തിരുവനന്തപുരം: ഉദ്യോഗസ്ഥരെ കാണുമ്പോൾ പരസ്യമായി ശകാരിച്ച സംഭവങ്ങളുടെ പേരിൽ മന്ത്രി ഗണേശ് കുമാർ കയ്യടിയും വിമർശനവും ധാരാളം നേരിട്ടിട്ടുണ്ട്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരുമായും മന്ത്രി ഗണേശ് അത്ര നല്ല ബന്ധത്തിലല്ല. അതുകൊണ്ട് തന്നെയാണ് ബിജു പ്രഭാകർ വകുപ്പൊഴിഞ്ഞു പോയത്. കൂടാതെ ഗതാഗത വകുപ്പു കമ്മീഷണറുമായും ഗണഷ് ഉടക്കിൽ തന്നെയാണ്. ശ്രീജിത്തുമായുള്ള തർക്കം ഒരു ഘട്ടത്തിൽ കയ്യാങ്കളിയുടെ വക്കിൽ എത്തുകയും ചെയ്തു. ഇതിന് പിന്നാലെ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിൽ കീരിയും പാമ്പു പോലെയാണെനനാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇപ്പോഴിതാ 79 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഗതാഗത കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി ഗണേശ്‌കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദ്ദേശം വാട്‌സാപ് വഴി നൽകി.

അഴിമതി തടയുകയെന്ന ലക്ഷ്യമിട്ട് മൂന്ന് മാസം കൂടുമ്പോൾ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി തയാറാക്കുന്ന പട്ടിക ഗതാഗത കമ്മിഷണർ ഉത്തരവായി ഇറക്കുന്നതാണ് രീതി. ഗണേശ്‌കുമാറും ശ്രീജിത്തും തമ്മിൽ പരസ്യ വാക്കുതർക്കം ഉണ്ടായ ശേഷം കമ്മിഷണറുടെ ആദ്യ സ്ഥലം മാറ്റ ഉത്തരവാണിത്.

എല്ലാ സേവനങ്ങളും ഓൺലൈനിൽ ആയതിനാൽ ചെക്ക് പോസ്റ്റുകൾ പാടില്ലെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാതെയാണ് കേരളത്തിൽ അവ അഴിമതി കേന്ദ്രങ്ങളായി തുടരുന്നത്. ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളിലേക്ക് പുനർ വിന്യാസം നടത്തുമെന്ന തീരുമാനവും നടപ്പായില്ല.

നേരത്തെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമീഷണർ എസ്. ശ്രീജിത്തിനെ മന്ത്രി കെ.ബി. ഗണേശ് കുമാർ പരസ്യമായി ശാസിച്ചതോടയാണ് ഇരുവരും തമ്മിൽ അകന്നത്. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിലാണ് സംഭവം. ഏപ്രിലിൽ സെന്ററുകൾ തുടങ്ങണമെന്ന കേന്ദ്രനിർദ്ദേശം സംസ്ഥാന സർക്കാർ ഉത്തരവായി ഇറങ്ങാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. വിശദീകരിക്കാൻ കമീഷണർ ശ്രമിച്ചെങ്കിലും മന്ത്രി അനുവദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്തത്തോടെയോ തുടങ്ങാമെന്നാണ് വ്യവസ്ഥ.

മന്ത്രിയുടെ വിമർശനത്തിന് ഇതിന് ശേഷം ശ്രീജിത്തിന് മറുപടി പറയാനുള്ള അനുമതി മന്ത്രി നൽകിയതുമില്ല. ഇത് വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോഴായിരുന്നു സംഭവം. ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. യോഗം കഴിഞ്ഞ് കമ്മീഷണർ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്.

അതേസമയം, കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ൽ തുടങ്ങുമെന്ന് പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിന് നൽകിയെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും തീരുമാനം ബാധിക്കുമെന്നതിനാൽ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച ശേഷം അവർ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിർദ്ദേശം.

എന്നാൽ അത് സർക്കാരിനു ബാധ്യതയാകുമെന്നും കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ആർക്കും വരാവുന്ന രീതിയിൽ കരാർ വിളിക്കുന്നതാണ് നല്ലതെന്നുമായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചത്. പിന്നീട് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എന്നാൽ ഇതിൽ ഇപ്പോഴും അന്തിമ തീരുമാനമാനം ആയിട്ടില്ല.

മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നിരന്തര വിവാദങ്ങളിലാണ് ഗണേശ് കുമാർ ചെന്ന് ചാടുന്നത്. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും, എന്നാൽ കെഎസ്ആർടിസി വാർഷിക റിപ്പോർട്ടിൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്തതോടെ ബിജു പ്രഭാകറുമായി മന്ത്രി ഇടഞ്ഞിരുന്നു. ഇതോടെയാണ് ബിജു പ്രഭാകർ പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയാണ് എസ് ശ്രീജിത്തുമായും മന്ത്രി കൊമ്പുകോർത്തത്.