- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാള സിനിമയിൽ വീണ്ടും വസന്തകാലം
കഴിഞ്ഞ കുറേക്കാലമായി ഫ്ളോപ്പുകളുടെയും, കോടികളുടെ നഷ്ടത്തിന്റെയും കഥകൾ മാത്രമാണ് മലയാള സിനിമക്ക് പറയാനുണ്ടായിരുന്നത്. 200 ലേറെ പടങ്ങൾ ഇറങ്ങി വിരലിൽ എണ്ണാവുന്ന ഹിറ്റുകൾ മാത്രം സൃഷ്ടിച്ച വർഷമായിരുന്നു 2023. വെറും ഒരു ഡസൻ ചിത്രങ്ങളാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്. ഫിലിം ചേംബറിന്റെ കണക്കുപ്രകാരം 2023-ലെ മൊത്തം നഷ്ടം 700 കോടിയോളം വരുമെന്നാണ്!
എന്നാൽ 2024 മലയാള സിനിമയുടെ ഭാഗ്യവർഷമായി മാറുകയാണ്. ജനുവരിയിൽ ഇറങ്ങിയ ആട്ടം എന്ന കൊച്ചുചിത്രം തന്നെ പ്രേക്ഷകരെ തീയേറ്റിലേക്ക് ആകർഷിച്ചു. എന്നാൽ ഫെബ്രുവരി മാസത്തിൽ മൂന്ന് മെഗാ ഹിറ്റുകൾ ഉണ്ടായിരിക്കുന്നു. വെറും 17 ദിവസംകൊണ്ട് പ്രേമലുനേടിയത് 67 കോടിയാണ്. 11 ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി മമ്മുട്ടിയുടെ ഭ്രമയുഗം. വെറും നാലുദിവസം കൊണ്ട് 36 കോടി നേടി മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും ഞെട്ടിക്കയാണ്. കഴിഞ്ഞ ഫെബ്രുവരി 9 മുതൽ 25 വരെയുള്ള മൂന്ന് ആഴ്ച കൊണ്ട് 150 കോടിയുടെ ഗ്രോസാണ് മലയാള സിനിമയിൽ വന്നത്.
അടുത്തകാലത്തൊന്നും ഇതുപോലെ തീയേറ്ററുകൾ നിറഞ്ഞിട്ടില്ല. കോളടിച്ച ഫെബ്രുവരി മാസത്തെ ഫാബുലസ് ഫെബ്രുവരി എന്നാണ് ചലച്ചിത്രലോകം വിശേഷിപ്പിക്കുന്നത്. ജനം നിറഞ്ഞതോടെ പരസ്യവരുമാനവും, ഭക്ഷണ-പാനീയ വിൽപ്പനയുമൊക്കെയായി തീയേറ്റുകാരും രക്ഷപ്പെടുകയാണ്. കോവിഡ് കാലം തൊട്ട് പിറകോട്ടടിച്ച തീയേറ്റർ വ്യവസായം, പതുക്കെ പച്ചപിടിക്കയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേസമയം, പത്തുപേർ ഇല്ലാത്തതിനാൽ ഷോ നടത്താൻ കഴിയാത്ത സമയമായിരുന്നു.
കാശുവാരി പ്രേമലൂവും ഭ്രമയുഗവും
നസ്ലിൻ, മമിത എന്നിവരെ നായിക നായകന്മാരാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു തീയറ്ററിൽ എത്തിയത് ഫെബ്രുവരി 9നാണ്. ഒരു റോം കോം ചിത്രം അപ്രതീക്ഷിത ഹിറ്റാണ് മലയാളത്തിൽ സൃഷ്ടിച്ചത്. ആദ്യ ആഴ്ചയിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ കയറിവന്ന ചിത്രം രണ്ടാം ആഴ്ച എത്തിയപ്പോൾ ബോക്സോഫീസിൽ കത്തിക്കയറി. വെറും പതിനാല് ദിവസത്തിൽ 27.35 കോടി നേടി. ഒരാഴ്ച പിന്നിട്ടതോടെ, 2024 ലെ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായും പ്രേമലു മാറി.
