തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രതിഷ്ഠാദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് കെ എസ് ചിത്ര ആവശ്യപ്പെടുന്ന വീഡിയോ വൈറലായി എന്നുമാത്രമല്ല, വലിയൊരു വിഭാഗം ചിത്രയ്ക്കെതിരെ വടിയെടുത്തിരിക്കുകയാണ്. ഒരു തമിഴ് മാധ്യമമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ പങ്കുവച്ചത്. ചിത്രയുടെ ആഹ്വാനത്തെ ഗായകമായ സൂരജ് സന്തോഷ് വിമർശിച്ചിരുന്നു. പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പോസ്റ്റ്. 'ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്.'വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു എന്നായിരുന്നു സൂരജിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഇതിന് പിന്നാലെ സൂരജിന് എതിരെ കടുത്ത സൈബർ ആക്രമണം തുടരുകയാണ്.

സൈബർ ആക്രമണം പരിധി വിട്ടപ്പോൾ നിയമനടപടി സ്വീകരിക്കുമെന്ന് സൂരജ് സന്തോഷ് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. എന്നാൽ തളരില്ല, തളർത്താൻ പറ്റുകയുമില്ല-സൂരജ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'കഴിഞ്ഞ രണ്ട് ദിവസമായി നിരന്തര സൈബർ ആക്രമണമാണുണ്ടാകുന്നത്. മുമ്പും ഇതുപോലെ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ വളരെ മോശമായ രീതിയിൽ എല്ലാ പരിധിയും വിട്ടിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നത് ഏറെ ആശ്വാസകരമാണ്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന ഓരോരുത്തരോടും ഹൃദയത്തിൽനിന്ന് നന്ദി പറയുന്നു. തളരില്ല, തളർത്താൻ പറ്റുകയുമില്ല''-സൂരജ് പറഞ്ഞു.

ബിജെപി നേതാവ് സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം സൂരജിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. താൻ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി കാൻസൽ ചെയ്തെന്നും വ്യാജ വാർത്തകൾ വരുന്നുണ്ട്. എന്നാൽ താൻ ജനം ടി.വിയുടെ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. കെ.എസ് ചിത്ര എന്ന ഗായികയേയോ അവരുടെ സംഗീതത്തേയോ അല്ല താൻ വിമർശിച്ചതെന്നും സൂരജ് സന്തോഷ് പറഞ്ഞു.

സൂരജ് സന്തോഷ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പാടി. 1987 സെപ്റ്റംബർ 19ന് കൊല്ലത്ത് ജനിച്ചു. തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാത്മാഗാന്ധി കോളേജിൽ നിന്നും ബി.കോം ബിരുദവും മാർ ഇവാനിയോസ് കോളേജിൽ നിന്ന് എം.കോം ബിരുദവും നേടി.

2004ലെ കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും 2004-2005ലെ കേരള സംസ്ഥാന ഹയർ സെക്കന്ററി കലോത്സവത്തിലും വിജയിയായിരുന്നു. 2009, 2010, 2011 വർഷങ്ങളിൽ ദക്ഷിണേന്ത്യൻ അന്തർ-സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനനായിരുന്നു ഗുരു

മലയാളത്തിൽ ഏറ്റവും ഹിറ്റായ ഗാനങ്ങൾ, വെറുതെ മിഴികൾ തുളുമ്പിയോ (ഗപ്പി), ആരാധികേ... (അമ്പിളി ), തിരിച്ചെത്തുമോ വൽസാ (കുഞ്ഞിരാമായണം ), തീരമേ (മാലിക്) എന്നിവയാണ്.

കെ എസ് ചിത്ര വീഡിയോയിൽ പറഞ്ഞത്

'എല്ലാവർക്കും എന്റെ നമസ്‌കാരം, അയോദ്ധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു.'- എന്നാണ് കെ എസ് ചിത്ര വീഡിയോയിൽ പറയുന്നത്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ദിവസങ്ങൾക്ക് മുമ്പ് ചിത്ര ഏറ്റുവാങ്ങിയിരുന്നു.

അതേസമയം ചിത്രയ്ക്ക് പിന്തുണയുമായി ശ്രീകുമാരൻ തമ്പിയും ജി വേണുഗോപാലും അടക്കമുള്ളവർ എത്തിയിരുന്നു. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിർപ്പെന്നും എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാം, ഇതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.