തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിക്ക് എതിരെ ഡോ. അരുൺ കുമാർ നടത്തിയ ജാതി അധിക്ഷേപത്തിൽ വിവാദങ്ങൾ കത്തുന്നതിനിടെ വിഷയത്തിൽ ട്വന്റിഫോറിന് പങ്കില്ലെന്ന് വ്യക്തമാക്കി ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ. ്അരുൺ കുമാർ ഇപ്പോൾ യൂണിവേഴ്‌സിറ്റിയിലെ സ്വതന്ത്ര അദ്ധ്യാപകനാണെന്നും അദ്ദേഹത്തിന് സ്വന്തം അഭിപ്രായങ്ങൾ പറയാൻ സ്വതന്ത്ര്യമുണ്ടെന്നും പറഞ്ഞ ശ്രീകണ്ഠൻ നായർ അരുണിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമാക്കി.

സംസ്ഥാനം പാചകശ്രേഷ്ഠ എന്ന ബഹുമതി നൽകി ആദരിച്ച പാചക വിദഗ്ധനായ പഴയിടം മോഹനൻ നമ്പൂതിരിയെ അധിക്ഷേപിക്കുന്ന രീതിയിൽ ചാനലിലെ മുൻ അവതാരകനായ ഡോ. അരുൺ കുമാർ ഫേസ്‌ബുക്കിൽ എഴുതിയ പ്രസ്താവനയുമായി ചാനലിന് ഒരു ബന്ധവുമില്ലെന്നാണ് ശ്രീകണ്ഠൻ നായർ വിശദീകരിച്ചത്. . 24 ന്യൂസ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഴയിടം നമ്പൂതിരിയുടെ വിവാദവുമായി ബന്ധപ്പെട്ട് പല ആളുകളും ചോദിക്കുന്നത് 24ന് ബന്ധമുണ്ടോ എന്നാണ്. ഡോ. അരുൺ കുമാർ ഫേസ്‌ബുക്കിൽ എഴുതിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യങ്ങൾ. എന്നാൽ അതുമായി 24ന് ബന്ധമില്ല. അരുൺ കുമാർ യൂണിവേഴ്‌സിറ്റിയിലെ ഒരു സ്വതന്ത്ര അദ്ധ്യാപകനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്.

പഴയിടം മോഹനൻ നമ്പൂതിരിയോട് അരുൺ കുമാർ എടുത്ത നിലപാട് ശരിയല്ലെന്നാണ് 24ന്റെ അഭിപ്രായം. കാരണം ഇത്രയേറെ കലോത്സവങ്ങളെ ഊട്ടിയുറക്കിയ ഒരാൾ ഇത്രയേറെ കുട്ടികൾക്ക് ഭക്ഷണം വച്ചുകൊടുത്ത ഒരാൾ കോഴിക്കോട് കലോത്സവം ഉപ്പെടെ വലിയ വിജയകരമായി പൂർത്തിയാക്കാൻ പണിയെടുത്ത ഒരാളിനെ ഇങ്ങനെ വേദനിപ്പിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ് ഞങ്ങൾ

കുട്ടികൾക്ക് ഏത് ഭക്ഷണം വിളമ്പണമെന്നത് ആത്യന്തികമായി തീരുമാനിക്കേണ്ടത് കുട്ടികൾ തന്നെയായിരിക്കണം . അതുകൊണ്ട് കുട്ടികളുടെ ഒരു സർവെ നടത്തിയായിരിക്കണം അതിലൊരു തീരുമാനം എടുക്കേണ്ടത്. 24ന് വിഷയത്തിൽ ഉത്തരവാദിത്തമുണ്ടെന്ന തലത്തിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രതികരണം നടത്തുന്നത്' ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
--
കലോത്സവം പൊടിപൊടിക്കുന്നതിനിടെ, മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കുന്ന പോസ്റ്റ് വിവാദമായിരുന്നു. 24 ന്യൂസിന്റെ മുൻ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററും, കേരള സർവകലാസാല പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അദ്ധ്യാപകനുമായ അരുൺ കുമാറാണ് പോസ്റ്റിട്ടിരിക്കുന്നത്. കലോത്സവത്തിലും, ഭക്ഷണത്തിലും ജാതി കയറ്റി തമ്മിൽ വെറുപ്പിക്കുന്നത് എന്തിനെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. അരുണിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പോസ്റ്റുകൾ വന്നിരുന്നു.

