- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ പറഞ്ഞത് അതൊക്കെ പൈങ്കിളി കഥയല്ലേ... അത് നമുക്ക് പറ്റിയതല്ലെന്ന്; അങ്ങനെ 'പാളയം' നോവൽ സിനിമയാക്കാനുള്ള പ്രോജക്റ്റ് നടന്നില്ല; അപ്പോഴാണ് സ്ഫടികം വരുന്നത്; പേരും പശ്ചാത്തലവും മാറിയതല്ലാതെ കഥ അതുതന്നെ; വെളിപ്പെടുത്തലുമായി നോവലിസ്റ്റ് ജോയ്സി; ആടുതോമ ലോറിക്കാരൻ നോബിളോ?
കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി, ഭദ്രൻ സംവിധാനം ചെയ്ത് സ്ഫടികം. 28 വർഷത്തിനുശേഷം ഡോൾബി ഡിജിറ്റൽ വേർഷനായി ചിത്രം ഈയിടെ റീ റിലീസ് ചെയ്തപ്പോഴും ജനം അത് ഏറ്റെടുക്കയായിരുന്നു. മുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന ആടുതോമയെന്ന മോഹൻലാൽ കഥാപാത്രത്തെ ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുകയാണ്. പക്ഷേ ഈ സ്ഫടികത്തിന്റെ കഥ, താൻ മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ഹിറ്റ് നോവലായ പാളയവുമായി സാമ്യമുണ്ടെന്ന് പറയുകയാണ് നോവലിസ്റ്റ് ജോയ്സി. സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
സി.വി നിർമ്മല, ജോസി വാഗമറ്റം, ജോയ്സി എന്നീ മൂന്നു പേരുകളിൽ 50ഓളം നോവലുകൾ എഴുതിയ ജോയ്സി, ജനപ്രിയ നോവലുകളുടെ മുടിചൂടാമന്നനായാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വാറ്റകുന്നേൽ ജോയ് എന്നാണ് ശരിക്കുള്ള പേര്. അതായത് ജോയ് സി. ആ ഇനീഷ്യൽ കൂടി തന്നെ പേരിനോട് ചേർത്താണ്, ജേസി ജൂനിയർ എന്ന് പേരിൽ ആദ്യകാലത്ത് എഴുതിയിരുന്ന അദ്ദേഹം ജോയ്സിയായി മാറിയത്. തന്റെ ഓരോ നോവലിന്റെ പിന്നിലെ അണിയറക്കഥകൾ പറയുമ്പോഴാണ് ജോയ്സി, പ്രശസ്ത സംവിധായകൻ ഭദ്രൻ തന്റെ നോവൽ സിനിമയാക്കാൻ വന്ന കഥ അനുസ്മരിക്കുന്ന്.
അത് നോബിളിന്റെ കഥ
ജോയ്സിയുടെ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. '' പാളയം എന്ന നോവലും ഏറെ ബുദ്ധിമുട്ടി എഴുതിയതാണ്. ലോറിക്കാരൻ നോബിൾ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടില്ല. ഞാൻ അത് അഞ്ചുഭാഗങ്ങൾ എഴുതി. ഇപ്പോളും ആളുകൾ, പലരും ഇതേക്കുറിച്ച് ചോദിക്കാറുണ്ട്്. ഈയടുത്ത കാലത്തും മനോരമക്ക് ഇതുസംബന്ധിച്ച് കത്ത് വരാറുണ്ട്.
