- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട 'രണ്ട് നക്ഷത്രങ്ങൾ' തന്റെ നാടകത്തിന്റെ കോപ്പിയടിയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖ്; 'അവാർഡുകൾ നിങ്ങൾ എടുത്തോളു, പക്ഷേ ഞാൻ എന്ന് ഞെളിയരുതെന്നും' റഫീഖ്; മറുപടിയുമായി മറുപക്ഷം കൂടി വന്നതോടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് വിവാദത്തിൽ
കോഴിക്കോട്: സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ട 'രണ്ടു നക്ഷത്രങ്ങൾ' തന്റെ നാടകത്തിന്റെ കോപ്പിയടിയാണെന്ന് പരോക്ഷമായി പറഞ്ഞ് പ്രമുഖ കഥാകൃത്തും നാടകരചയിതാവും തിരക്കഥാകൃത്തുമായ പി എസ് റഫീഖ്. തന്റെ ഹിമക്കരടി എന്ന നാടകം കോപ്പയടിച്ചാണ് രണ്ടു നക്ഷത്രങ്ങൾ ഉണ്ടാക്കിയതെന്ന തരത്തിലായിരുന്നു റഫീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
മികച്ച നാടകത്തിന് പുറമെ മികച്ച സംവിധായകനായി രാജേഷ് ഇരുളവും മികച്ച രണ്ടാമത്തെ നാടക കൃത്തായി ഹേമന്ദ് കുമാറും വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ നാടകത്തിനെതിരെയാണ് നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ എന്നിവയുടെ തിരക്കഥാകൃത്തുകൂടിയായ പി എസ് റഫീഖ് രംഗത്ത് വന്നത്.
'കുറച്ച് മുമ്പ് ഞാൻ ഒരു നാടകമെഴുതിയിരുന്നു. അതിപ്പൊൾ പ്രൊഫഷണൽ നാടകമായി അവാർഡുകൾ വാരിക്കൂട്ടി എന്നറിയുന്നു. ഞങ്ങൾ നാടകത്തിന്റെ അവസാന സമവാക്യമാണ് എന്ന വിചാരിക്കുന്ന അതിന്റെ ഭാരവാഹികളോട് ഒരൊറ്റക്കാര്യം. ഇത് വെറുതെ പറയുന്നതല്ല. നിങ്ങൾ നഗ്നമായി മോഷ്ടിച്ചതാണ്. അതിന് കാരണക്കാരായവരെയും എനിക്കറിയാം. ഞാൻ പ്രൊഫഷണൽ നാടകം കുറേ മുമ്പ് വിട്ടതാണ്. യഥാർത്ഥ കാരണങ്ങളും അതിനുണ്ട്. വന്നാൽ പറഞ്ഞ് തരാം. അതുകൊണ്ട് എന്റെ രക്തം നിങ്ങൾക്കെടുത്ത് വ്യഭിചരിക്കാം എന്നർത്ഥമില്ല. ഞാൻ കേസിന് പോകാത്തത് താത്പര്യക്കുറവ് കൊണ്ടാണ്. സമയമില്ലാത്തതുകൊണ്ടും. സോ.. നക്ഷത്രങ്ങൾക്കിടയിൽ സൂര്യനുണ്ട്... അവാർഡുകൾ നിങ്ങളെടുത്തോളു പക്ഷെ... ഞാൻ എന്ന് ഞെളിയരുത്. കേട്ടോടാ മൈ... '- ഇങ്ങനെയായിരുന്നു റഫീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഇതിൽ നാടകം ഏതെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ടു നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്ന് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. തുടർന്ന് വന്ന പ്രതികരണങ്ങളിൽ തന്റെ ഹിമക്കരടിയുമായി രണ്ട് നക്ഷത്രങ്ങൾക്ക് 99 ശതമാനം സാമ്യം ഉണ്ടെന്നും റഫീഖ് വ്യക്തമാക്കി.
