തിരുവനന്തപുരം: സ്പീക്കറായിരുന്ന കാലത്ത് ഔദ്യോഗിക വസതിയിൽ ശ്രീരാമകൃഷ്ണൻ മദ്യപാന സദസ് സംഘടിപ്പിച്ചിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സി പി എമ്മിനേയും, ഡിവൈഎഫ് ഐയേയും ഒരു പോലെ വെട്ടിലാക്കിയിരിക്കയാണ്. ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സ്വപ്നയുടെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സ്വപ്നയുടെപുതിയ വെളിപ്പെടുത്തലുകൾ. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർ തന്നെ ലൈംഗികതക്കായി ക്ഷണിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു .

സ്പീക്കറുടെ ഔദ്യോഗിക വസതിയുടെ പേര് 'നീതി ' എന്നാണ്. ഈ വീട്ടിലിരുന്നാണ് സകല അനീതിയും കൊള്ളരുതായ്മകളും ശ്രീരാമകൃഷ്ണൻ കാണിച്ചു കൂട്ടിയത് . ഇങ്ങനെ ഔദ്യോഗിക വസതിയിലിരുന്ന് കുടിച്ചു കൂത്താടി നടന്ന ഈ വിപ്ലവകാരി, ലഹരിക്കെതിരായുള്ള സർക്കാർ പരിപാടിയായ ' വിമുക്തി 'യുടെ പ്രധാന പ്രചാകരനായിരുന്നു. എക്‌സൈസ് വകുപ്പും വിപ്ലവ തീപ്പന്തങ്ങളായ ഡിവൈഎഫ്‌ഐക്കാരും ചേർന്ന് നാടൊട്ടുക്കും നടത്തിയ വിമുക്തി പ്രചരണ പരിപാടികളുടെ സ്ഥിരം ഉദ്ഘാടകനായിരുന്നു ശ്രീരാമകൃഷ്ണൻ . കമ്യൂണിസ്റ്റുകാരുടെ സ്വഭാവത്തിന്റെ മുഖമുദ്രയായ ഇരട്ടത്താപ്പിന്റെ അപ്പോസ്തലൻ. യാതൊരു ലജ്ജയുമില്ലാതെ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമെതിരെ ശ്രീരാമകൃഷ്ണൻ പൊതു ഇടങ്ങളിൽ ഘോര ഘോരം പ്രസംഗങ്ങൾ നടത്തി സഖാക്കളെ രോമാഞ്ചം കൊള്ളിച്ചു. മലപ്പുറം നഗരസഭയിൽ വിമുക്തി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തെക്കുറിച്ച് സംസ്ഥാന പബ്‌ളിക് റിലേഷൻസ് വകുപ്പ് 2019 നവംബർ 29 ന് (പി ആർഡി ) പുറത്തുവിട്ട വാർത്ത ഇങ്ങനെയാണ്

'ജീവിതത്തിൽ ലഹരി കണ്ടെത്താനായാൽ മാത്രമേ ലഹരി വസ്തുക്കൾക്കെതിരായ പ്രതിരോധം സാധ്യമാവൂ എന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വിമുക്തി 90 ദിന തീവ്രയത്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമ വസ്തുക്കളിൽ നിന്ന് മാറി ആനന്ദം കണ്ടെത്താനുള്ള മേഖലകൾ തിരിച്ചറിയാനാവണം. ലഹരി വസ്തുക്കൾക്ക് അടിമകളാവുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്. സമൂഹത്തിന് ആത്മവിശ്വാസമുണ്ടെങ്കിൽ ലഹരിമുക്ത നവകേരളം സൃഷ്ടിക്കാനാവുമെന്നും സ്പീക്കർ പറഞ്ഞു. '- ഇങ്ങനെ ലഹരിക്കും മദ്യപാനത്തിനുമെതിരെ മുട്ടൻ പ്രസംഗങ്ങൾ നടത്തിയ വ്യക്തിയുടെ ഇരട്ട മുഖമാണ് സ്വപ്‌ന ആരോപണങ്ങൾ ഉന്നയിച്ച് തകർത്തത്. ഇതിനെതിരെ മാനനഷ്ട കേസും മുൻ സ്പീക്കർ കൊടുക്കുന്നില്ല.

2016 മുതൽ സർക്കാർ നടപ്പാക്കുന്ന വിമുക്തി പരിപാടിക്കായി 44 കോടി രൂപ ചെലവാക്കിയെന്നാണ് എക്‌സൈസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പരിപാടിക്ക് നേതൃത്വം കൊടുക്കുന്നവർ തന്നെ മദ്യപാന സദസുകൾ സംഘടിപ്പിക്കുന്നത് ഈ പദ്ധതിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാക്കി. സ്വപ്നയുടെ തുറന്നു പറച്ചിലിലൂടെ സി പി എം നേതാക്കളുടെ ഇരട്ടത്താപ്പുകൾ ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുകയാണ്. കടകംപള്ളിക്കും തോമസ് ഐസക്കിനുമെതിരേയും ഗുരുതര ആരോപണമുണ്ട്. സിപിഎമ്മും സ്വപ്‌നയുടെ ആരോപണങ്ങളിൽ പ്രതികരിക്കില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

'ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയിൽ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകൾ അയച്ചു.. ലൈംഗികതയ്ക്കായി നിർബന്ധിച്ചു. ഹോട്ടൽ ഹയാത്തിലെ മുറിയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ തനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്‌സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ ഏജൻസികളുടേയും പക്കലുണ്ട്. ഇപ്പറഞ്ഞതിൽ എന്തെങ്കിലും തെറ്റോ കളവോ ഉണ്ടെങ്കിൽ അയാൾ കേസ് കൊടുക്കട്ടെ, തെളിവുകൾ താൻ ഹാജരാക്കാമെന്നായിരുന്നു സ്വപ്നയുടെ വെല്ലുവിളി .

ശ്രീരാമകൃഷ്ണനും കടകം പള്ളിയേപ്പോലെ തന്നെയാണ് പെരുമാറിയത് - ഒരു കോളേജ് വിദ്യാർത്ഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. 'ഐ ലവ് യു' എന്നടക്കം മെസേജുകൾ നിരന്തരം അയക്കുകയും റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഇതും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങൾ ശ്രീരാമകൃഷ്ണനും മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറും താനും ശ്രീരാമകൃഷ്ണനുമൊത്ത് സ്പീക്കറുടെ ഔദ്യോഗിക വസതിയിലിരുന്ന് കള്ളുകുടിക്കുമായിരുന്നുവെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട് .