- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിരസിച്ചെങ്കിൽ കത്തെഴുതി അറിയിക്കണമായിരുന്നു; അതിന് തന്തയ്ക്ക് പിറക്കണം; തന്തയ്ക്ക് പിറന്നതു കൊണ്ടാണ് സത്യം പറയാൻ തനിക്ക് കഴിയുന്നത്; സച്ചിദാനന്ദന്റെ 'ക്ലീഷേ' പരാമർശത്തിൽ കൂടുതൽ പ്രകോപിതനായി ശ്രീകുമാരൻ തമ്പി; കേരള ഗാന വിവാദം അതിരൂക്ഷം
തൃശ്ശൂർ: കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ എത്തുമ്പോൾ വിവാദം പുതിയ തലത്തിൽ. ശ്രീകുമാരൻ തമ്പിയുടെ വരികൾ 'ക്ലീഷെ' എന്ന് പറഞ്ഞ് അപമാനിച്ചതാണ് പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തിയ്യത്. ഹിന്ദു സംഘടനയുടെ അവാർഡ് വാങ്ങിയതാണ് തന്റെ പാട്ടു തള്ളാൻ കാരണമെന്ന് ശ്രീകുമാരൻ തമ്പി ആരോപിച്ചു. പാട്ട് അംഗീകരിച്ചില്ലെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അത് നിഷേധിച്ച് സച്ചിദാനന്ദൻ എത്തുന്നത്. ഇതോടെ അക്കാദമിയിൽ ഒന്നും വ്യവസ്ഥയില്ലെന്ന് വ്യക്തമാകുകയാണ്.
ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞ അക്കാദമി അധ്യക്ഷൻ പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നും പറഞ്ഞു. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകുമെന്നും സച്ചിദാനന്ദൻ വിശദീകരിച്ചു.
ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിർദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് കടന്നാക്രമണവുമായി ശ്രീകുമാരൻ തമ്പി എത്തിയത്. കടുത്ത വിമർശനമാണ് ശ്രീകുമാരൻ തമ്പി ഉയർത്തുന്നത്.
തന്നെ ആരും ഒന്നും അറിയിച്ചില്ലെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ക്ലീഷേ എന്ന പ്രയോഗം തന്നെ അപമാനിച്ചു. ഗാനം നിരസിക്കാം. പക്ഷേ അത് അറിയിക്കണമായിരുന്നു. അത് കത്തിലൂടെ അറിയിക്കണമായിരുന്നു. അങ്ങനെ കത്തെഴുതാൻ തന്തയ്ക്ക് ജനിക്കണം. ഞാൻ തന്തയ്ക്ക് പിറന്നതു കൊണ്ട് ഏത് സത്യവും പറയും. ആരേയും ഭയവുമില്ല. സച്ചിദാനന്ദന് തന്റെ പേരിന്റെ അർത്ഥം പോലും അറിയില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞിരുന്നു. വസ്തുതകൾ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പറഞ്ഞു.
അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് സച്ചിദാനന്ദൻ ക്ലീഷേ പരാമർശവുമായി വിഷയം ആളിക്കത്തിച്ചത്. ഇത് സർക്കാരിനും തലവേദനയായി മാറും.
സർക്കാരിന് വേണ്ടി കേരള ഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അപമാനിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ ആരോപണത്തോട് പ്രതികരിച്ച് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ അപ്രതീക്ഷിതമായാണ് രംഗത്ത് വന്നത്. കേരള ഗാനം തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനം ആ കമ്മിറ്റി നിരാകരിച്ചു. പാട്ട് നിരകാരിച്ച കാര്യം ശ്രീകുമാരൻ തമ്പിയെ അക്കാദമി സെക്രട്ടറി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ഗാനങ്ങളോട് ആദരവുള്ള വ്യക്തിയാണ് താൻ. ഇത് ഒരാളുടെ തീരുമാനമല്ല, മറിച്ച് ഒരു കമ്മിറ്റിയുടെ തീരുമാനമാണ്. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റിയിൽ ഒരാൾക്കും അംഗീകരിക്കാൻ തോന്നിയില്ല. എല്ലാവർക്കും പാടാൻ കഴിയുന്ന ലളിതമായ ഗാനമല്ല എന്നതുൾപ്പടെ നിരവധി കാരണങ്ങൾ കൊണ്ടാണ് ആ ഗാനം നിരാകരിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെയല്ല, ആ പ്രത്യേക ഗാനത്തെയാണ് നിരാകരിച്ചത് എന്ന് സച്ചിദാനന്ദൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗം ആണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ചില മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടിരുന്നു. ശ്രീകുമാരൻ തമ്പി പാട്ടിൽ മാറ്റം വരുത്തിയില്ല. അതിനെ തുടർന്ന് ബി കെ ഹരി നാരായണന്റെ പാട്ടാണ് ചില തിരുത്തുകൾ വരുത്തി സ്വീകരിച്ചത്. ഹരിനാരായണനെയും ബിജിപാലിനെയും വിളിച്ച് സംഗീതം ചേർക്കും. ശേഷം പാട്ട് കമ്മിറ്റിക്ക് മുനിൽ വയ്ക്കും. ഹരിനാരായണനാണ് സംഗീതം നൽകാൻ ബിജി പാലിനെ ശുപാർശ ചെയ്തത് എന്നും സച്ചിദാനന്ദൻ പറഞ്ഞു. തുടർച്ചയായി അക്കാദമിക്ക് നേരെയുണ്ടാകുന്ന വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയമുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രീകുമാരൻ തമ്പി ആരോപണമുന്നയിച്ചത്. കെ സച്ചിദാനന്ദനും അക്കാദമി സെക്രട്ടറി അബൂബക്കറും ഗാനം എഴുതാൻ ആവശ്യപ്പെട്ടുവെന്നും പിന്നീട് എഴുതി കൊടുത്ത ഗാനം മാറ്റിയെഴുതാൻ ഇരുവരും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുത്തി കൊടുത്ത ഗാനം സ്വീകരിച്ചോ ഇല്ലയോ എന്നറിയിച്ചില്ല. പിന്നെ കണ്ടത് കവികളിൽ നിന്ന് കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും ശ്രീകുമാരൻ തമ്പി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
മൂവായിരത്തിലധികം പാട്ടുകളെഴുതിയ തനിക്ക് കെ സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നുവെന്നുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.