിലെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഈ രീതിയിലുള്ള യാതൊരു റിപ്പോർട്ടും നാസ നിൽകിയിട്ടില്ല. സോളാർ ഫ്ളെയർ, എന്ന പ്രതിഭാസത്തിൽ ശാസ്ത്രലോകത്തിന് യാതൊരു അത്ഭുതമില്ല. ഇതിന്റെ പേരിൽ ആശങ്കയുമില്ല. സൗരയൂഥത്തിനോ ഭൂമിക്കോ ഇതുമൂലം യാതൊരു കുഴപ്പവും ഉണ്ടാവില്ല.
പക്ഷേ ഇതെല്ലാം നാസ പറഞ്ഞു എന്ന രീതിയിലാണ് പ്രചാരണം. പക്ഷേ നാസ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലുമിട്ടതാണ്. വാർത്തയ്ക്ക് ആധാരം സൂര്യനിൽ നിന്നും നിരന്തരം പ്രവഹിക്കുന്ന സൗരജ്വാലകളാണ്. വൈദ്യുതി ചാർജ്ജുള്ള പ്ലാസ്മ രൂപത്തിലുള്ള ഇത്തരം സൗരവാതങ്ങൾ പുറത്തേക്ക് പ്രസരിക്കുന്നത് സാധാരണയാണ്. ഇപ്പോഴത്തെ വാർത്തയിൽ 'തെറിച്ച് പോയി' എന്ന് റിപ്പോർട്ട് ചെയ്യപെടുന്ന സോളാർ ഫ്ളെയർ ശരിക്കും സൂര്യനിലേക്ക് തന്നെ തിരിച്ച് വീഴുന്ന ഒന്നാണ്, വേർപെട്ട് പോയിട്ടില്ല.
എന്താണ് സോളാർ ഫ്ളെയർ
ശാസ്ത്ര പ്രചാരകൻ ശാസ്ത്രലോകം ബൈജുരാജ് തന്റെ വീഡിയോയിൽ ഇങ്ങനെ പറയുന്നു. '' കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സൂര്യൻ പിളർന്നു, സൂര്യനിൽ ഒരു വിഭാഗം അടർന്നു, സൂര്യനിൽ ചുഴലിക്കാറ്റ്, എന്ന് പറഞ്ഞാണെല്ലോ വാർത്തകൾ. പലപ്പോഴും സൂര്യനിൽനിന്ന് പുറത്തേക്ക് വരുന്ന പ്ലാസ്മ എന്ന് അറിയപ്പെടുന്ന, വൈദ്യുതി ചാർജുള്ള വാതകങ്ങളാണ് സൗരവാതം അഥവാ സോളാർ ഫ്ളെയർ. പൂർണ്ണ സൂര്യഗ്രഹണത്തിന്റെ സമയത്ത് നമുക്ക് ഇത് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. സൂര്യനിൽ നിന്ന് ചാർജുള്ള വാതകങ്ങൾ പ്ലാസ്മരൂപത്തിലാണ് പുറത്തുവരുന്നത്. ഭൂമിയുടെ ഏതാണ്ട് പത്ത് ഇരുപത് മടങ്ങ് ഭാരമുണ്ട് ഈ ജ്വാലകൾക്ക്. ഇവ ഭൂമിയിൽ എത്തിയാൽ എപ്പോൾ ഭൂമി തീർന്നുവെന്ന് പറഞ്ഞാൽ മതി.
മണിക്കൂറുകൾ ചേർന്ന് എടുത്ത വീഡിയോ ഒന്നിച്ചാക്കിയതാണ് സൂര്യൻ പിളർന്നു എന്ന് പറയുന്ന വീഡിയാ. ഇതിൽ ധാരാളം സോളാർ ഫ്ളയറുകൾ കാണാം. കോടിക്കണക്കിന് മാസുള്ള സോളാർ ഫ്ളയറുകൾ സൂര്യനിൽനിന്ന് തെറിച്ച് പോകുന്നു. പക്ഷേ ഇത് താഴേക്ക് വരുന്നില്ല.
ജംയിസ് വെബ് ടെലക്സോപ്പ് വഴിയാണ് സൂര്യനിൽ നിന്നും ഒരു ഭാഗം അടർന്നു പോയതിന്റെ ചിത്രം എടുത്തത് എന്നാണ് പറയുന്നത്. സത്യത്തിൽ ജെയിസം വെബ് ടെലിസ്ക്കോപ്പ് സൂര്യനെ ഇതുവരെ നോക്കുകപോലും ചെയ്തിട്ടില്ല. അതിന്റെ ഉദ്ദേശവും അതല്ല. ആകാശത്ത് കാണുന്ന നക്ഷത്രങ്ങളുടെ ചെറിയ വെളിച്ചം പോലും ജെയിസ് വെബ് ടെലിസ്ക്കോപ്പിന് ഒരു തലവേദനായണ്. അത് മറച്ചുകൊണ്ടാണ്, ഒരു ഭാഗം മാത്രം ജെയിംസ് വെബ് ടെലിസ്ക്കോപ്പ് ഫോക്കസ് ചെയ്യുന്നത്. ജെയിംസ് വെബ് ടെലിസ്ക്കോപ്പ് സൂര്യനെ നോക്കുകയാണെങ്കിൽ അതിന്റെ സെൻസർ എല്ലാം നശിച്ചുപോകും. സൂര്യനെനോക്കുവാനായി നമുക്ക് ഒരിക്കലും ടെലസ്ക്കോപ്പിന്റെ ആവശ്യമില്ല. കാരണം, അത്രയും പ്രകാശമുള്ളതും വലുതുമാണ് സൂര്യൻ..
