- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യവേദിയായ വിക്രം മൈതാനിയിൽ പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന പന്തൽ; 24 വേദികളിൽ മത്സരങ്ങൾ; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ; കോഴിക്കോട്ടേക്ക് ഒഴുകി സഹൃദയർ; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ കൊടിയേറ്റം
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം നാളെ കൊടിയേറും. 3 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തെ വരവേൽക്കാൻ നഗരം തിരക്കിട്ട ഒരുക്കത്തിൽ. 24 വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ചതുപ്പ് മാറ്റുന്നതിനുള്ള നീക്കം വൈകിയും തുടരുകയാണ്.
ചതുപ്പിൽ പാറപ്പൊടി വീതറി ഈർപ്പം ഒഴിവാക്കുന്നതിനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.പ്രവേശന കവാടത്തിന്റെ അലങ്കാരപ്പണികളും അവസാന ഘട്ടത്തിലാണ്. 10000 ത്തോളം പേർക്ക് ഇരിക്കാൻ കഴിയുന്ന വിസ്തൃതമായ പന്തലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
എട്ട് ഏക്കർ വിസ്തൃതിയുള്ള മൈതാനത്ത് അറുപതിനായിരം ചതുരശ്രഅടിയിലാണ് വേദിയും പന്തലും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നത്. 40 അടി നീളവും 35 അടി വീതിയിലുമാണ് സ്റ്റേജ്. സ്റ്റേജിന്റെ ഇരുവശങ്ങളിലുമായി 100 ചതുരശ്ര അടി വിസ്തീർണത്തിൽ 14 ഗ്രീൻ റൂമുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 7എണ്ണം വീതം പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി നൽകും.
പിൻവശത്തായി 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വിശ്രമമുറിയുമുണ്ട്. വിഐപി, സംഘാടന, പ്രസ്സ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ എന്നിവർക്കുള്ള പവലിയനും വേദിക്കരികിലായി തയാറാക്കിയിട്ടുണ്ട്. കൂടാതെ പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ സേനകൾക്ക് ആവശ്യമായ സൗകര്യങ്ങളുമുണ്ട്.
മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ കാണികൾ ഇത്തവണ മത്സരം കാണാനെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ ലക്ഷണങ്ങൾ ഇന്ന് വൈകുന്നേരത്തോടെ ദൃശ്യമായി. ജനസാഗരം തന്നെ നഗരത്തിലേയ്ക്ക് ഒഴുകിയെത്തി. മാനാഞ്ചിറ, മിഠായിത്തെരുവ്, വെസ്റ്റ്ഹിൽ, പ്രദേശങ്ങളിൽ ജനത്തിരക്ക് മൂലം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയായിരുന്നു. ബീച്ചിന്റെ പരിസരത്ത് പോലും അടുക്കാൻ കഴിയാത്ത നിലയിൽ ആൾക്കൂട്ടം എത്തിയിരുന്നു.
വൈദ്യൂതി ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന മാനാഞ്ചിറ സ്്ക്വയർ കാണുന്നതിനും ജനം ഒഴുകിയെത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, പിഎ മുഹമ്മദ് റിയാസ്,വീണ ജോർജ്ജ് തുടങ്ങിയവർ വിക്രം മൈതാനിയിൽ എത്തി ഒരുക്കങ്ങൾ വിലയിരുത്തി.
കലോത്സവ വേദികളിലെ അനുഭവങ്ങൾ പങ്കിട്ടാണ് വീണ മടങ്ങിയത്. മന്ത്രിമാരായ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും ചേർന്നാണ് മീഡിയ സെന്റർ ഉൽഘാടനം ചെയ്തത്. ഇതിന് ശേഷം വേദിയും പരിസരപ്രദേശങ്ങളും ചുറ്റി നടന്ന് കണ്ട് സംഘാടകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് മന്ത്രിമാർ മടങ്ങിയത്.
മറുനാടന് മലയാളി ലേഖകന്.