അരുൺ കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:

ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

വിഷയത്തിൽ അരുൺകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ അമർഷം പുകയുകയാണ്. അരുൺകുമാറിനെതിരെ കേസെടുക്കണമെന്ന പരാതി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കിട്ടിയിട്ടുണ്ട്. ജാതി പറഞ്ഞ് ഒരാളുടെ തൊഴിൽ നിഷേധിക്കുക, ജാതീയമായ വേർതിരിവ് സമൂഹത്തിൽ ഉണ്ടാക്കി കലാപത്തിന് ശ്രമിക്കുക എന്നിവ കാട്ടിയാണ് അരുൺകുമാറിന് എതിരെ സ്വദേശി ജാഗരൺ ബഞ്ച് യൂത്ത് വിങ് സംസ്ഥാന കൺവീനർ യുവരാജ് ഗോകുൽ പരാതി നൽകിയത്.

ഈ പരാതിയിൽ പുരോഗതിയുണ്ടെന്ന് യുവരാജ് ഗോകുൽ പോസ്റ്റ് ചെയ്തു. അരുൺ കുമാറിനെതിരെ നൽകിയ പരാതിയിൽ പുരോഗതിയുണ്ട്.... DGP ഓഫീസിൽ നിന്നും ആവശ്യമായ നടപടികൾക്ക് ഫോർവേർഡ് ചെയ്തു.... സൈബർ സെല്ലിൽ എത്തി.... അവിടന്ന് സിറ്റി കമ്മീഷണറുടെ മുന്നിലുണ്ട്.... നമുക്ക് നോക്കാം പൊലീസ് അന്വേഷിച്ച് എന്താണ് കണ്ടെത്താൻ പോകുന്നതെന്ന്...

അതേസമയം, ഇടതുപക്ഷ സഹയാത്രികനാണ് അരുൺകുമാറിന് എതിരെ പൊലീസ് കാര്യമായ നടപടിക്ക് മുതിരുമോ എന്ന കാര്യത്തിലും സോഷ്യൽ മീഡിയയിൽ പലരും സംശയം ഉയർത്തുന്നുണ്ട്.

ബ്രാഹ്‌മണനായതിനാലാണ് പഴയിടം മോഹനൻ നമ്പൂതിരി കലോത്സവത്തിൽ മാംസാഹാരം ഒരുക്കാത്തത് എന്ന വിധത്തിൽ ഉയർന്ന പരാമർശങ്ങളാണ് സ്‌കൂൾ കലോത്സവ പാചകപ്പുരയിൽ നിന്ന് വിടവാങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിവാദം കാര്യമാക്കുന്നില്ലെന്നും മെനു തീരുമാനിക്കുന്നത് സർക്കാരാണെന്നുമാണ് വിവാദങ്ങളോട് പഴയിടം ആദ്യം പ്രതികരിച്ചത്.

എന്നാൽ, കലോത്സവം അവസാനിച്ചശേഷം ഞായറാഴ്ച കലോത്സവ അടുക്കളയിൽനിന്ന് താൻ എന്നേക്കുമായി പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നെ മോശമാക്കുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ വന്നു. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്കുശേഷം കലോത്സവ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്-പഴയിടം പറയുന്നു.