ചുരുക്കിപ്പറഞ്ഞാൽ കാലാകാലങ്ങളായി സൂര്യനിൽ സംഭവിക്കുന്ന ഒരു പ്രതിഭാസം മാത്രമാണ്, ഈ കാര്യം. അല്ലാതെ പേടിക്കാനായിട്ട് യാതൊന്നുമില്ല. '' ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു.
എന്താണ് ജെയിംസ് വെബ് ടെലിസ്കോപ്പ്
ഭൂമിയിൽനിന്നും 15 ലക്ഷം കിലോമീറ്റർ അകലെ ജയിംസ് വെബ് ടെല്സ്കോപ് വെച്ചിരിക്കുന്നത്.. സൂര്യനെ നോക്കി സോളാർ ഫ്ളെയറിന്റെ ചിത്രം എടുക്കൽ അല്ല ജയിംസ് വെബിന്റെ ദൗത്യം. ശാസ്ത്ര പ്രചാരകൻ ബഷീർ പേങ്ങാട്ടിരി ഇതുസംബന്ധിച്ച് ഇങ്ങനെ എഴുതുന്നു. '' സൂര്യനിൽനിന്ന് ഒരു കഷ്ണം അടർന്നുമാറി. സൂര്യൻ പൊട്ടിത്തെറിച്ചു, ലോകം ആശങ്കയിൽ' എന്നൊക്കെയാണ് മാധ്യമങ്ങളിലെ തലക്കെട്ടുകൾ. സൂര്യനിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന ചില പ്രതിഭാസങ്ങളാണ് ഇതെല്ലാമെന്നതാണ് യാഥാർഥ്യം. പോരാഞ്ഞ് ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഇത് പകർത്തിയതെന്നും ഇതേകുറിച്ചുള്ള മിക്ക വാർത്തകളിലും കാണുന്നുണ്ട്.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെ, സൂര്യന്റെ വീക്ഷണകോണിൽ നിന്ന് ഭൂമിക്ക് തൊട്ടുപിന്നിലുള്ള ലാഗ്രാഷ്യൻ പോയിന്റ് 2-ൽ (എൽ2) സൂര്യനെയാണ് ഭൂമിയോടൊപ്പം വലം വെക്കുന്നത്. ഈ ഭ്രമണപഥത്തിന്റെ പ്രത്യേകത എന്തെന്നാൽ, ദൂരദർശിനി സൂര്യനുചുറ്റും സഞ്ചരിക്കുമ്പോൾ ഭൂമിയുടെ നിഴലിൽ ചേർന്ന് നിൽക്കാൻ അതിന് സാധിക്കുന്നു എന്നതാണ്.
ബഹിരാകാശത്തിലെ കൊടും തണുപ്പിൽ പ്രവർത്തിക്കാൻ പാകത്തിലാണ് ഈ ദൂരദർശിനി തയ്യാറാക്കിയിരിക്കുന്നത് എന്നതിനാൽ തന്നെ സൂര്യന്റെയും ഭൂമിയുടെയും, ചന്ദ്രന്റെയും മൊക്കെ വെളിച്ചത്തിൽനിന്നും ചൂടിൽ നിന്നും സെൻസിറ്റീവ് മിററുകളെയും ഉപകരണങ്ങളെയും സംരക്ഷിക്കാൻ പാകത്തിൽ അതിൽ ഒരു സൺഷീൽഡും ഘടിപ്പിച്ചിട്ടുണ്ട്. ഈ താപസംരക്ഷണ കവചം ദൂരദർശിനിയെ അകത്തെ സൗരയൂഥ കാഴ്ചയിൽ നിന്ന് തടയും. അതായത് സൂര്യൻ, ഭൂമി, ചന്ദ്രൻ, ബുധൻ, ശുക്രൻ എന്നിവയെയും ധൂമകേതുക്കളെയും ഭൂമിക്ക് സമീപമുള്ള അറിയപ്പെടുന്ന നിരവധി വസ്തുക്കളെയും നിരീക്ഷിക്കാൻ ഇതിന് കഴിയില്ല എന്നതാണ് വസ്തുത.''- ബഷീർ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഭൂമിക്കോ സൗരയൂഥത്തിനോ യാതൊരു കുഴപ്പവും വരാത്ത ഒരു പ്രതിഭാസത്തെ തീർത്തും യക്ഷിക്കഥയാക്കി അവതരിപ്പിക്കായാണ് കേരളത്തിലെ ചില മാധ്യമങ്ങൾ ചെയ്തത് എന്ന് ചുരുക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