നോബിൾ എന്ന പേരായ ഒരാൾ വാസ്തവത്തിൽ ജീവിച്ചിരുന്നയാൾ ആണ്. അത് ഈരാറ്റുപേട്ടക്ക് അടുത്ത കളത്തൂകടവ് എന്ന പ്രദേശത്ത് ജീവിച്ചിരുന്ന, ഒരു ആരെയും വകവെക്കാത്ത റൗഡിയായിരുന്നു. കണ്ടത്തിൽ നോബിൾ എന്നാണ് പേര്. കാറിൽ പോവുന്നവരെ തടഞ്ഞ് നിർത്തി മുഖത്തടിക്കുക പോലുള്ള പല അതിക്രമങ്ങൾ നോബിൾ ചെയ്യും. യാത്രാക്കാരുടെ കൈയിലുള്ള സാധനങ്ങൾ തട്ടിയെടുക്കും. എന്റെ അമ്മാവന്മാർ ഒക്കെ പറഞ്ഞിട്ടാണ് ഞാൻ ഈ കഥകേട്ടത്. ഞാൻ നോബിളിനെ കണ്ടിട്ടില്ല. പൊലീസുകാർക്കുപോലും ഇയാളെ പേടിയായിരുന്നു. കിട്ടുന്ന പൈസ മുഴുവൻ കൂട്ടാളികളെ സൽക്കരിച്ചും, കള്ളുകുടിച്ചും തീർക്കും.
ഒടുവിൽ പൊറുതി മുട്ടിയ ഇവിടുത്തെ പ്രമാണി കുടുംബങ്ങൾ അയാളെ കൊല്ലിക്കയായിരുന്നു. കള്ളുഷാപ്പിൽ ഇരുന്ന് കുടിക്കവേ, നോബിളിന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയും, വേദനയോടെ അയാൾ ഓടി പൂഴയിൽ ചാടിയപ്പോൾ വെട്ടിക്കൊല്ലുകയുമായിരുന്നു. ഈ നോബിൾ എന്ന പേരും അയാളുടെ താൻ പോരിമയുമെല്ലാം എന്റെ മനസ്സിൽ കിടന്നു. അതാണ് പാളയത്തിലെ കഥാാപാത്രത്തിന് നോബിൾ എന്ന പേര് കൊടുക്കാൻ കാരണം. ''- ജോയ്സി പറയുന്നു.
പിന്നീടാണ് നോവൽ സിനിമയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. അതേക്കുറിച്ച് ജോയ്സി ഇങ്ങനെ പറയുന്നു. ''ഈ നോവൽ പ്രസിദ്ധീകരിച്ചതിനുശേഷം പാലായിലുള്ള ഡയറകട്ര് ഭദ്രൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ഇത് നമുക്ക് സിനിമയാക്കാമെന്ന്. നോവൽ ഒന്ന് തരണമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഈ നോവലിന്റെ കൈയെഴുത്തു പ്രതിയും, കോപ്പികളുമെല്ലാം എടുത്ത് പാലായിലെത്തി ഭദ്രനെ കണ്ടു. ഭദ്രന്റെ അച്ഛന് നോബിളിനെ അറിയാം. ഈ കഥകൾ ഒക്കെ അറിയാം. അന്ന് കൊലനടത്തിയവരുടെ കൂട്ടാളിയായി പറയപ്പെടുന്ന അവശേഷിച്ച ആളുകളെ കണ്ട് ഇന്റവ്യൂ ഒക്കെ നടത്തിയാണ് ഞാൻ നോവൽ എഴുതിയത്.
ഈ കാര്യങ്ങളോക്കെ ഞാൻ ഭദ്രന്റെ അടുത്തു പറഞ്ഞു. നമുക്ക് മോഹൻലാലിനെ വെച്ച് സിനിമ എടുക്കാം, കഥയിവിടെ ഇരിക്കട്ടെ, ഞാൻ വിളിക്കാം എന്ന് ഭദ്രനും പറഞ്ഞു. ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഭദ്രൻ വിളിച്ചിട്ട് പറഞ്ഞു. ഞാൻ മോഹലാലുമായി സംസാരിച്ചപ്പോൾ, മോഹൻലാൽ പറയുന്നത് അതൊക്കെ പൈങ്കിളി കഥയല്ലേ, അത് നമുക്ക് പറ്റിയതല്ല എന്നാണ്. അത് വേണ്ട, നമുക്ക് വേറെ നോക്കാം എന്ന് പറഞ്ഞ് മോഹൻലാൽ അതിൽനിന്ന് പിന്മാറിയതായാണ് ഭദ്രൻ അറിയിച്ചത്.
