- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശിനെതിരെ ശ്രീവിദ്യയുടെ സഹോദരി രംഗത്ത്; 'വിൽപത്രം' കുരുക്കാകുമോ?
ചെന്നൈ: മന്ത്രിയായതിന് പിന്നാലെ കെബി ഗണേശ് കുമാറിനെതിരെ പഴയ ആരോപണങ്ങൾ ചർച്ചകളിലേക്ക് എത്തുന്നു. നടി ശ്രീവിദ്യയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട് മന്ത്രി ഗണേശ് കുമാറിനെതിരെ ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസം രംഗത്തു വന്നു. അച്ഛൻ ബാലകൃഷ്ണ പിള്ളയുമായി ബന്ധപ്പെട്ട വിൽപത്ര വിവാദവും വീണ്ടും ചർച്ചയാകാൻ ഇടയുണ്ട്. ശ്രീവിദ്യയുടെ കുടുംബം ഗുരുതര ആരോപണങ്ങളാണ് ഗണേശിനെതിരെ പരസ്യമായി ഉന്നയിക്കുന്നത്. കുടുംബാംഗങ്ങൾ ശ്രീവിദ്യയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി പറഞ്ഞു.
ശ്രീവിദ്യയുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേശ് കുമാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്നും അകറ്റാൻ ഗണേശ് ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. ശ്രീവിദ്യയുടെ മരണത്തിന് രണ്ടു മാസം മുമ്പു മാത്രം എഴുതിയ വിൽപ്പത്രത്തിന്റെ സാധുതയും വിജയലക്ഷ്മി ചോദ്യം ചെയ്തു. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്ക് വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേശ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വിൽപ്പത്രത്തിൽ ഇല്ലെന്നും വിജയലക്ഷ്മി പറയുന്നു.
15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപ്പത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ആരോപിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് വഴി സഹായം നൽകണമെന്ന വിൽപത്രത്തിലെ പ്രധാന നിർദ്ദേശം നടപ്പാക്കിയിട്ടില്ല. ശ്രീവിദ്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കലാക്ഷേത്രം ട്രസ്റ്റ് രൂപീകരിക്കാൻ നടപടിയുണ്ടാകണം. ചികിത്സയുടെ വിവരങ്ങൾ ബന്ധുക്കളിൽ നിന്നു മറച്ചു വച്ച ഗണേശ്, വക്കീൽ നോട്ടിസ് അയച്ചതിനു ശേഷമാണ് വിൽപ്പത്രത്തിന്റെ വിശദാംശങ്ങൾ പോലും നൽകിയത്.
സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന് ചൂണ്ടിക്കാട്ടി 2012ൽ ശ്രീവിദ്യയുടെ ബന്ധുക്കൾ ഗണേശ്കുമാറിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ശ്രീവിദ്യയുടെ വിൽപ്പത്രത്തിൽ നിർദേശിച്ച രീതിയിൽ സ്വത്തു വകകൾ ഗണേശൻ വിനിയോഗിച്ചിട്ടില്ല.സഹോദരന്റെ മക്കൾക്കായി വകയിരുത്തിയ 10 ലക്ഷം രൂപയും നൽകിയിട്ടില്ലെന്നു ശ്രീവിദ്യയുടെ സഹോദരൻ ശങ്കര രാമൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് 2015ലും സഹോദരൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു.
ശാസ്തമംഗലം സബ് രജിസ്റ്റ്രാർ ഓഫിസിൽ 2006 ഓഗസ്റ്റ് 17ന് ശ്രീവിദ്യ രജിസ്റ്റർ ചെയ്ത വിൽപത്രത്തിലാണ് മരണാനന്തരം നടപ്പാക്കേണ്ട കാര്യങ്ങളുള്ളത്. ട്രസ്റ്റ് രൂപീകരിച്ച് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ധനസഹായം, സംഗീത- നൃത്ത സ്കൂൾ തുടങ്ങണം, സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആൺമക്കൾക്കു നൽകുക എന്നീ കാര്യങ്ങളാണ് വിൽപ്പത്രത്തിലുള്ളത്. വിൽപ്പത്രം ഗണേശ് അട്ടിമറിച്ചതായി ശങ്കര രാമൻ ആരോപിച്ചു.
എന്നാൽ എംഎൽഎ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിൽപ്പത്രം തന്റെ പേരിൽ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയിൽ ഗണേശ്കുമാർ വ്യക്തമാക്കിയിരുന്നു.