ന്യൂഡൽഹി: ചൈനയുടെ 'ശ്രീലങ്കൻ' മോഹം പൊളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള എല്ലാ സഹായവും ഇന്ത്യയൊരുക്കും. ഇന്ത്യയുടെ തന്ത്രപമായ പങ്കാളിയായിരുന്ന ശ്രീലങ്കയെ അടർത്തിയെടുത്ത് കൂടെ നിർത്താൻ ചൈന പലതും ചെയ്തു. വാഗ്ദാന പെരുമഴ നൽകി. അവസാനം ശ്രീലങ്കയുടെ തകർച്ചയാണ് കണ്ടത്. ഈ സാഹചര്യത്തിലും ഇന്ത്യ ആശ്വാസമാകും.

ചൈനയുമായുള്ള ഇടപാടുകളിൽ കൈപൊള്ളിയ ശ്രീലങ്കയ്ക്ക് മോദിയെയും ഇന്ത്യയെയും വിശ്വാസമാണ്. കടം നൽകി സ്വത്ത് പിടിച്ചെടുക്കുന്ന ചൈനയുടെ കുബുദ്ധി ഇന്ത്യയ്ക്കില്ലെന്ന വിശ്വാസത്താലാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കണമെന്ന അഭ്യർത്ഥനയുമായി ശ്രീലങ്ക അദാനിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യം ഇന്ത്യ സന്ദർശിച്ച ശ്രീലങ്കയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രി ഹരിൻ ഫെർണാണ്ടോ ആണ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി മോദിയും ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി.

വിഴിഞ്ഞം തുറമുഖം നിർമ്മിക്കുകായണ് അദാനി പോർട്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ തുറമുഖങ്ങളിൽ എല്ലാം അദാനിയുടെ പങ്കാളിത്തം ഉണ്ടാക്കുന്നതാകും ശ്രീലങ്കയുമായുള്ള ചർച്ചകൾ. വിമാനത്താവളം ഏറ്റെടുക്കുന്നത് ആദ്യ പടിയാണ്. തിരുവനന്തപുരം വിമാനത്താവളവും നടത്തുന്നത് അദാനിയുടെ കമ്പനിയാണ്. ശ്രീലങ്കയിലെ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദാനിയുമായി ചർച്ച നടത്തിയതായും ഹരിൻ ഫെർണാണ്ടോ പറഞ്ഞു.

കൊളംബോയിലെ സുപ്രസിദ്ധമായ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഏറ്റെടുത്ത് നടത്താനാണ് അദാനിയോട് ശ്രീലങ്ക ആവശ്യപ്പെടുന്നത്. ശ്രീലങ്കയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന സോളമൻ ബണ്ഡാരനായകെയുടെ പേരിൽ 1970ൽ ആരംഭിച്ച ഈ വിമാനത്താവളം ശ്രീലങ്കയിലേക്കുള്ള അന്തരാഷ്ട്ര പ്രവേശനകവാടമായാണ് അറിയപ്പെടുന്നത്. കൊളംബോയിൽ തന്നെയുള്ള രത്മലാനാ , മറ്റാല എന്നിവയാണ് മറ്റ് രണ്ട് വിമാനത്താവളങ്ങൾ. ഇതിൽ രത്മലാന ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളം എന്നാണ് ഫോബ്‌സ് മാസിക വിശേഷിപ്പിച്ചത്. ഏറ്റവും കുറവ് വിമാനങ്ങൾ പ്രവർത്തിക്കുന്ന വിമാനത്താവളമാണിത്.

സാമ്പത്തികപ്രതിസന്ധിക്ക് ശേഷം ശ്രീലങ്ക ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണ്. പ്രധാനമായും ശ്രീലങ്കയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ടൂറിസം വീണ്ടും വിപുലമാക്കുകയാണ് ലക്ഷ്യം. പക്ഷെ കയ്യിൽ പണമില്ല. ഇനി ചൈനയുമായുള്ള സഹകരണം ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രീലങ്കൻ ശ്രമം.

450 കോടി ഡോളർ ആണ് അന്ന് ചൈനയിൽ നിന്നും കടമായി വാങ്ങിയത്. തിരിച്ചടവ് മുടങ്ങിയപ്പോൾ ഹംബൻടോട്ട എന്ന പ്രധാനതുറമുഖം ചൈനയുടെ കൂടി സംയുക്ത ഉടമസ്ഥതയിലാണ്. 99 വർഷത്തേക്ക് ഇത് ചൈനയ്ക്ക് വാടകയ്ക്ക് കൊടുക്കേണ്ടിവന്നു.