ഞാൻ എന്നാൽ എന്റെ നോവൽ തിരിച്ച് തന്നേക്കാൻ പറഞ്ഞു. അദ്ദേഹം അത് തിരിച്ച് തരികയും ചെയ്തു. അതിന് സിനിമയാകാനുള്ള യോഗമില്ല എന്ന് ഞാൻ സമാധാനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സ്ഫടികം വരുന്നത്. സ്ഫടികം വരുമ്പോൾ കഥ ഇതൊക്കെ തന്നെയാണ്. ഈ പാളയത്തിലെ ലോറിക്കാരനും, നോബിളും, അയാളുടെ ചങ്കുറ്റവും ഒക്കെ. പേരും അതിന്റെ ഒരു പശ്ചാത്തലവുമെല്ലാം മാറ്റിയിരിക്കുന്നു. അതുമാത്രമേ, വ്യത്യാസമുള്ളൂ''- ജോയ്സി പറഞ്ഞു.
കുങ്കുമപ്പൂവും കോപ്പിയടിയോ?
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കുങ്കുമപ്പൂവും താൻ മനോരമയിൽ എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തതാണെന്ന് ജോയ്സി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ. ''ഒരു അനാഥാലയം പൂട്ടിപ്പോയ ഒരു പത്രവാർത്തയിൽ നിന്നാണ് തന്റെ ഏറെ പ്രശംസിക്കപ്പെട്ട നോവലായ, 'മഴതോരും മുമ്പേ' എഴുതിയത്. നാലുവർഷത്തോളം തുടർച്ചയായി അത് മനോരമയിൽ പ്രസിദ്ധീകരിച്ചു.
240 അധ്യായങ്ങൾ ഉണ്ടായിരുന്നു. അതിലെ 9 കുടുംബങ്ങളുടെ കഥയിൽ വായനക്കാർ ഇന്നും മറക്കാത്ത കഥാപാത്രമാണ് അലീന. അത് സിനിമയാക്കണം, സീരിയൽ ആക്കണം എന്ന് പലരും മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞില്ല. പക്ഷേ ആ കഥയുടെ ത്രഡ് എടുത്തിട്ട് 15ഓളം സീരിയലുകൾ വിവിധ ചാനലുകളിൽ കൂടി പുറത്തുവന്നിട്ടുണ്ട്. അതിൽ ഒരു സീരിയൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്ന 'കുങ്കുമപ്പൂവ്' എന്ന പേരിൽ വന്ന ഏഷ്യാനെറ്റിലെ സീരിയൽ ആണ്. ആശാ ശരത്ത് ഒക്കെ അഭിനയിച്ച സീരിയൽ. അതിന്റെ പേരിൽ കേസിന് പോകണം എന്നൊക്കെ ആഗ്രഹിച്ചുവെങ്കിലും, പിന്നീട് ഒഴിവാക്കി. എനിക്ക് എഴുതാൻ ഇഷ്ടംപോലെ വിഷയങ്ങൾ ഉണ്ടല്ലോ. പറഞ്ഞു തീരാൻ ഈ ആയുസിൽ പറ്റാത്ത അത്രയും കഥകൾ ഉണ്ടല്ലോ എന്ന് കരുതി ഞാൻ അതൊക്കെ വിട്ടുകളയുകയാണ് ഉണ്ടായത്.''- ജോയ്സി പറയുന്നു.
