തിരുവനന്തപുരം: സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്ത യുവാവിനോടാണ് പൊലീസിന്റെ മനുഷ്യപറ്റില്ലായ്മ. ഒരു വർഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ശ്രീജിത്തിന്റെ വസ്ത്രങ്ങളും വായിക്കാൻ കൊണ്ടുവന്ന പുസ്തകങ്ങളും കൊണ്ട് പോയാണ് പൊലീസ് പക വീട്ടുന്നത്. കഴിഞ്ഞ ദിവസം ചെങ്ങറ സമരസംഘം കെട്ടിയിരുന്ന സമരപന്തൽ പൊളിക്കുന്നതിനൊപ്പമാണ് പൊലീസ് ശ്രീജിത്തിന്റെയടുടുത്തും എത്തിയത്. ഉടനെ തന്നെ ശ്രീജിത്തിന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കുകയായിരുന്നു. ചോദിച്ചപ്പോൾ എ.ആർ ക്യാമ്പിലെ പൊലീസുകാരാണെന്നാണ് പറഞ്ഞത്. കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പൊലീസുകാർ ഇങ്ങനെ ചെയ്തതെന്നാണ് ശ്രീജിത്ത് ആരോപിക്കുന്നത്.

സമരപന്തലിൽ ശ്രീജിത്ത് സമരമിരിക്കാൻ തുടങ്ങിയ ശേഷം സമയം പോകാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ് വായിക്കാനായി പുസ്തകങ്ങൾ കൊണ്ട് വന്നത്. ഇതുൾപ്പടെ തിരികെ വാങ്ങാനായി എ.ആർ ക്യാമ്പിൽ എത്തിയപ്പോൾ അവ കത്തിച്ചു കളഞ്ഞു എന്ന മറുപടിയാണ് അവിടുത്തെ പൊലീസുകാർ നൽകിയത്. ഇവിടെ കൊണ്ടുവരുന്ന സധനങ്ങൾ അങ്ങനെ സൂക്ഷിക്കാറില്ലെന്ന മറുപടിയും നൽകി. തുടർന്ന് ചില മാദ്ധ്യമങ്ങൾ ഈ വാർത്ത നൽകിയപ്പോൾ പൊലീസുകാർ ശ്രീജിത്തിനെ ബന്ധപ്പെടുകയും തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും കത്തിച്ചിട്ടില്ലെന്നും അവ ഇവിടെ തന്നെ ഉണ്ടെന്നും അറിയിക്കുകയായിരുന്നു.

ഇതിനൊപ്പം സെക്രട്ടറിയേറ്റിന് മുന്നിൽ വരുമാനമാർഗ്ഗമുണ്ടാക്കാൻ കപ്പലണ്ടി കച്ചവടവും നടത്തുമായിരുന്നു. ഇതും തടഞ്ഞു. സമരെ ചെയ്യാൻ വന്നവൻ അതു ചെയ്താൽ മതി. കപ്പലണ്ടി വിൽക്കേണ്ടെന്നായിരുന്നു ഭീഷണി. അങ്ങനെ വരുമാനവും ഇല്ലാതായി. ആരോടും പരാതി പറഞ്ഞിട്ട് കാര്യമില്ലാത്തതിനാൽ പരിഭവങ്ങൾ ഉള്ളിലൊതുക്കി സമരം തുടരുകയാണ് ശ്രീജിത്ത്. സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ഒരു വർഷത്തോളമായി സെക്രട്ടേറിയേറ്റ് പടിക്കൽ പകൽ നിരാഹാരമിരിക്കുകയാണ് ശ്രീജിത്ത്. നെയ്യാറ്റിൻകര വഌത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻരമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്.

ശ്രീജിവിന്റെ മരണമൊഴി പോലും പൊലീസ് തടഞ്ഞുവെന്നും പൊലീസ് കസ്റ്റഡിയിൽ പൊലീസ് നിഷ്‌കരുണം മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിക്കുന്നു. ശ്രീജിവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് തന്നെയാണ് വിളിച്ചുവരുത്തിയ ശേഷം ശ്രീജിവിനെ പൊലീസിനു ഒറ്റുകൊടുത്തതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. പെൺകുട്ടിയുടെ ചില ബന്ധുക്കൾ പൊലീസിലാണെന്നും ഇവരുടെ ഇടപെടലോടെയാണ് കൊല നടന്നതെന്നും കുടുംബം ആരോപിച്ചിരുന്നു.

പൊലീസിൽ നിന്നും ക്രൂര മർദ്ദനമേറ്റെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലും അവർക്കനുകൂലമായാണ് എഴുതിയതെന്നും ആരോപണമുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് തന്റെ ആവശ്യമെന്നും സഹോദരൻ ശ്രീജിത്ത് പറയുന്നു. ഇതു സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെല്ലാം പല തവണ പരാതി നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായില്ലെന്നും ശ്രീജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ പിണറിായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ശ്രീജിത്ത് പുതിയ പരാതി നൽകിയിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് ഇപ്പോൽ തനിക്കുള്ളതെന്നും ശ്രീജിത്ത് പറയുന്നു. തന്റെ പരാതി മുഖ്യമന്ത്രി ക്ഷമാപൂർവ്വം കേൾക്കുകയും ചെയ്തുവെന്നും സെക്രട്ടേറിയറ്റിലെ തന്നെ ചില ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ച് ഉടൻ തന്നെ പ്രശ്‌നങ്ങൾ അവസാനിക്കുമെന്നുമാണ് കരുതുന്നതെന്നും ശ്രീജിത്ത് പറയുന്നു. കഴിഞ്ഞ മാസം നാലിനാണ് ശ്രീജിത്ത് മുഖ്യമന്ത്രി പിമരായി വിജയന് പരാതി നൽകിയത്.തന്റെ സഹോദരന്റെ മരണത്തിനുത്തരവാദികളയവരെ നിയമത്തിനുമുന്നിൽ കൊണ്ട്വരാനാകും എന്നു തന്നെയാണ് ശ്രീജിത്തിന്റെ പരാതി.