കണ്ണൂർ: ധർമടം പൊലിസ് സ്റ്റേഷനിലെത്തിയ പരാതിക്കാരോട് തെരുവുഗുണ്ടയെപ്പോലെ പെരുമാറിയ മുൻ സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.വി സ്മിതേഷിനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. ഇയാളെ കൊല്ലത്താണ് ആഭ്യന്തരവകുപ്പ് നിയമിച്ചത്. കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് ധർമടം പൊലിസ് സ്റ്റേഷനിൽ മധ്യവയസ്‌കനും വൃദ്ധമാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും നേരെ ക്രൂരമായ അക്രമം കാട്ടിയത്.

സ്വകാര്യബസ് ഉടമ മമ്പറം സുനിൽകുമാറിനും മാതാവ് രോഹിണിക്കും സഹോദരങ്ങൾക്കുമാണ് മർദ്ദനുമേറ്റത്. ഇൻസ്പെക്ടർ കുടുംബത്തിനെതിരെ തെരുവുഗുണ്ടയെപ്പോലെ പെരുമാറുന്ന ദൃശ്യവും അസഭ്യം പറയുന്ന ശബ്ദവും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്. മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു സ്മിതേഷ്.

പരാതിക്കാരിയായ വയോധിക ഉൾപ്പെടെയുള്ളവരെ ഇയാൾ ചവിട്ടാനും തൊഴിക്കാനും വലിച്ചിഴച്ചു സ്റ്റേഷന്റെ മുറ്റത്തേക്ക് ആട്ടിപുറത്താക്കാനും ശ്രമിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സ്മിതേഷ് കുറ്റാരോപിതനായി മാറിയത്. എന്നാൽ ഇയാളെ രക്ഷിക്കാൻ പൊലിസിൽ നിന്നും ഉന്നതരുടെ ശ്രമങ്ങൾ തകൃതിയായി നടന്നിരുന്നുവെങ്കിലും ജനരോഷം എതിരായതിനെ തുടർന്ന് തലയൂരുകയായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പൊലിസ് മേധാവി ആഭ്യന്തര അന്വേഷണം നടത്തുകയും കുടുംബത്തിനു നേരെ മോശമായി പെരുമാറിയതിനും ഡ്യൂട്ടി സമയത്ത് മദ്യം കഴിച്ചതിനും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

എടക്കാട് റെയിൽവെ ഗേറ്റിനു സമീപം ഭാര്യവീട്ടിലായിരുന്ന സുനിൽകുമാറിനെ അന്നേ ദിവസം വൈകുന്നേരം ആറുമണിയോടെ ധർമടം പൊലിസ് സ്റ്റേഷനിൽ നിന്നെത്തിയ മൂന്ന് പൊലിസുകാർ ജീപ്പിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. രാത്രിയോടെ സ്റ്റേഷനിലെത്തിയ സ്മിതേഷ് ലാത്തി ഉപയോഗിച്ചു ഇയാളെ അതിക്രൂരമായി മർദ്ദിക്കുകയും അസഭ്യവർഷം നടത്തിയെന്നുമാണ് പരാതി. സുനിൽകുമാറിനെ തിരക്കി കുടുംബാംഗങ്ങൾ സ്റ്റേഷനിലെത്തിയപ്പോൾ അവർക്കു നേരെയും അതിക്രമം നടന്നു.

സുനിൽകുമാറിന്റെ ഹൃദ്രോഗിയായ രോഹിണിയെയും സ്റ്റേഷനു മുൻപിൽ വെച്ചു ഇൻസ്പെക്ടർ അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ടായിരുന്നു. ബന്ധുക്കൾ തലശേരി എ.സി.പി ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് എ.സി.പി മൂസവള്ളിക്കാടൻ രാത്രി തന്നെ ധർമടം പൊലിസ് സ്റ്റേഷനിലെത്തുകയും കസ്റ്റഡിയിലെടുത്തവരെ അദ്ദേഹം പറഞ്ഞയക്കുകയുമായിരുന്നു.

മീത്തലെ പീടികയിൽ നിന്നും സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള എടാട്ട് സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ നഷ്ടപരിഹാരമായി ഇരുപതിനായിരം രൂപ ഇൻസ്പെക്ടർ ആവശ്യപ്പെട്ടുവെന്നാണ് സുനിൽകുമാർ പറയുന്നത്. എന്നാൽ കാറിന്റെ ഉടമസ്ഥനുമായി സംസാരിച്ചു മൂവായിരം രൂപയ്ക്കു താൻ കേസ് ഒത്തുതീർത്തിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ സ്റ്റേഷനിലെക്ക് കൊണ്ടു പോയി മർദ്ദിച്ചതെന്നും സുനിൽകുമാർ മൊഴി നൽകിയിരുന്നു.

താൻ ഡ്യൂട്ടിയിൽ നിന്നും അവധിയായിട്ടും രഹസ്യകേന്ദ്രത്തിൽ നിന്നും മഫ്തിയിലാണ് കെ.വി സ്മിതേഷെത്തിയത്. തന്റെ ഒത്താശക്കാരായ ചിലരുമായി സംഘം ചേർന്നു മദ്യപിച്ചു മദോന്മത്താനായി സ്റ്റേഷനിലേക്ക് വന്ന ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലിസും മറ്റുള്ളവരും തടയാൻ ശ്രമിച്ചുവെങ്കിലും അഴിഞ്ഞാടുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥ പുനർവിന്യാസത്തിന്റെ മറവിലാണ് കെ.വി സ്മിതേഷിനെ ഇയാളുമായി അടുപ്പമുള്ള ചില രാഷ്ട്രീയ നേതാക്കൾ വീണ്ടും സർവീസിൽ തിരിച്ചെടുപ്പിച്ചത്.