തിരുവനന്തപുരം: കൂടപ്പിറപ്പിന്റെ പൊലീസ് കസ്റ്റഡിയിലെ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ മരണം വരെ നിരാഹാരസമരം ചെയ്യുന്ന ശ്രീജിത്തിന്റെ ജീവൻ അപകടാവസ്ഥയിലേക്ക്. കഴിഞ്ഞ 452 ദിവസമായി പകൽ നിരഹാരമനുഷ്ടിക്കുകയായിരുന്ന ശ്രീജിത്ത് തന്റെ സമരത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ കണ്ണ് തുറക്കാത്ത അധികാരികൾക്ക് മുന്നിൽ സമരത്തിന്റെ രൂപം തന്നെ കടുപ്പിക്കുകയാണ്. കഴിഞ്ഞ 37 ദിവസമായി മരണം വരെ നിരാഹാരമനുഷ്ടിക്കുകയാണ് ഇയാൾ. വെള്ളം മാത്രം കുടിച്ചാണ് 37 ദിവസമായി ഇയാൾ കഴിയുന്നത്.

ഇയാളുടെ അവസ്ഥ പരിതാപകരമാണെന്നറിഞ്ഞ് വാർത്ത റിപ്പോർട് ചെയ്യാനെത്തിയ ഞങ്ങളോട് സംസാരിക്കാനുള്ള ആരോഗ്യം പോലും ശ്രീജിത്തിനുണ്ടായിരുന്നില്ല.സമീപത്തുണ്ടായിരുന്ന ഒരു ട്രാഫിക് ഡ്യൂട്ടിയിലെ ഒരു പൊലീസുകാരനെ ഞങ്ങൾ വിവരമറിയിക്കുകയും ചെയ്തു.പൊലീസുകാരൻ വന്ന് കാര്യം തിരക്കിയെങ്കിലും സംസാരിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ശ്രീജിത്തിന്. കണ്ണുകളടയ്ച്ച് അയാൾ വീണ്ടും മയക്കത്തിലേക്ക് മറുകയായിരുന്നു.

തലസ്ഥാന നഗരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുന്ന ഏതൊരാൾക്കും സുപരിചിതനാണ് നെയ്യാറ്റിൻകര വ്ളാത്താങ്കര സ്വദേശിയായ ശ്രീജിത്തിനെ. കഴിഞ്ഞ 452 ദിവസമായി മഴയും വെയിലും പൊടിയുമേറ്റ് ഇവിടെ ശ്രീജിത് സമരത്തിലാണ്. സമരമെന്നു പറയുമ്പോൾ തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങളോ പാറികളിക്കുന്ന കൊടികളോ ഒന്നുമില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയോ സമര പന്തലോ ഇല്ല. ശ്രീജിത്തിന്റെ ആവശ്യം ഒന്നു മാത്രമാണ്.പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരൻ ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. അതിന് സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.

കഴിഞ്ഞ 452 ദിവസമായി ഈ ആവശ്യമുന്നയിച്ച് പകൽ നിരാഹാരമനുഷ്ടിക്കുകയായിരുന്നു 29കാരനായ ഈ യുവാവ്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് തുടങ്ങിയ സമരമാണ്. ഉമ്മൻ ചാണ്ടിക്കും അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവായിരുന്ന വി എസ്സിനും പരാതി നൽകിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. നിരാഹാരത്തിന്റേയും സഹോദരന്റെ കസ്റ്റഡി മരണത്തിലെ കുറ്റവാളികളെ പുറത്ത്കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിന്റെ വാർത്ത മറുനാടൻ മലയാളി നേരത്തെ തന്നെ റിപ്പോർട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥനമേൽക്കുകയും ചെയ്തപ്പോൾ വലിയ പ്രതീക്ഷകളോടെ ഈ യുവാവ് നേരിട്ട് അദ്ദേഹത്തെ കാണുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു.