താൻ ജോസിവാഗമറ്റം, സി വി നിർമ്മല എന്നപേരിൽ എഴുതാൽ ഇടയാക്കിയ സാഹചര്യങ്ങളും തന്റെ കഷ്ടതകൾ നിറഞ്ഞ ബാല്യവുമൊക്കെ ജോയ്സി, 'ചരിത്രം എന്നിലൂടെ' പരിപാടിയിലൂടെ വിശദമായി പറയുന്നുണ്ട്. 80കളിൽ ജോയ്സി എഴുത്തിലേക്ക് വരുമ്പോൾ, മാത്യമുറ്റം ആയിരുന്നു ജനപ്രിയ നോവൽ രംഗത്തെ സൂപ്പർ സ്റ്റാർ. മനോരമയും മംഗളവുമായി വലിയ മത്സരം നടക്കുന്ന സമയമാണ്. മാത്യുമറ്റം പുതിയ നോവൽ മനോരമയിൽ എഴുതാമെന്ന് പഞ്ഞതാണ്. എന്നാൽ അദ്ദേഹത്തെ കാണാതായി. എതിർ വാരികക്കാർ കൊണ്ടുപോയി ദൂരെ എവിടെയോ ആക്കി എന്നൊക്കെയുള്ള കഥകൾ പരന്നു.
അതോടെ മനോരമയിലെ നോവൽ മുടങ്ങി. അപ്പോഴാണ് മനോരമ ടീം മാത്യുമറ്റം എഴുതുന്നതുപോലെ ഒരു നോവൽ എഴുതാമോ എന്ന് ചോദിച്ച് ജോയ്സിയെ സമീപിക്കുന്നത്. എന്നാൽ അദ്ദേഹം പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. എന്നാൽ അവർ വീണ്ടും സമീപിച്ചു. മാത്യുമറ്റത്തിന്റെ കഥകൾപോലെ, ഒരുപാട് സംഭവങ്ങൾ വരുന്ന രീതിയിൽ, വളരെ പെട്ടെന്ന് കഥ നീങ്ങുന്ന, ഒരു നോവൽ ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്. എന്നാൽ ഇത് തന്റെ പേരിൽ എഴുതാൻ കഴിയില്ല എന്ന് പറഞ്ഞ ജോയ്സി, ഒരു തൂലിക നാമം സ്വീകരിച്ചു.
അതാണ് ജോസി വാഗമറ്റം. സ്വന്തം നാടായ ഈരാറ്റുപേട്ട തീക്കോയിക്കടുത്തെ വാകമറ്റം എന്ന പ്രദേശത്തെ ചേർത്താണ് ഇത് ഇട്ടത്. മാത്യുമറ്റത്തെ അനുസ്മരിക്കുന്ന രീതിയിൽ ഒരു മറ്റം വേണമെന്നത് മനോരമ ടീമിന്റെ നിർബന്ധമായിരുന്നു. അങ്ങനെ എഴുതിയ നോവൽ ആണ് 'കാവൽ മാടം'. അത് വലിയ ഹിറ്റായി. പിന്നീട് ജോസി വാഗമറ്റം എന്ന പേരിൽ എഴുതിയ നോവലുകൾ ഒക്കെയും, മാത്യുമറ്റത്തെ കടത്തിവെട്ടി ജനലക്ഷങ്ങളെ ആകർഷിച്ചു.
ഈ പേരിന്റെ പേരിൽ മാത്യുമറ്റം തന്നോട് പിണങ്ങിയതും ജോയ്സി പറയുന്നുണ്ട്. ആ മറ്റം കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു മാത്യുമറ്റത്തിന്റെ ആരോപണം. പക്ഷേ തന്റെ നാട് വാകമറ്റം ആണെന്ന് ജോയ്സി പറഞ്ഞിട്ടും മാത്യുമറ്റം വിശ്വസിച്ചിരുന്നില്ല. ഇങ്ങനെ രസകരമായ പല സംഭവങ്ങളിലൂടെയാണ് ജോയ്സിയുടെ ചരിത്രം എന്നിലൂടെ കടന്നുപോവുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