ഇനിമുതൽ കലോത്സവങ്ങളിൽ ടെൻഡർ നൽകില്ലെന്നു തീരുമാനിച്ചു. തൃശ്ശൂരിൽ ഈ മാസം ഒടുവിൽ നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സ്‌കൂൾ ശാസ്ത്രമേളയിൽ പാചകം ഏറ്റിരുന്നു. എന്നാൽ, അതിനില്ലെന്ന് സംഘാടകരെ അറിയിച്ചുകഴിഞ്ഞു. വർഗീയത ഭക്ഷണത്തിലേക്ക് കൊണ്ടുവരുകയും പാചകംചെയ്യുന്നവരുടെ ജാതിവരെ ചർച്ചചെയ്യുകയും ചെയ്തിരിക്കുന്നു. വിവാദങ്ങൾക്കുപിന്നിൽ ചില അജൻഡകളുണ്ട്. അതൊക്കെ വിശാലമായി ചർച്ചചെയ്യേണ്ട വിഷയങ്ങളാണ്. കലോത്സവം ആരംഭിച്ച് രണ്ടാംദിനംമുതൽ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നിയിരുന്നു. അതോടെ രാത്രിയിൽ അടുക്കളയ്ക്ക് കാവലിരിക്കേണ്ടിവന്നു-പഴയിടം പറയുന്നു.

ഭക്ഷണത്തിൽ അരുതാതത്ത് കലർത്താൻ ആരെങ്കിലും ശ്രമിക്കുമോ എന്ന ഭയം തനിക്കുണ്ടായിരുന്നുവെന്ന് പറയാതെ പറയുകയാണ് പഴയിയടം. അത്രയും വർഗ്ഗീയ വിഷമാണ് ചീറ്റിയത്. ഇതെല്ലാം വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. കലോൽസവത്തിൽ നിന്നും പഴയിടത്തെ ഒഴിവാക്കാനുള്ള തന്ത്രം.

എന്നും സർക്കാർ എനിക്ക് പിന്തുണ നൽകിയിട്ടുണ്ട്. ആരോടും വിരോധമില്ല. സർക്കാർ സസ്യേതര ഭക്ഷണം കൊടുക്കുന്നതിൽ എതിർപ്പുമില്ല. കുട്ടികളുടെ മനസ്സിൽപ്പോലും ഇത്തരം ജാതീയചിന്തകൾ ചർച്ചചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നത് ഗുണകരമല്ല. രോഗകാരണം കണ്ടെത്താതെയുള്ള മരുന്നു നൽകലാണിപ്പോഴെന്ന് തോന്നിപ്പോകും. കേരളത്തിന്റെ പോക്ക് എങ്ങോട്ടെന്നതിൽ ഭീതി തോന്നുന്നു. എന്നെക്കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാധ്യമങ്ങളും ചിന്തിച്ചാൽമതി.

സസ്യേതരഭക്ഷണം കലോത്സവ വേദികളിൽ ഉൾപ്പെടുത്തില്ലെന്നു വന്നാൽ മടങ്ങിയെത്തുമോ എന്ന് ചോദിച്ചാൽ അതിനുമുണ്ട് മറപുടി. ഒരുപക്ഷേ, ഉണ്ടായേക്കാം. വെജ് ഭക്ഷണം തയ്യാറാക്കുന്നതിൽ ഞാനൊരു യൂണിവേഴ്‌സൽ ബ്രാൻഡാണെന്ന വിശ്വാസത്തിൽ രണ്ടാമതൊന്ന് ആലോചിച്ചുമാത്രം തീരുമാനമെടുക്കും-പഴയിടം പറയുന്നു. കേരളത്തിലെ മാറിയ സാഹചര്യത്തിൽ അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയമുണ്ട്. ഇതുവരെ ഏകദേശം രണ്ട് കോടിയിലേറെ ആളുകളെ ഊട്ടിയിട്ടുണ്ട്. അവരുടെ അനുഗ്രഹം മാത്രം തനിക്ക് മതിയെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.