എന്നാൽ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ഭ്രമയുഗം ഇറങ്ങുന്നതോടെ പ്രേമലു പിന്നോട്ടടിക്കുമെന്നാണ് കരുതിയത്. എന്നാൽ രണ്ടുസിനിമക്കും ആളുണ്ടായി. വെറും 11 ദിവസംകൊണ്ട് ഭ്രമയുഗം 50 കോടി ക്ലബിലെത്തിയത്. മലയാളത്തിൽ അടുത്തകാലത്ത് നടത്തിയ ഏറ്റവും വ്യത്യസ്തമായ പരീക്ഷണ ചിത്രമാണിത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ ഹൊറർ ചിത്രമായ ഭ്രമയുഗം മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിലൂടെയാണ് ശ്രദ്ധേയമായത്. ഒപ്പം അർജുൻ അശോകനും, സിദ്ധാർത്ഥ് ഭരതനും മികച്ച പ്രകടനം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ പുറത്തെടുത്തു.
ഈ ചിത്രത്തിൽ നടത്തിയ പരീക്ഷണം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകൾ വെളിപ്പെടുത്തുന്നത്. അതേ സമയം മലയാളത്തിന് പുറമേ അന്യഭാഷകളിൽ നിന്നും ഗംഭീര അഭിപ്രായം ഭ്രമയുഗം നേടുന്നുണ്ട്. ഇതോടെ ചിത്രത്തിന്റെ ആഗോള കളക്ഷനും ഉയരും. ചിത്രം നൂറുകോടി ക്ലബിലേക്ക് നീങ്ങുമെന്നാണ് ആരാധകർ എഴുതുന്നത്.
മഞ്ഞുമ്മൽ നൂറുകോടി ക്ലബിലേക്ക്
പക്ഷേ ഫെബ്രുവരിയിലെ യഥാർത്ഥതാരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതാണ് മഞ്ഞുമ്മൽ ബോയ്സ്. സൂപ്പർതാരങ്ങളൊന്നും ഇല്ലാഞ്ഞിട്ടും പ്രീ ബുക്കിംഗിൽ വെറും അഞ്ചര മണിക്കൂർ കൊണ്ട് വിറ്റത് 54,222 ടിക്കറ്റുകളാണ്. ഇതിലൂടെ നേടിയിരിക്കുന്ന തുക 85 ലക്ഷമാണ്. ഇത് കേരളത്തിലെ നില. യുകെ അടക്കമുള്ള വിദേശ മാർക്കറ്റുകളിലും മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയിൽ ആദ്യദിനം തന്നെ 11 ൽ അധികം ഹൗസ്ഫുൾ ഷോകൾ പ്രീ റിലീസ് ബുക്കിംഗിലൂടെ ചിത്രത്തിന് ലഭിച്ചിരുന്നു. ഫെബ്രുവരി 22നാണ് ഈ പടം തീയറ്ററിൽ എത്തിയത്. 2006 ൽ നടന്ന യഥാർത്ഥ സംഭവത്തിനെ വീണ്ടും സ്ക്രീനിൽ അവതരിപ്പിച്ച യൂത്ത് പടം ഗംഭീരമായ വിജയമായി. മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ മൂവിയെന്ന അഭിപ്രായമാണ് ചിത്രം നേടിയത്. വെറും നാലുദിവസം കൊണ്ട് 36 കോടിനേടി ഞെട്ടിച്ച ചിത്രം നൂറുകോടി ക്ലബിലെത്തുമെന്നാണ് കരുതുന്നത്.
തിയറ്ററുകളിൽ വൻ ഹിറ്റ് അടിച്ച ജാനെമൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചിദംബരമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധാനം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. ഗുണ കേവ്സ് എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ സ്ഥലത്തേക്ക് മഞ്ഞുമ്മലിൽ നിന്ന് വിനോദയാത്ര പോകുന്ന ഒരു സംഘം യുവാക്കൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.