പിന്നീട് ശ്രീജിവിന്റെ മരണത്തിന് നഷ്ട പരിഹാരമായി അനുവദിച്ച് കിട്ടേണ്ട 10 ലക്ഷം രൂപ കുടുംബത്തിന് ലഭിക്കുകയും ചെയ്തു. അപ്പോൾ കുടുംബത്തിന്റെ പ്രതീക്ഷകൾ വർധിക്കുകയാണ് ചെയ്തത്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനാകുമെന്നാണ് കുടുബവും പ്രതീക്ഷിച്ചത്. നഷ്ട പരിഹാരമല്ല തനിക്ക് പ്രധാനമെന്നും സഹോദരനെ ഇല്ലാതാക്കിയവരെ പടികൂടുകയെന്നതിലാണെന്നും ഉറച്ച് നിൽക്കുകയായിരുന്നു.മനുഷ്യാവകാശ കമ്മീഷനും, പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയും ഇതുകൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും വ്യക്തമായ ഒരന്വേഷണത്തിനായി ഇന്നുവരെ ഒരു നടപടിയുമായിയിട്ടില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തെ ഇന്നും ചിലർ വേട്ടയാടി കൊണ്ടേയിരിക്കുന്നു.

സഹോദരന്റെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കൽ പകൽ നിരാഹാരമിരിക്കുകയായിരുന്നു ശ്രീജിത്ത്. നെയ്യാറ്റിൻകര വ്‌ളാത്താങ്കര സ്വദേശി ശ്രീജിവിന്റെ മരണം സ്വാഭാവികമല്ലെന്നും മറിച്ച് പൊലീസ് നടത്തിയ കൊലപാതകമാണെന്നാണ് കുടുംബം ആദ്യം മുതൽ തന്നെ ആരോപിക്കുന്നത്. 2014 മെയ് 21നാണ് ശ്രീജിവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് മരിക്കുന്നത്.

2015 മെയ് മുതലാണ് സഹോദരൻ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയൽവാസിയായ പെൺകുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് എറണാകുളത്തേക്ക് മൊബൈൽ റിപ്പയറിംങ്ങ് ഷോപ്പിൽ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായി പോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരു സംഘം പൊലീസുകാർ വീട്ടിലേക്ക് അതിക്രമിച്ച് കടന്നു ശ്രീജിവിനെ അന്വേഷിക്കുകയായിരുന്നു. എന്താണ് കാര്യമെന്നാരാഞ്ഞ കുടുംബത്തോട് വെറും പെറ്റിക്കേസാണെന്നാണ് പൊലീസ് നൽകിയ വിശദീകരണം. ശ്രീജിവ് എത്തിയാൽ ഉടൻ തന്നെ സ്റ്റേഷനുമായി ബന്ധപ്പെടാൻ പറയണമെന്നും പറഞ്ഞ ശേഷമാണ് പൊലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്ക് ശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറിൽ വച്ച് പൊലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ അന്വേഷച്ചെങ്കിലും അവർക്ക് അറസ്റ്റിനെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടർന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്റ്റേഷനിലെ രണ്ടു പൊലീസുകാർ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയിൽ വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അറിയിച്ചു. തുടർന്ന് ആശുപത്രയിലെത്തിയപ്പോൾ കണ്ടത് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പൊലീസ് തങ്ങളുടെ അതിർത്തിയിൽ പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞ ശേഷം പൊലീസ് പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പൊലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും സഹോദരൻ ആരോപിക്കുന്നു.

ശ്രീജിവിന്റെ മരണമൊഴി പോലും പൊലീസ് തടഞ്ഞുവെന്നും പൊലീസ് കസ്റ്റഡിയിൽ പൊലീസ് നിഷ്‌കരുണം മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിക്കുന്നു. ശ്രീജിവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് തന്നെയാണ് വിളിച്ചുവരുത്തിയ ശേഷം ശ്രീജിവിനെ പൊലീസിനു ഒറ്റുകൊടുത്തതെന്നും കുടുംബം ആരോപിക്കുന്നു.തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീജിവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടുകിട്ടിയത്. പെൺകുട്ടിയുടെ ചില ബന്ധുക്കൾ പൊലീസിലാണെന്നും ഇവരുടെ ഇടപെടലോടെയാണ് കൊല നടന്നതെന്നും കുടുംബം ആരോപിക്കുന്നു.

പൊലീസിൽ നിന്നും ക്രൂര മർദ്ദനമേറ്റെങ്കിലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലും അവർക്കനുകൂലമായാണ് എഴുതിയതെന്നും ആരോപണമുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് തന്റെ ആവശ്യമെന്നും ഉന്നയിച്ചാണ് സഹോദരൻ ശ്രീജിത്ത് പകൽ നിരാഹാരമാരംഭിച്ചത്.