ഇതിന് മറുപടിയുമായി ഹേമന്ദ് കുമാറും രാജേഷ് ഇരുളവും രംഗത്ത് വന്നതോടെയാണ് നാടക പ്രവർത്തകർ ചേരി തിരിഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
റഫീഖിനാവശ്യം അധാർമ്മികമായി തന്റെ കൃതി മോഷ്ടിച്ചവരെ വെളിച്ചത്തുകൊണ്ടുവരലും നീതി ലഭിക്കലും മോഷ്ടാവിനെ ശിക്ഷിക്കലുമൊക്കെയായിരുന്നുവെങ്കിൽ കുറച്ചു കൂടെ വ്യക്തമായി എഴുതുകയായിരുന്നു വേണ്ടത്. (മ യും കു യുമൊന്നും വേണ്ട തന്നെ). ഇത് ചിലരെ സംശയത്തിന്റെ നിഴലിൽ നിർത്തി അപമാനിക്കാനുള്ള തരംതാണ പരിപാടിയായിപ്പോൾ. അങ്ങനെ സംശയിക്കപ്പെടുന്ന ഒരാളാണിപ്പോ ഞാൻ. അതിന് റഫീഖ് ഒരു വ്യക്തത തരേണ്ടിവരുമെന്ന് ഹേമന്ദ് കുമാർ പറഞ്ഞപ്പോൾ ഇതിന് മറുപടിയുമായി റഫീഖ് രംഗത്ത് വന്നു. നിങ്ങൾ എഴുത്തുകാരനാണല്ലോ.. ചീഞ്ഞ ചപ്പടാച്ചി ആളുകൾ വന്ന് കമന്റ് ചെയ്യുന്നതും ചർച്ച തെറിയിലേക്ക് പോകുന്നതും തടയാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് ആർക്കും ഗുണമില്ല. അത്തരം കമന്റുകൾക്ക് മറുപടി എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. മസിലൊക്കെ ഞാൻ കുറേ കണ്ടിട്ടുണ്ട് എന്നായിരുന്നു റഫീഖ് പറഞ്ഞത്.
ഇതിനോട് രണ്ടു രക്ഷത്രങ്ങളുടെ സംവിധായകൻ രാജേഷ് ഇരുളം രൂക്ഷമായി പ്രതികരിച്ചു. 'ഓന് അങ്ങനെ ഒരു വ്യക്തത ഇല്ലാത്തതുകൊണ്ടാണല്ലോ മോഷ്ടാവിന്റെ പേര് പറയാത്തത്. പിടുക്കിനും നട്ടെല്ലിനും ഉറപ്പില്ലാത്തവർ ഇങ്ങനെ പല മൂഞ്ചിയ പരിപാടികളും ചെയ്യും. നീയല്ലേടാ മൈത്താണ്ടി നിന്റെ പോസ്റ്റിന്റെ അവസാനം തെറി ഉപയോഗിച്ചത്. നിന്റെ കുറേ ചീഞ്ഞ ചപ്പാച്ചി ആളുകളാണല്ലേടാ ഹേമന്ദ് കുമാറിനെ കള്ളനെന്നും തുപ്പല് വിഴുങ്ങി എന്നും വിളിക്കുന്നത്. ആദ്യം നീ നിന്റെ ചപ്പാച്ചികളെ തടയ്. അതിന്റെ പൂർണ ഉത്തരവാദിത്തം നിനക്കാണ്. എന്നിട്ടാവാം ചർച്ച' എന്നായിരുന്നു രാജേഷ് ഇരുളത്തിന്റെ പ്രതികരണം.
ഇതോടെയാണ് പരസ്പരമുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിയത്. വിവരം അറിയാൻ റഫീഖിനെ പലതവണ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് രാജേഷ് ഇരുളവും ഹേമന്ദ് കുമാറും വ്യക്തമാക്കുന്നു. പ്രതികരണങ്ങളെല്ലാം തന്നെ ഇരുട്ടിൽ നിർത്തി അപമാനിക്കുന്നതാണെന്നും ഹേമന്ദ് കുമാർ പറയുന്നു.
ഹിമക്കരടിയും രണ്ടു നക്ഷത്രങ്ങളും തമ്മിൽ സാമ്യമുണ്ടെന്ന് പലരും വ്യക്തമാക്കുന്നുണ്ട്. ഇതേ സമയം വള്ളുവനാട് നാദത്തിന് വേണ്ടി നാടകമെഴുതിയ പി എസ് റഫീഖ് അതിൽ പരാജയപ്പെട്ടപ്പോൾ ഹേമന്ദ് കുമാറാണ് മറ്റൊരു നാടകം എഴുതി നൽകിയതെന്നും അന്നു തുടങ്ങിയ വൈരാഗ്യമാണ് റഫീഖിനെന്നും ചിലർ കുറ്റപ്പെടുത്തുന്നുണ്ട്.
82 വയസ് പ്രായമുള്ള മത്തായിയും കോവിഡ് പ്രശ്നങ്ങളാൽ മോഷണം തെരഞ്ഞെടുക്കേണ്ടി വരുന്ന സത്യപ്രതാപനും തമ്മിലുള്ള ബന്ധമാണ് രണ്ട് നക്ഷത്രങ്ങളുടെ പ്രമേയം. തന്റെ ഒരു കള്ളൻ കഥാപാത്രമായി വരുന്ന ഒരു അരമണിക്കൂർ നാടകം മോഷ്ടിച്ചതാണ് ഈ നാടകമെന്നാണ് റഫീഖിന്റെ ആരോപണം.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.