തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തെ കുറിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെ ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് പണം അനുവദിക്കാത്തത് കാരണം ചികിത്സ മുടങ്ങുന്നതും പതിവായെന്ന് ആരോപണം. മരുന്നുക്ഷാമ വിഷയം ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്നിരുന്നു. 67 ആശുപത്രികളിൽ സി എ ജി നടത്തിയ പരിശോധനയിൽ 62,826 സാഹചര്യങ്ങളിൽ മരുന്നുകൾ ഉണ്ടായിരുന്നില്ല. 1745 ദിവസം വരെ അവശ്യ മരുന്നുകൾ ലഭ്യമല്ലാതിരുന്ന ആശുപത്രികളും ഉണ്ട്. അവശ്യ മരുന്നുകൾ എല്ലാ ആശുപത്രികളിലും ഉണ്ടെന്നും തീർന്നെങ്കിൽ കാൽ ശതമാനം കൂടി അധികമായി നൽകുമെന്നും ആവശ്യമെങ്കിൽ പ്രാദേശികമായി കാരുണ്യ വഴി വാങ്ങി നൽകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ, കാരുണ്യ പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികൾക്കും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പണം കുടിശികയാണ്.

ചികിത്സ മുടങ്ങുന്ന സാഹചര്യം

സർക്കാർ ആശുപത്രികൾക്കായാലും, സ്വകാര്യ ആശുപത്രികൾക്കായാലും ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ചിട്ടയായി നൽകേണ്ട തുക കുടിശികയാകുമ്പോൾ ചികിത്സ മുടങ്ങുക സ്വാഭാവികം. വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്ക് സർക്കാർ നൽകാനുള്ള കുടിശിക 1353 കോടിയാണ്.

പല സ്വകാര്യ ആശുപത്രികളും പദ്ധതിയിൽ നിന്ന് പൂർണമായി പിന്മാറി. കുടിശ്ശിക ഉള്ളതിനാൽ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് ഉള്ള മരുന്നും ഇംപ്ലാന്റുകളും സർക്കാർ ആശുപത്രികളിൽ കിട്ടാത്ത അവസ്ഥയും ഉണ്ട്. ചില സ്വകാര്യ ആശുപത്രികൾ കരാർ അവസാനിക്കുന്ന മാർച്ച് വരെ പദ്ധതി തുടരും. 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് മാത്രം നൽകാൻ ഉള്ളത്.

സർക്കാർ മേഖലയിൽ ചില ചികിത്സകൾ ലഭ്യമല്ല. അത്തരം ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർ ഏറെയാണ്. സർക്കാർ ആശുപത്രികളിൽ സർജറികൾക്കും മറ്റും കാത്തിരിപ്പ് കാലം കൂടുതലാണ്. അടിയന്തര ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികൾക്കും കാരുണ്യ പദ്ധതികളിലെ കുടിശിക വലിയ തിരിച്ചടിയാണ്. സർക്കാർ ആശുപത്രികൾക്ക് പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെങ്കിലും പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് മരുന്നും ഇംപ്ലാന്റുകളും മറ്റും വാങ്ങുന്നത് സ്വകാര്യ ഫാർമസിയിലും കാരുണ്യ ഫാർമസിയിൽ നിന്നുമാണ്. വിതരണക്കാർക്ക് കോടികൾ കുടിശിക ആയതോടെ ഇപ്പോൾ അതിന്റെയും വരവില്ല.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഒരു വർഷം നൽകുന്നത്. കുടിശിക കിട്ടാതെ എങ്ങനെ ചികിത്സ നൽകുമെന്നാണ് ആശുപത്രി അധികൃതർ ചോദിക്കുന്നത്.കാരുണ്യ ബനവലന്റ് പദ്ധതിയിൽ ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിൽസാ സഹായം. കാൻസർ, ഹീമോഫീലിയ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കാണ് പ്രധാനമായും ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവർക്ക് 3 ലക്ഷം രൂപ ലഭിക്കും.

പദ്ധതികളും കുടിശികയും

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി

ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാർഡുള്ള കുടുംബത്തിന് ഒരു വർഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അർഹരല്ലാത്ത ബി.പി.എൽ. കുടുംബത്തിനും വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ള എ.പി.എൽ. കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലൂടെ 1128,69,16,163 രൂപയും കാരുണ്യ ബനവലന്റ് പദ്ധതിയിലൂടെ 189,28,42,581 രൂപയും നൽകാനുണ്ട്.

കുട്ടികളുടെ ജനന വൈകല്യങ്ങൾ, രോഗങ്ങൾ എന്നിവയ്ക്ക് ചികിൽസ ലഭിക്കുക രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ) പദ്ധതി വഴിയാണ്. ഈ പദ്ധതിയിലെ കുടിശിക 5,95,67,784. പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള ആരോഗ്യ കിരണം പദ്ധതിയിൽ കുടിശിക13,82,59,875. നവജാതശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടിക്കൾക്കുവരെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള ഹൃദ്യം പദ്ധതിയിൽ കുടിശിക 1,23,00,468. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസ് പദ്ധതിയിൽ കുടിശിക 7,31,470. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ ചികിൽസാ പദ്ധതിയായ അമ്മയും കുഞ്ഞും പദ്ധതിയിൽ കുടിശിക 7,11,46,012. ബിപിഎൽ വിഭാഗക്കാർക്ക് ക്യാൻസർ ചികിൽസയ്ക്ക് 3 ലക്ഷംരൂപവരെ ലഭിക്കുന്ന സുകൃതം പദ്ധതിയിൽ 7,72,64,123 രൂപയും കുടിശികയാണ്.